print edition ഗോൾ അരിശം

ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസിനെതിരെ ഗോൾ നേടിയ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ സഹതാരങ്ങൾ അഭിന്ദിക്കുന്നു
മയാമി: അടിച്ചും തിരിച്ചടിച്ചും ഒരു ‘ഫൈനൽ’. കിരീടപ്പോരല്ല, അഭിമാനപ്പോരുമല്ല. എങ്കിലും വാശിയിലൊട്ടും കുറഞ്ഞില്ല ഇംഗ്ലണ്ടും ഫ്രാൻസും. ലോകകപ്പ് ഫുട്‌ബോൾ ലൂസേഴ്‌സ് ഫൈനലിൽ പത്ത് ഗോളാണ് രണ്ട് ടീമുംകൂടി അടിച്ചുകൂട്ടിയത്. കളി 6–4ന് ഇംഗ്ലണ്ട് സ്വന്തമാക്കി. 1966ലെ കിരീടനേട്ടത്തിനുശേഷമുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനം. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ലൂസേഴ്‌സ് ഫൈനലിൽ പത്ത് ഗോൾ നിറയുന്നത്.
തുടക്കംമുതൽ കളിക്കാൻ അവസരം കിട്ടിയ ബുകായോ സാക്ക ഹാട്രിക്കുമായാണ് കളംനിറഞ്ഞത്. എസ്‌റി കൊൺസയും ഡെക്ലൻ റൈസും ഓരോ ഗോളടിച്ചു. ജൂഡ് ബെല്ലിങ്‌ഹാമിന്റെ മനോഹരഗോളിൽ ഇംഗ്ലണ്ട് ജയം പൂർത്തിയാക്കി. മറുവശത്ത് ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെ രണ്ടെണ്ണം തൊടുത്തു. ബ്രാഡ്‌ലി ബർകോളയും ഉസ്‌മാൻ ഡെംബെലെയും മറ്റ് രണ്ട് ഗോൾ നേടി.
സെമിയിൽ കളിച്ചതിൽ ഏഴ് മാറ്റങ്ങളാണ് പരിശീലകരായ തോമസ് ടുഷെലും ദിദിയർ ദെഷാമും വരുത്തിയത്. ഹാരി കെയ്‌ൻ, ബെല്ലിങ്‌ഹാം, ആന്തണി ഗോഡൻ, ജോർദാൻ പിക്‌ഫോർഡ് എന്നീ മുൻനിര താരങ്ങൾ ഇംഗ്ലീഷുകാർക്കായി ആദ്യ പതിനൊന്നിൽ ഇറങ്ങിയില്ല. ഡെംബെലെയും ബർകോളയും യൂലസ് കുണ്ടെയും ഫ്രഞ്ച്‌നിരയിലും വന്നില്ല.
സെമിയിൽ അർജന്റീനയോട് തോറ്റതിന്റെ മുറിവുണങ്ങാതെയായിരുന്നു ഇംഗ്ലണ്ട്. സ്‌പെയ്‌നിനോട് തോറ്റതിന്റെ നിരാശ ഫ്രഞ്ചിന്. ഗോളടിച്ച് അവർ അരിശം തീർത്തു. ആദ്യപകുതി ഇംഗ്ലണ്ടിനായിരുന്നു. ഫ്രഞ്ച് പ്രതിരോധത്തിന്റെ നാനാവഴികൾ തുറന്ന് തകർത്തുകളഞ്ഞു. ഇടവേളയ്‌ക്ക് പിരിയുന്പോഴേക്കും സ്‌കോർ 4–0. 1930നുശേഷം ആദ്യമായി ഫ്രാൻസ് ആദ്യപകുതിയിൽ നാല് ഗോൾ വഴങ്ങി.
കളി തുടങ്ങി മൂന്നാംമിനിറ്റിൽ ഇംഗ്ലണ്ട് മുന്നിലെത്തി. ഫ്രഞ്ച് മുന്നേറ്റക്കാരൻ ദിസിരെ ദുവെയുടെ ലൂസ് ബോൾ പിടിച്ചെടുത്ത് മുന്നേറിയ റൈസ് ബോക്‌സിന് തൊട്ടുമുന്നിൽവച്ച് അടിപായിച്ചു. ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മയ്‌ന്യാനെ കാഴ്‌ചക്കാരനാക്കിയാണ് പന്ത് വലയിൽ കയറിയത്. കൊൺസയുടെ ഹെഡ്ഡറിന് അവസരമൊരുക്കിയതും റൈസായിരുന്നു.
കളിയുടെ ഭാവം മാറി. പന്ത് കിട്ടിയാൽ ബോക്‌സിലേക്ക് കുതിക്കുക, വല ലക്ഷ്യമാക്കി തൊടുക്കുക. ഇരു ടീമുകളുടെയും ആഗ്രഹം ഇതുമാത്രമായി. ഇംഗ്ലണ്ടിനാണ് കൂടുതൽ അവസരം കിട്ടിയത്. ഫ്രാൻസിന്റെ പ്രതിരോധം വട്ടംകറങ്ങി. മാർകസ് റാഷ്‌ഫഡും സാക്കയും ചേർന്ന് മൂന്നാം ഗോളിലേക്കെത്തി. റാഷ്-ഫഡിന്റെ നീക്കം മയ്‌ന്യാൻ ആദ്യം തടഞ്ഞെങ്കിലും സാക്കയുടെ അടി കൃത്യം വലയിലേക്കായി. എബെറെചി എസെയുടെ ത്രൂബോൾ പിടിച്ചെടുത്ത് അഴ്‌സണൽ താരം പട്ടിക നാലാക്കി.
ഇടവേളയ്‌ക്കുശേഷം ദെഷാം മാറ്റങ്ങൾ വരുത്തി. ഡെംബെലെയും ബർകോളയും ഉപമെകാനോയുമെത്തി. മൂന്ന് മിനിറ്റിൽ എംബാപ്പെ ഒലീസെയുടെ നീക്കം പിടിച്ചെടുത്ത് ഫ്രാൻസിന്റെ ആദ്യ മറുപടി നൽകി. ബർകോളയുടെ ഗോളിന് എംബാപ്പെ അവസരമൊരുക്കി. ഒലീസെ വീണ്ടും എംബാപ്പെയുടെ കാലിൽ പന്തെത്തിച്ചു. ഒലീസെയ്‌ക്ക് ഗോളടിക്കാൻ നിരവധി അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല.
ഇംഗ്ലണ്ട് തിരിച്ചടിക്കുള്ള കോപ്പ് കൂട്ടി. ദെയ്‌ദ് സ്‌പെൻസിനെ മാലോ ഗുസ്‌റ്റോ വീഴ്‌ത്തിയതിന് കിട്ടിയ പെനൽറ്റി ബെല്ലിങ്‌ഹാം, സാക്കയുടെ ഹാട്രിക്കിനായി നൽകി. ഇതിനിടെ ഡെംബെലെ ഒന്ന് മടക്കിയെങ്കിലും ബെല്ലിങ്‌ഹാം തകർപ്പൻ നീക്കത്തിലൂടെ ഇംഗ്ലീഷ് ജയം പൂർത്തിയാക്കി.










0 comments