ad
Deshabhimani

print edition വല നിറയ്ക്കാൻ ഗോളടിക്കാർ; ലോകകപ്പ് ഫുട്ബോളിലെ മികച്ച ഗോളടിക്കാരൻ ആരാകും

messi.jpg

അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസി പരിശീലനത്തിൽ Photo by JAMIE SQUIRE / GETTY IMAGES NORTH AMERICA/ Getty Images via AFP

വെബ് ഡെസ്ക്

Published on Jun 05, 2026, 01:00 AM | 2 min read

മെക്‌സിക്കോ: ആരാകും ഇ‍ൗ ലോകകപ്പിലെ മികച്ച ഗോളടിക്കാരൻ. നിരവധി താരങ്ങളാണ്‌ സാധ്യതാ പട്ടികയിൽ. ഇക്കുറി ഗോളടിക്കാരുടെ ലോകകപ്പാകാനാണ്‌ സാധ്യത. മത്സരങ്ങളുടെ എണ്ണം കൂടിയതാണ്‌ കാരണം. ഫ്രഞ്ച്‌ മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെ മുതൽ സ്‌പാനിഷ്‌ ക‍ൗമാരതാരം ലമീൻ യമാൽവരെ ഗോളടിക്കാരനുള്ള സുവർണപാദുകത്തിനായി ഒരുങ്ങിനിൽക്കുന്നു.


കഴിഞ്ഞ പതിപ്പിൽ എംബാപ്പെയ്‌ക്കായിരുന്നു സുവർണപാദുകം. എട്ട്‌ ഗോളുമായാണ്‌ നേട്ടം. ഫൈനലിൽ ഹാട്രിക്‌ നേടിയാണ്‌ ഗോളെണ്ണം കൂട്ടിയത്‌. പക്ഷേ, അതിൽ സന്തോഷിക്കാനായില്ല എംബാപ്പെയ്‌ക്ക്‌. ഫൈനലിൽ ഫ്രാൻസ്‌ അർജന്റീനയോട്‌ ഷൂട്ട‍ൗട്ടിൽ തോറ്റു. എംബാപ്പെയാണ്‌ ‍ഇക്കുറിയും സാധ്യതയിൽ മുന്നിൽ. ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ, അർജന്റീനയുടെ ലയണൽ മെസി, പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ, ബ്രസീലിന്റെ വിനീഷ്യസ്‌ ജൂനിയർ, നോർവേയുടെ ഗോളടിക്കാരൻ എർലിങ്‌ ഹാലണ്ട്‌, സ്‌പാനിഷ്‌ ക‍ൗമാരക്കാരൻ യമാൽ‍, ഫ്രഞ്ച്‌ താരം ഉസ്‌മാൻ ഡെംബെലെ, അർജന്റീന മുന്നേറ്റക്കാരൻ ല‍ൗതാരോ മാർട്ടിനെസ്‌ എന്നിവരാണ്‌ സാധ്യതാ പട്ടികയിലെ മറ്റുള്ളവർ.


ലോകകപ്പ്‌ ചരിത്രത്തിൽ ചാന്പ്യൻമാരുടെ സംഘത്തിൽ അഞ്ച്‌ തവണയാണ്‌ മികച്ച ഗോളടിക്കാരുണ്ടായത്‌. റണ്ണറപ്പുകളിലും അഞ്ച്‌ തവണയുണ്ടായി. സെമിഫൈനൽവരെ എത്തിയ ടീമുകളിൽനിന്ന്‌ 13 ഗോളടിക്കാരുണ്ടായി. ക്വാർട്ടറിൽ മടങ്ങിയെങ്കിലും നാല്‌ പേർ സുവർണപാദുകം നേടിയിട്ടുണ്ട്‌. ഒരു തവണ മാത്രം ഗ്രൂപ്പ്‌ ഘട്ടത്തിൽനിന്ന്‌ ഗോളടിക്കാരൻ വന്നു. 1994ലെ അമേരിക്കൻ ലോകകപ്പിൽ റഷ്യ ആദ്യ റ‍ൗണ്ടിൽ പുറത്തായെങ്കിലും അവരുടെ മുന്നേറ്റക്കാരൻ ഒലെഗ്‌ സാലെങ്കോ ആയിരുന്നു ആ പതിപ്പിൽ സുവർണപാദുകം സ്വന്തമാക്കിയത്‌. ഗ്രൂപ്പ്‌ ഘട്ടത്തിൽ കാമറൂണിനെതിരെ 6–1ന്‌ ജയം നേടിയപ്പോൾ അതിൽ അഞ്ചും സാലെങ്കോയുടെ വകയായിരുന്നു. ബൾഗേറിയുടെ ഹ്രിസ്‌റ്റോ സ്‌റ്റോയ്‌കോവിനൊപ്പം നേട്ടം പങ്കിടുകയായിരുന്നു.


