ബാലൻ ഡി ഓറിന് പിന്നാലെ ഉസ്‌മാൻ ഡെംബെലെ ഫിഫ ബെസ്‌റ്റ്
print edition ലോകം ജയിച്ച് ഡെംബെലെ

ദോഹ
ലോക ഫുട്‌ബോൾ സൂപ്പർ താരങ്ങളുടെ പട്ടികയിൽ ഇനി ഉസ്‌മാൻ ഡെംബെലെയും. ബാലൻ ഡി ഓർ പുരസ്‌കാരത്തിന് പിന്നാലെ ഇൗ വർഷത്തെ മികച്ച താരത്തിനുള്ള ഫിഫ ബെസ്‌റ്റും ലഭിച്ചതോടെ ലോക താരങ്ങളുടെ ശ്രേണിയിലാണ് ഫ്രഞ്ചുകാരൻ. സെപ്‌തംബറിലായിരുന്നു ഇരുപത്തെട്ടുകാരന് ബാലൻ ഡി ഓർ ലഭിച്ചത്.
കഴിഞ്ഞ സീസൺ ചാന്പ്യൻസ് ലീഗിൽ ഡെംബെലെയുടെ മിന്നുന്ന പ്രകടനമാണ് പിഎസ്‌ജിക്ക് ചരിത്രത്തിലാദ്യമായി കിരീടം സമ്മാനിച്ചത്. 2024–25 സീസണിന്റെ തുടക്കത്തിൽ താളം കണ്ടെത്താനായില്ലെങ്കിലും നിർണായക ഘട്ടത്തിൽ പൂർണപ്രഭാവം ചൊരിഞ്ഞു. കഴിഞ്ഞ സീസണിൽ ആകെ 35 ഗോളടിച്ചു. ഇതിൽ എട്ടെണ്ണം ചാന്പ്യൻസ് ലീഗിൽ. ലിവർപൂളിനെതിരെയും അഴ്‌സണലിനെതിരെയും നോക്കൗട്ട് ഘട്ടത്തിൽ നേടിയ ഗോളുകൾ നിർണായകമായി.
പ്രതിഭയുണ്ടായിട്ടും അതിനൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത കളിക്കാരനായിരുന്നു ഡെംബലെ. സ്‌പാനിഷ് വന്പൻമാരായ ബാഴ്‌സലോണയിൽ തിളങ്ങാനായില്ല. പരിക്കായിരുന്നു പ്രധാന കാരണം. പിഎസ്‌ജിയിലെത്തിയതോടെ കളി മാറി. 2023ൽ എത്തിയശേഷം 53 കളികളിൽ 51 ഗോളുകളിൽ പങ്കാളിയായി.
റയൽ മാഡ്രിഡിന്റെ കിലിയൻ എംബാപ്പെയും ബാഴ്‌സയുടെ ലമീൻ യമാലുമായിരുന്നു മികച്ച താരത്തിനുള്ള പട്ടികയിൽ ഒപ്പമുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം ആഗസ്‌ത് മുതൽ ഇൗ വർഷം ആഗസ്‌ത് വരെയുള്ള പ്രകടനമാണ് പരിഗണിച്ചത്. ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്‌റ്റൻമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർ വോട്ട് ചെയ്‌താണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്‌റ്റൻ ഗുർപ്രീത് സിങ് സന്ധു ആദ്യ വോട്ട് ഡെംബെലെയ്‌ക്കാണ് നൽകിയത്. രണ്ടാമത്തേ് റഫീന്യയ്‌ക്കും മൂന്നാമത്തേത് യമാലിനും നൽകി. പരിശീലകൻ ഖാലിദ് ജമീലിന്റെ ആദ്യ വോട്ടും ഡെംബെലയ്‌ക്കായിരുന്നു.
അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിയും ബ്രസീൽ പരിശീലകൻ കാർലോ ആൻസെലോട്ടിയും ഫ്രഞ്ചുകാരനെ തെരഞ്ഞെടുത്തു. പോർച്ചുഗൽ ക്യാപ്‌റ്റൻ ബെർണാഡോ സിൽവയുടെ ആദ്യ വോട്ട് നാട്ടുകാരൻ വിതീന്യയ്‌ക്കായിരുന്നു.
