print edition തിരിച്ചുവരാൻ യുവജർമനി

ലോകകപ്പ് ഫുട്‌ബോളിൽ നാല് തവണ ജേതാക്കളായ ജർമനിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഗ്രൂപ്പാണ് ‘ഇ’. 2014ൽ അർജന്റീനയെ തോൽപ്പിച്ച് ചാന്പ്യൻമാരായ ജർമനിക്ക് തുടർന്ന് ആ പ്രകടനത്തിന്റെ ആത്മവിശ്വാസം നിലനിർത്താനായില്ല.
ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറും ആ-്രഫിക്കൻ വന്പൻമാരായ ഐവറി കോസ്‌റ്റും നവാഗതരായ കുറസാവോയുമാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ. സമീപകാല തിരിച്ചടികളിൽനിന്ന് തിരിച്ചുവരാൻ കൊതിക്കുന്ന ജർമനിയെ മറ്റ് ടീമുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നതിന് അനുസരിച്ചായിരിക്കും ഗ്രൂപ്പിലെ സമവാക്യങ്ങൾ.
ജർമനി
റാങ്ക്: 10
21–ാം ലോകകപ്പ്
യുവനിരയുമായാണ് ജർമനിയുടെ ഒരുക്കം. ജൂലിയൻ നാഗൽസ്‌മാനാണ് പരിശീലകൻ. 1954, 1974, 1990, 2014 വർഷങ്ങളിൽ ജേതാക്കളായി. 2018ലും 2022ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. യോഗ്യതാ റൗണ്ടിൽ ആറിൽ അഞ്ചും ജയിച്ചാണ് മുന്നേറിയത്. തുടർച്ചയായ 19–ാം തവണയാണ് ലോകകപ്പിനെത്തുന്നത്. ഫ്‌ളോറിയാൻ വിറ്റ്‌സ്, കയ് ഹവേർട്‌സ്, ജോഷ്വ കിമ്മിച്ച് എന്നിവരാണ് പ്രധാന താരങ്ങൾ. പതിനെട്ടുകാരൻ ലെന്നാർട്ട് കാളും ഗോൾ കീപ്പർ ജൊനാസ് ഉർബിഗുമാണ് ശ്രദ്ധേയരായ പുതുമുഖങ്ങൾ. പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗറും ഗോൾ കീപ്പർ മാർക് ആന്ദ്രേ ടെർസ്‌റ്റെയ്‌ഗനും പരിക്കുകാരണം സംശയത്തിലാണ്.
മത്സരങ്ങൾ: ജൂൺ 14–കുറസാവോ, 20–ഐവറികോസ്റ്റ്, 25–ഇക്വഡോർ.
ഇക്വഡോർ
റാങ്ക്: 23
അഞ്ചാം ലോകകപ്പ്
അഞ്ചാമത്തെ ലോകകപ്പാണ് ഇക്വഡോറിന്. 2006ൽ പ്രീ ക്വാർട്ടറിൽ എത്തിയതാണ് ശ്രദ്ധേയ പ്രകടനം. തുടർച്ചയായ രണ്ടാം ലോകകപ്പാണിത്. കഴിഞ്ഞ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ലാറ്റിനമേരിക്കയിൽ രണ്ടാം സ്ഥാനമായിരുന്നു. സെബാസ്‌റ്റ്യൻ ബെക്കാസീസ് ആണ് പരിശീലകൻ. മോയ്‌സെസ് കയ്‌സെദോ, പിയെറോ ഹിൻകാപി, വില്ലയൻ പാച്ചോ എന്നിവരാണ് പ്രധാന കളിക്കാർ. എന്നെർ വലെൻഷ്യയാണ് പരിചയസന്പന്നനായ കളിക്കാരൻ.
മത്സരങ്ങൾ: ജൂൺ 15–ഐവറികോസ്റ്റ്, 21–കുറസാവോ, 25–ജർമനി.
ഐവറി കോസ്‌റ്റ്
റാങ്ക്: 34
മൂന്നാം ലോകകപ്പ്
ആഫ്രിക്കൻ വന്പൻമാരായ ഐവറി കോസ്‌റ്റിന്റെ മൂന്നാം ലോകകപ്പാണിത്. 2014ലാണ് അവസാനമായി ലോക വേദിയിൽ പന്ത് തട്ടിയത്. ഇതുവരെ ആദ്യ റൗണ്ട് കടക്കാനായില്ല. എമേർസെ ഫായെ ആണ് പരിശീലകൻ. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനവുമായാണ് മുന്നേറ്റം. ദിദിയർ ദ്രോഗ്‌ബയുടെയും യായ ട്യൂറെയുടെയും പിന്മുറക്കാരെ തേടുകയാണ് ഐവറി. ഫ്രാങ്ക് കെസി, ഇബ്രാഹിം സൻഗാരെ, സെക്കോ ഫൊ-ഫാന, നിക്കോളാസ് പെപെ, അമാദ ഡിയാലോ എന്നിവരാണ് പ്രധാന താരങ്ങൾ.
മത്സരങ്ങൾ: ജൂൺ 15–ഇക്വഡോർ, 20–ജർമനി, 25–കുറസാവോ.
കുറസാവോ
ആദ്യ ലോകകപ്പ്
റാങ്കിങ്:82
ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് കുറസാവോ. ഫ്രെഡ് റുട്ടെനാണ് പരിശീലകൻ. കോൺകാകാഫ് മേഖലയിൽനിന്നാണ് കുറസാവോ കുതിച്ചെത്തിയത്. ലിയാൻഡ്രോ ബകുനയാണ് ക്യാപ്‌റ്റൻ. താഹിത് ചോങ്, എലോയ് റൂം, ജൂനീന്യോ ബകുന എന്നിവരാണ് പ്രധാന താരങ്ങൾ. ഇരുപത്താറംഗ ടീമിൽ ഭൂരിഭാഗവും ഡച്ച് വംശജരാണ്.
മത്സരങ്ങൾ: ജൂൺ 14–ജർമനി, 21–ഇക്വഡോർ, 25–ഐവറികോസ്റ്റ്.











0 comments