ad
Deshabhimani

print edition ഇ‍ംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ; വില്ല കുതിക്കുന്നു

asten villa

ചെൽസിക്കെതിരെ ഗോൾ നേടുന്ന ഒല്ലീ വാറ്റ്കിൻസ് (ഇടത്തുനിന്ന് രണ്ടാമത്)

വെബ് ഡെസ്ക്

Published on Dec 29, 2025, 12:15 AM | 1 min read


ലണ്ടൻ

പുതുവർഷം മിന്നിക്കാൻ ആസ്‌റ്റൺ വില്ല. ഇ‍ംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ചെൽസിയെ 2–1ന്‌ വീഴ്‌ത്തി വില്ല തുടർച്ചയായ പതിനൊന്നാം ജയം സ്വന്തമാക്കി. പോയിന്റ്‌ പട്ടികയിൽ മൂന്നാം സ്ഥാനത്ത്‌ തുടരുകയും ചെയ്‌തു.


ബ്രൈറ്റണെ 2–1ന്‌ തോൽപ്പിച്ച്‌ അഴ്‌സണൽ ഒന്നാംസ്ഥാനത്തോടെ പുതുവർഷത്തിന്‌ പിരിഞ്ഞു. മാഞ്ചസ്‌റ്റർ സിറ്റിയാണ് രണ്ടാമത്‌. 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ അഴ്‌സണലിന്‌ 42ഉം സിറ്റിക്ക്‌ 40ഉം വില്ലയ്‌ക്ക്‌ 39ഉം പോയിന്റാണ്‌. 32 പോയിന്റുള്ള ലിവർപൂളാണ്‌ നാലാമത്‌.


സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന വില്ല ചെൽസിക്കെതിരെ പിന്നിട്ടുനിന്നശേഷം ജയം പിടിച്ചെടുക്കുകയായിരുന്നു. പകരക്കാരനായെത്തി ഇരട്ടഗോൾ നേടിയ ഒല്ലീ വാറ്റ്‌കിൻസാണ്‌ ജയമൊരുക്കിയത്‌.


സ്വന്തംതട്ടകത്തിൽ ചെൽസിക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം. ഇടവേളയ്‌ക്കുമുന്പ്‌ അർഹിച്ച ഗോൾ നേടുകയും ചെയ്‌തു. ജോയോ പെഡ്രോയാണ്‌ ലക്ഷ്യം കണ്ടത്‌. റീസെ ജയിംസ്‌ അവസരമൊരുക്കി. ഒരുമണിക്കൂർ തികയുംമുന്പ്‌ വില്ല പരിശീലകൻ ഉനായ്‌ എമെറി നടത്തിയ മൂന്ന്‌ മാറ്റങ്ങൾ കളിഗതിയെ സ്വാധീനിച്ചു. വാറ്റ്‌കിൻസും അമദ‍ൗ ഒനാനയും ജെയ്‌ഡൻ സാഞ്ചോയും കളത്തിലെത്തിയതോടെ വില്ല കുതിക്കുകയായിരുന്നു. കളത്തിലിറങ്ങി നാലാം മിനിറ്റിൽ വാറ്റ്‌കിൻസ്‌ ലക്ഷ്യം കണ്ടു. ഇതിനിടെ ചെൽസി ഗോൾ കീപ്പർ റോബർട്ട്‌ സാഞ്ചെസിന്റെ പ്രകടനമാണ്‌ വില്ലയെ തടഞ്ഞത്‌. എങ്കിലും കളി അവസാനിക്കുന്നതിന്‌ തൊട്ടുമുന്പ്‌ വില്ല ജയം പിടിച്ചു. യൂറി ടിയെലെമെൻസിന്റെ കോർണറിൽ തലവച്ച്‌ വാറ്റ്‌കിൻസാണ്‌ വിലപ്പെട്ട മൂന്ന്‌ പോയിന്റ്‌ സമ്മാനിച്ചത്‌.

29 പോയിന്റുള്ള ചെൽസി അഞ്ചാമതാണ്‌.


ബ്രൈറ്റണിനെതിരെ മാർട്ടിൻ ഒദെഗാർദിന്റെ ഗോളിൽ അഴ്‌സണൽ തുടക്കത്തിൽ ലീഡ്‌ നേടി. രണ്ടാംപകുതിയിൽ ജോജീനിയോ റുട്ടെറുടെ പിഴവുഗോളിൽ ജയം ഉറപ്പിക്കുകയായിരുന്നു. ബ്രൈറ്റണുവേണ്ടി ദ്യേഗോ ഗോമെസ്‌ ഒരെണ്ണം മടക്കി. മറ്റൊരു മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ ലിവർപൂൾ 2–1ന്‌ വൂൾവ്‌സിനെ തോൽപ്പിച്ചു. റ്യാൻ ഗ്രാവെൻബെർക്കും ഫ്‌ളോറിയൻ വിറ്റ്‌സും ഗോൾ നേടി. ബ്രെന്റ്‌ഫോർഡ്‌ 4–1ന്‌ ബോണിമ‍ൗത്തിനെ തകർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home