മികച്ച പരിശീലകൻ: ലൂയിസ്‌എൻറിക്വെ (പിഎസ്‌ജി)
മികച്ച ഗോൾ കീപ്പർ: ജിയാൻല്യൂജി ദൊന്നരുമ്മ (പിഎസ്‌ജി/മാഞ്ചസ്‌റ്റർ സിറ്റി/ഇറ്റലി)
മികച്ച ഗോളിനുള്ള പുസ്‌കാസ് അവാർഡ്: സാന്റിയാഗോ മൊണ്ടിയേൽ (ഇൻഡിപെൻഡിയെന്റെ/അർജന്റീന)
ഫിഫ പുരുഷ ടീം:
ഗോൾ കീപ്പർ: ജിയാൻല്യൂജി ദൊന്നരുമ്മ (പിഎസ്‌ജി/മാഞ്ചസ്‌റ്റർ സിറ്റി/ഇറ്റലി). പ്രതിരോധം: അഷ്‌റഫ് ഹക്കീമി (പിഎസ്‌ജി/മൊറോക്കോ), വില്ലിയൻ പാച്ചോ (പിഎസ്‌ജി/ ഇക്വഡോർ), വിർജിൽ വാൻ ഡിക്ക് (ലിവർപൂൾ/നെതർലൻഡ്‌സ്), ന്യൂനോ മെൻഡെസ് (പിഎസ്‌ജി/പോർച്ചുഗൽ). മധ്യനിര: കോൾ പാൽമർ (ചെൽസി/ഇംഗ്ലണ്ട്), വിതീന്യ (പിഎസ്‌ജി/പോർച്ചുഗൽ), പെഡ്രി (ബാഴ്‌സലോണ/ സ്‌പെയ്‌ൻ), ജൂഡ് ബെല്ലിങ്‌ഹാം (റയൽ മാഡ്രിഡ്/ഇംഗ്ലണ്ട്).മുന്നേറ്റം: ഉസ്‌മാൻ ഡെംബെലെ (പിഎസ്‌ജി/ഫ്രാൻസ്), ലമീൻ യമാൽ (ബാഴ്‌സലോണ/സ്‌പെയ്‌ൻ)
വനിതാ വിഭാഗം
മികച്ച പരിശീലക: സാറ വീഗ്‌മൻ (ഇംഗ്ലണ്ട്)
മികച്ച ഗോൾ കീപ്പർ: ഹന്ന ഹാംപ്‌ടൺ (ചെൽസി/ഇംഗ്ലണ്ട്)
മികച്ച ഗോളിന് മാർത്ത പുരസ്‌കാരം: ലിസ്‌ബെത് ഒസ്‌വല്ലെ (ടൈഗ്രെസ്/ മെക്‌സിക്കോ)
ഫിഫ വനിതാ ടീം:
ഗോൾ കീപ്പർ: ഹന്ന ഹാംപ്‌ടൺ (ചെൽസി/ഇംഗ്ലണ്ട്). പ്രതിരോധം: ലൂസി ബ്രോൺസ് (ചെൽസി/ഇംഗ്ലണ്ട്), ലിയ വില്യംസൺ (അഴ്‌സണൽ/ഇംഗ്ലണ്ട്), ഇയേണെ പരദെസ് (ബാഴ്‌സലോണ/സ്‌പെയ്‌ൻ), ഒന ബാറ്റിൽ (ബാഴ്‌സ/സ്‌പെയ്‌ൻ). മധ്യനിര: അയ്‌താന ബൊൻമാറ്റി (ബാഴ്‌സ/സ്‌പെയ്‌ൻ), പട്രീസിയ ഗുയ്‌ജാറോ (ബാഴ്‌സ/സ്‌പെയ്‌ൻ), ക്ലോഡിയോ പിന (ബാഴ്‌സ/സ്‌പെയ്‌ൻ). മുന്നേറ്റം: അലെക്‌സിയ പുറ്റല്ലാസ് (ബാഴ്‌സ/സ്‌പെയ്‌ൻ), അലെസീയ റുസോ (അഴ്‌സണൽ/ഇംഗ്ലണ്ട്), മരിയോണ കാൾഡെന്റി (അഴ്‌സണൽ/സ്‌പെയ്‌ൻ).










0 comments