ad
Deshabhimani

print edition ഒറ്റപ്പന്തായി

Fifa World cup
വെബ് ഡെസ്ക്

Published on Jun 10, 2026, 12:38 AM | 2 min read

മെക്‌സിക്കോ സിറ്റി: മാനവരാശി ഇതുവരെ കാണാത്ത മഹാസംഭവം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. കാണുക... മനംകുളിർക്കെ ആസ്വദിക്കുക... ഫിഫ തലവൻ ജിയാന്നി ഇൻഫാന്റീനോ ഒരിക്കൽക്കൂടി വാക്കുകൾ ആവർത്തിക്കുന്നു. ഒരു വൻകരയൊന്നാകെ ലോകത്തെ വരവേൽക്കുന്നു. വിവിധ സംസ്‌കാരങ്ങളുള്ള, ഭൂപ്രകൃതിയുള്ള, കാഴ്‌ചപ്പാടുള്ള മൂന്ന്‌ വലിയ രാജ്യങ്ങൾ ഉൾപ്പെടുന്ന വൻകര ലോക ഫുട്‌ബോൾ മാമാങ്കത്തിന്‌ കളിത്തട്ടുകളായി മാറുകയാണ്‌.


അധികാരവും പണവും അധിനിവേശവുമെല്ലാം തൽക്കാലത്തേക്ക്‌ ലോകം മറക്കുന്നു. ഇ‍ൗ പുൽമൈതാനിയിൽ ലോകം ഒന്നാണ്‌. ഫുട്‌ബോൾ വികാരവും വിചാരവുമാകുന്ന ബ്രസീൽ മുതൽ കളത്തിലേക്കെത്താൻ ഇതുവരെ കഴിയാത്ത ഇന്ത്യവരെ ഇനി ലോകകപ്പിനൊപ്പമാണ്‌. പന്ത്‌ പോകുന്ന വഴികളിൽ മാത്രമാണ്‌ ഇനി കാഴ്‌ചകൾ തെളിയുക. വ്യാഴാഴ്‌ച രാത്രി 12.30ന്‌ ഫുട്‌ബോൾ ലോകകപ്പിന്റെ പുതിയ പതിപ്പ്‌ കൺതുറക്കും. മെക്‌സിക്കോയിലെ ചരിത്ര പ്രസിദ്ധമായ അസ്‌റ്റെക സ്‌റ്റേഡിയത്തിൽ ആതിഥേയരും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ്‌ തുടക്കം. അമേരിക്കയിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ ജൂലൈ 19ന്‌ കിരീടപ്പോര്‌.


ആദ്യമായി 48 ടീമുകൾ ഇറങ്ങുന്ന സവിശേഷതകൾ നിറഞ്ഞ ലോകകപ്പാണിത്‌. 16 വേദികളിൽ 104 മത്സരങ്ങൾ. ഏഷ്യയ്‌ക്കും ആഫ്രിക്കയ്‌ക്കും കൂടുതൽ പ്രാതിനിധ്യം കിട്ടിയ ലോകകപ്പാണിത്‌. ജനസംഖ്യയിൽ മുന്നിലുള്ള അമേരിക്ക മുതൽ ഒന്നരലക്ഷം മാത്രം ആളുകളുള്ള കുറസാവോ വരെ ലോക വേദിയിൽ പന്ത്‌ തട്ടുന്നു. കുറസാവോ പുറമേ ആഫ്രിക്കയിലെ കേപ്‌ വെർദെയും ഏഷ്യക്കാരായ ഉസ്‌ബെക്കിസ്ഥാനും ജോർദാനും ലോകകപ്പിലെ കന്നിക്കാരാണ്‌. ചോരപ്പാടുകൾ മായാത്ത ഇറാനും യുദ്ധകാലം കഴിഞ്ഞ്‌ വീണ്ടെടുപ്പ്‌ നേടിയ ഇറാഖും ഒറ്റ മത്സരംപോലും സ്വന്തം തട്ടകത്തിൽ കളിക്കാൻ കഴിയാതിരുന്ന ഹെയ്‌തിയുമെല്ലാം ലോകകപ്പിലേക്ക്‌ ബ‍ൂട്ടുകെട്ടുകയാണ്‌. ലയണൽ മെസിക്കും ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്കും നെയ്‌മർക്കും അവസാന അരങ്ങാണ്‌.



പ്രവചന മത്സരവുമായി ദേശാഭിമാനി


​തിരുവനന്തപുരം: നാടാകെ ലോകകപ്പ് ഫുട്ബോൾ ആവേശം നിറയുമ്പോൾ വായനക്കാർക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ദേശാഭിമാനിയും ഒപ്പംചേരുന്നു. ലോകകപ്പ് തുടങ്ങുന്ന 11 മുതൽ ഫൈനൽ നടക്കുന്ന ജൂലൈ 19വരെ പ്രവചനമത്സരം നടത്തും. സ്പോർട്സ് പേജിൽ ചോദ്യങ്ങൾ ഉണ്ടാകും.


ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ മൂന്നുപേർക്ക് ദിവസവും 2000 രൂപ വീതം സമ്മാനം നൽകും. ബമ്പർ സമ്മാനം മാരുതി സ്വിഫ്റ്റ് കാർ ആണ്‌. ദിവസവും ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ബമ്പർ വിജയിയെ നിശ്ചയിക്കുക.മത്സരത്തിൽ ദേശാഭിമാനി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പങ്കെടുക്കാനാകില്ല. നന്ദിലത്ത് ജി മാർട്ട്, നോർക്കാ റൂട്‌സ്‌, ലൈഫ് ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവരാണ് പ്രായോജകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home