പിടിവിട്ട് സിറ്റി; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിൽ പിന്നോട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാം യുണെെറ്റഡിനോട് സമനില വഴങ്ങിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലണ്ടിന്റെ നിരാശ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ കിരീടമോഹം പൊലിയുന്നു. തരംതാഴ്‌ത്തൽ മേഖലയിലുണ്ടായിരുന്ന വെസ്‌റ്റ്‌ഹാം യുണൈറ്റഡിനോട് 1–1ന് കുരുങ്ങിയത് സിറ്റിക്ക് കനത്ത തിരിച്ചടിയായി. എട്ട് മത്സരം ശേഷിക്കെ ഒന്നാമതുള്ള അഴ്‌സണലിനെക്കാൾ ഒന്പത് പോയിന്റ് പിന്നിലാണ്. അഴ്‌സണൽ അവസാന ഘട്ടത്തിൽ എവർട്ടണെ രണ്ട് ഗോളിന് കീഴടക്കി കുതിപ്പ് തുടർന്നു. ഒരു കളി കൂടുതലാണ് അഴ്‌സണലിന്.
വെസ്‌റ്റ്‌ഹാമുമായുള്ള കളിയിൽ പോയിന്റ് വഴങ്ങിയാൽ കിരീടപ്പോര് അവസാനിക്കുമെന്നായിരുന്നു സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള കളിക്കുമുന്പ് വ്യക്തമാക്കിയത്. വെസ്‌റ്റ്‌ഹാമിനെതിരെ ടീം നിരാശപ്പെടുത്തി. പ്രത്യേകിച്ചും എർലിങ് ഹാലണ്ട്. ബെർണാഡ് സിൽവയുടെ ഗോളിൽ ലീഡ് നേടിയ സിറ്റി നാല് മിനിറ്റിൽ വഴങ്ങി. കോൺസ്‌റ്റാന്റിനോസ് മവ്‌റോപനോസ് തകർപ്പൻ ഹെഡറിലൂടെ വെസ്‌റ്റ്‌ഹാമിനെ ഒപ്പമെത്തിക്കുകയായിരുന്നു.
സമനില മാത്രമല്ല സിറ്റിയുടെ സാധ്യതകളെ ബാധിച്ചത്. ടീമിന്റെ മോശം പ്രകടനം കൂടി അതിന് കാരണമാണ്. വെസ്‌റ്റ്‌ഹാമിനെതിരെ ഒരുഘട്ടത്തിലും മികച്ച കളി പുറത്തെടുക്കാനായില്ല. ചാന്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡുമായുള്ള കനത്ത തോൽവി കളിക്കാരെ ബാധിച്ചു. ഹാലണ്ടിന്റെ ഗോൾവരൾച്ച ആശങ്കയായി. വെസ്‌റ്റ്‌ഹാമിനെതിരെ 11 ഗോളടിച്ച നോർവേക്കാരന് ഇൗ കളിയിൽ ചലനമുണ്ടാക്കാനേ കഴിഞ്ഞില്ല. പ്രീമിയർ ലീഗിൽ ഇൗ സീസണിലെ ആദ്യ 17 കളിയിൽ 19 ഗോളാണ് ഹാലണ്ട് നേടിയത്. തുടർന്നുള്ള 12 കളിയിൽ മൂന്നെണ്ണം മാത്രം. അന്റോയ്‌ൻ സെമെന്യോ സിറ്റിയുടെ ആക്രമണ നിരയിലേക്ക് എത്തിയതോടെ ഹാലണ്ടിനാണ് മൂർച്ച നഷ്ടപ്പെട്ടത്.
ലീഗിൽ കഴിഞ്ഞ 18 കളിയിൽ ഒന്നിൽ മാത്രമാണ് സിറ്റി തോറ്റത്. പക്ഷേ, പത്ത് പോയിന്റ് നഷ്ടമായി. കിരീടപ്പോരിൽ തിരിച്ചടിയായതും ഇൗ സമനിലകളാണ്. ഇൗ കാലയളവിൽ ചെൽസി, ബ്രൈറ്റൺ, ടോട്ടനം ഹോട്‌സ്‌പർ, നോട്ടിങ്‌ഹാം ഫോറസ്‌റ്റ് ടീമുകളോട് സമനില വഴങ്ങി. ഏറ്റവുമൊടുവിൽ വെസ്‌റ്റ്‌ഹാമിനോടും. കനത്ത പ്രതിരോധക്കളിയാണ് വെസ്‌റ്റ്‌ഹാം പുറത്തെടുത്തത്. സമനിലയോടെ തരംതാഴ്‌ത്തൽ മേഖലയിൽനിന്ന് രക്ഷപ്പെടാനും വെസ്‌റ്റ്‌ഹാമിന് കഴിഞ്ഞു.
മറുവശത്ത് എവർട്ടണോട് 89–ാം മിനിറ്റിലാണ് അഴ്‌സണൽ ആദ്യ ഗോൾ നേടുന്നത്. വിക്ടർ യോക്കെറെസ് ലീഡ് നൽകി. പിന്നാലെ പതിനാറുകാരൻ മാക്‌സ് ഡൊവ്‌മാൻ പട്ടിക പൂർത്തിയാക്കി. പ്രീമിയർ ലീഗിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഡൊവ്‌മാന്റെ പേരിലായി.
മറ്റൊരു കളിയിൽ ചെൽസിയെ ഒറ്റ ഗോളിന് ന്യൂകാസിൽ യുണൈറ്റഡ് വീഴ്‌ത്തി. ആന്തണി ഗോർഡനാണ് ന്യൂകാസിലിന്റെ വിജയഗോൾ നേടിയത്. തോൽവി ചെൽസിയുടെ ചാന്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകളെ ബാധിച്ചു. പട്ടികയിൽ അഞ്ചാമതാണ് ചെൽസി.
മാഞ്ചസ്റ്റർ യുണെെറ്റഡ് തകർപ്പൻ പ്രകടനം തുടർന്നു. ആസ്റ്റൺ വില്ലയെ 3–1ന് തകർത്ത് യുണെെറ്റഡ് മൂന്നാംസ്ഥാനത്ത് തുടർന്നു. കാസെമിറോ, മതിയാസ് കുന്യ, ബെഞ്ചമിൻ സെസ്-കോ എന്നിവർ ലക്ഷ്യം കണ്ടു. വില്ല നാലാമതാണ്. റോസ് ബാർക്-ലിയാണ് ഒരു ഗോൾ വില്ലയ്-ക്കായി മടക്കിയത്.









0 comments