ഡ്യുറൻഡ് കപ്പ് ഫുട്‌ബോൾ ; അഞ്ചടിച്ച് ഈസ്റ്റ് ബംഗാൾ

ഗോൾനേട്ടം ആഘോഷിക്കുന്ന ഈസ്റ്റ് ബംഗാൾ താരങ്ങൾ

Sports Desk
Published on Jul 24, 2025, 12:43 AM | 1 min read
കൊൽക്കത്ത
ഇന്ത്യൻ ആഭ്യന്തര ഫുട്‌ബോൾ സീസണിന് ഡ്യുറൻഡ് കപ്പ് കിക്കോഫോടെ തുടക്കം. ആദ്യകളിയിൽ മുൻ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാൾ അഞ്ച് ഗോളിന് ബംഗളൂരുവിൽ നിന്നുള്ള സൗത്ത് യുണൈറ്റഡ് എഫ്‌സിയെ തകർത്തു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ ലാൽചുൻഗുൻഗുവ, സോൾ ക്രെസ്‌പോ, ബിപിൻ സിങ്, ദിമിത്രിയോസ് ഡയമന്റാകോസ്, മഹേഷ് സിങ് എന്നിവർ ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയായിരുന്നു മൂന്ന് ഗോൾ.
ഐഎസ്‌എൽ അനിശ്ചിതത്വം നിലനിൽക്കേയാണ് ഡ്യുറൻഡ് കപ്പ് തുടങ്ങിയത്. 24 ടീമുകളുള്ള ടൂർണമെന്റിൽ ഐഎസ്‌എല്ലിൽനിന്ന് ആറ് ക്ലബ്ബുകൾ മാത്രമാണ് പങ്കെടുക്കുന്നത്. ഉദ്‌ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ അപേക്ഷിച്ച് ദുർബലരായ സൗത്ത് യുണൈറ്റഡ് ആദ്യ പകുതി പിടിച്ചുനിന്നു. രണ്ട് ഗോൾ വഴങ്ങിയെങ്കിലും കിടയറ്റ പ്രതിരോധത്തിലൂടെ വലിയ അപകടം ഒഴിവാക്കി. എന്നാൽ ഇടവേളയ്‌ക്കുശേഷം തടഞ്ഞുനിർത്താനായില്ല. പത്ത് മിനിറ്റിനുള്ളിലായിരുന്നു അവസാന മൂന്ന് ഗോളും.
ആഗസ്‌ത് ആറിന് നാംധാരി എഫ്‌സിയുമായാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.
ഇന്ന് ജംഷഡ്‌പുർ എഫ്‌സി ത്രിഭുവൻ ആർമിയെ നേരിടും. ജംഷഡ്‌പുരിലാണ് മത്സരം.









0 comments