2018 ലോകകപ്പിൽ പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ സ്‌പെയ്‌നിനെതിരായ ഹാട്രിക്‌ ഉൾപ്പെടെ ഗ്രൂപ്പ്‌ ഘട്ടത്തിൽ നാല്‌ ഗോളായിരുന്നു. പക്ഷേ, ആ ലോകകപ്പിൽ സെമിവരെ കുതിച്ച ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌ൻ ആറ്‌ ഗോളുമായി ഒന്നാമനായി.

ബ്രസീലിലാണ്‌ ഏറ്റവും കൂടുതൽ ‘ഗോൾഡൻ ബൂട്ട്‌’– അഞ്ചെണ്ണം. 1938ലെ ലിയോണിദസ്‌ മുതൽ 2002ലെ റൊണാൾഡോ വരെ അത്‌ നീളും. ജർമനിക്ക്‌ മൂന്ന്‌ സുവർണപാദുകക്കാരുണ്ട്‌. 2010ലെ മികച്ച ഗോളടിക്കാരനായ തോമസ്‌ മുള്ളർ ജർമൻ ടീം ദക്ഷിണാഫ്രിക്കയിൽ ലോകകപ്പിനെത്തുന്ന ഘട്ടംവരെ ദേശീയ ടീമിനായി ഒരു ഗോൾ പോലും നേടിയിട്ടുണ്ടായിരുന്നില്ല. ആ ലോകകപ്പിൽ അഞ്ച്‌ ഗോളടിക്കുകയും മൂന്നെണ്ണത്തിന്‌ അവസരമൊരുക്കുകയും ചെയ്‌തു. ആ സീസൺ ജർമൻ ലീഗിൽ പുറത്തെടുത്ത പ്രകടനത്തിന്റെ ബാക്കിയായിരുന്നു ആഫ്ര-ിക്കയിൽ കണ്ടത്‌. ലൂയിസ്‌ വാൻ ഗാൽ എന്ന പരിശീലകന്‌ കീഴിൽ ബയേണിന്‌ വേണ്ടി 13 ഗോളടിച്ചു. 11 എണ്ണത്തിന്‌ അവസരവുമൊരുക്കി. ലോകകപ്പിൽ ജർമനി മൂന്നാംസ്ഥാനക്കാരായാണ്‌ മടങ്ങിയത്‌.


ലോകകപ്പ്‌ ചരിത്രത്തിൽ ഇതുവരെ ഒരു കളിക്കാരന്‌ രണ്ട്‌ തവണ സുവർണപാദുകം കിട്ടിയിട്ടില്ല. എംബാപ്പെ അത്‌ തിരുത്താനുള്ള ഒരുക്കത്തിലാണ്‌. അതിനൊത്ത സംഘമാണ്‌ ഫ്രാൻസിന്റേത്‌. 32 കാരനായ കെയ്‌നിനും മികച്ച അവസരമാണുള്ളത്‌. ബയേണിനായി ഗോളടിച്ചുകൂട്ടിയാണ്‌ ഇംഗ്ലീഷുകാരൻ എത്തുന്നത്‌. മറ്റെല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും മെസിക്ക്‌ ഇതുവരെ സുർണപാദുകം നേടാനായിട്ടില്ല. ഇത്‌ അവസാന അവസരമാണ്‌. മാഞ്ചസ്‌റ്റർ സിറ്റിക്കായി സീസണിൽ 27 ഗോളടിച്ച ഹാലണ്ടിനും ആ ബൂട്ടിലേക്ക്‌ നോട്ടമുണ്ട്‌. യോഗ്യതാ റ‍ൗണ്ടിൽ എട്ട്‌ കളിയിൽ 16 ഗോളടിച്ചു. സ‍ൗദി അറേബ്യയിൽ ഗോളടിച്ചുകൂട്ടിയ റൊണാൾഡോയ്‌ക്കും ഇത്‌ മികച്ച അവസരമാണ്‌. ശക്തമായ നിരയാണ്‌ പോർച്ചുഗലിന്റേത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home