ad
Deshabhimani

print edition ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ; സിറ്റിയെ കുരുക്കി ചെൽസി

English Premier League Chelsea Fc

സിറ്റിക്കെതിരെ ചെൽസിയുടെ സമനില ഗോൾ നേടിയ എൺസോ ഫെർണാണ്ടസ്

വെബ് ഡെസ്ക്

Published on Jan 06, 2026, 12:03 AM | 2 min read


ലണ്ടൻ

കിരീടപ്പോരിൽ മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ കാലിടറുന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാമത്തെ കളിയിലും സമനില വഴങ്ങി. ചെൽസിക്കെതിരെ അവസാനനിമിഷംവരെ ലീഡ്‌ പിടിച്ചശേഷമാണ്‌ ജയം കൈവിട്ടത്‌. പരിശീലകനെ പുറത്താക്കി പ്രതിസന്ധിയിലായ ചെൽസിയുടെ തകർപ്പൻ തിരിച്ചുവരവായിരുന്നു സിറ്റി തട്ടകമായ ഇത്തിഹാദിൽ കണ്ടത്‌. അവസാന നിമിഷം എൺസോ ഫെർണാണ്ടസ്‌ സമനില പിടിക്കുകയായിരുന്നു. സിറ്റിക്കായി ടിയാനി റൈൻഡേഴ്‌സാണ്‌ ഗോൾ നേടിയത്‌.

ഇരുപത്‌ മത്സരം പൂർത്തിയായപ്പോൾ ഒന്നാമതുള്ള അഴ്‌സണലിനെക്കാൾ ആറ്‌ പോയിന്റ്‌ പിന്നിലായി സിറ്റി. മൂന്നാമതുള്ള ആസ്‌റ്റൺ വില്ലയെക്കാൾ ഗോൾ വ്യത്യാസത്തിൽ മാത്രം മുന്നിൽ. ചെൽസി അഞ്ചാമതണ്‌.


സണ്ടർലൻഡിനെതിരെ ഗോൾരഹിതമായി കുരുങ്ങിയ സിറ്റിക്ക് ചെൽസിക്കെതിരെയും അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. ഗോൾവേട്ടക്കാരൻ എർലിങ്‌ ഹാലണ്ട്‌ തുടർച്ചയായ മൂന്നാം കളിയിലും ലക്ഷ്യം മറന്നപ്പോൾ പെപ്‌ ഗ്വാർഡിയോളയുടെ സംഘം പതറി. തുടക്കത്തിൽ രണ്ട്‌ തവണ ഹാലണ്ടിന്‌ അവസരം കിട്ടിയെങ്കിലും ഗോളായില്ല. ഒരു തവണ പന്ത്‌ പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്പാണ്‌ റൈൻഡേഴ്‌സിന്റെ ഗോൾ എത്തുന്നത്‌.


രണ്ടാംപകുതിയിൽ മികച്ച തുടക്കമാണ്‌ ചെൽസിക്ക്‌ കിട്ടിയത്‌. പക്ഷേ, കിട്ടിയ ആദ്യ അവസരം പെഡ്രോ നെറ്റോ ബാറിന്‌ മുകളിലൂടെ പറത്തിക്കളഞ്ഞു. പകരക്കാരനായ ലിയാം ഡെലാപ്പിന്റെ അടി സിറ്റി ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയുടെ നേർക്കായിരുന്നു.

പരിക്കുമാറിയെത്തിയ റോഡ്രി സിറ്റിയുടെ മധ്യനിരയ്‌ക്ക്‌ കരുത്തുനൽകി. എന്നാൽ മുന്നേറ്റ താരങ്ങളായ ഹാലണ്ടും ഫിൽ ഫോദെനും റയാൻ ചെർക്കിയുമെല്ലാം മങ്ങി. ഇതിനിടെ പ്രതിരോധക്കാരൻ ജോസ്‌കോ ഗ്വാർഡിയോൾ പരിക്കേറ്റ്‌ മടങ്ങിയതും സിറ്റിയെ പ്രതിസന്ധിയിലാക്കി.


സിറ്റി ജയമുറപ്പിച്ച ഘട്ടത്തിലാണ്‌ ചെൽസി തിരിച്ചടിച്ചത്‌. ബോക്‌സിലെ കൂട്ടപ്പൊരിച്ചലിൽ എൺസോയുടെ അടി രണ്ട്‌ തവണ ദൊന്നരുമ്മ തടഞ്ഞു. തട്ടിത്തെറിച്ച പന്ത്‌ പക്ഷേ, എൺസോ മൂന്നാം ശ്രമത്തിൽ വലയിലേക്കിട്ടു. എൺസോ മറെസ്‌കയെ പരിശീലകസ്ഥാനത്തുനിന്ന്‌ പുറത്താക്കിയ ചെൽസി ക്ലബ്ബിന്റെ അണ്ടർ 21 കോച്ച്‌ കലും മക്‌ഫർലാനെയാണ്‌ താൽക്കാലിക ചുമതലയേൽപ്പിച്ചത്‌.


ഫ്രഞ്ച് ലീഗ് ; പാരിസ്‌ പോരിൽ പിഎസ്‌ജി

നാട്ടങ്കത്തിൽ ജയിച്ച്‌ പിഎസ്‌ജി. അയൽക്കാരായ പാരിസ്‌ എഫ്‌സിക്കെതിരെ 2–1ന്‌ ജയിച്ചു. ഇരു ക്ലബുകളുടെയും സ്‌റ്റേഡിയങ്ങൾ തമ്മിലുള്ള അകലം 44 മീറ്റർ മാത്രമാണ്‌. 1978നുശേഷം ആദ്യമായാണ്‌ പാരിസ്‌ എഫ്‌സി ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗ്‌ കളിക്കുന്നത്‌. പിഎസ്‌ജിയുടെ തട്ടകത്തിൽ നടന്ന കളിയിൽ ദെസിരെ ദുവെയും ഉസ്‌മാൻ ഡെംബെലെയും ഗോളടിച്ചു. അയൽക്കാർക്കായി വില്യം ഗീബെൽസ്‌ ആശ്വാസഗോൾ കുറിച്ചു.


ഇറ്റാലിയൻ ലീഗ് ; ഇന്റർ മുന്നിൽ

ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ലീഡ്‌ വീണ്ടെടുത്ത്‌ ഇന്റർ മിലാൻ. ബോളോഞ്ഞയെ 3–1ന്‌ തോൽപ്പിച്ചു. ഇതോടെ 17 കളി പൂർത്തിയായപ്പോൾ ഒന്നാംസ്ഥാനത്ത്‌ ഒറ്റ പോയിന്റ്‌ മുന്നിലാണ്‌. 39 പോയിന്റാണ്‌ ഇന്ററിന്‌. രണ്ടാമതുള്ള എസി മിലാന്‌ 38. നിലവിലെ ചാമ്പ്യൻമാരായ നാപോളി (37) മൂന്നാമതാണ്‌. ബോളോഞ്ഞയ്‌ക്കെതിരെ പീറ്റർ സിയെലെൻസ്‌കി, ല‍ൗതാരോ മാർട്ടിനെസ്‌, മാർകസ്‌ തുറാം എന്നിവർ ഇന്ററിനായി ഗോളടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home