അമേരിക്ക പ്രവേശനം നിഷേധിച്ചു; റഫറിക്ക് വീരോചിത സ്വീകരണം ഒരുക്കി സൊമാലിയ

വാഷിങ്‌ടൺ: ലോകകപ്പ് ആവേശത്തിന്റെ ശോഭ കെടുത്തി, അമേരിക്ക പ്രവേശനം നിഷേധിച്ച സൊമാലിയൻ റഫറി ഒമർ അബ്‌ദുൾകാദിർ അർടാനെയ്ക്ക് നാട്ടിൽ വീരോചിത സ്വീകരണം. ബുധനാഴ്ച സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ആരാധകരും ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് എത്തിയത്. തനിക്ക് സംഭവിച്ചത് നിർഭാഗ്യകരമായിപ്പോയെന്നും അടുത്ത ലോകകപ്പിൽ പങ്കെടുക്കാനാകുമെന്ന് കരുതുന്നെന്നും അർടാൻ പറഞ്ഞു.
സംശയാസ്പദമായ പശ്ചാത്തലമാണെന്നു ചൂണ്ടിക്കാട്ടിയാണ് യുഎസിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചത്. ട്രംപ് ഭരണകൂടം ചുമതലയേറ്റതിനു പിന്നാലെ സൊമാലിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർക്കു യുഎസിലേക്ക് സന്ദർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഫുട്ബോൾ ലോകപ്പ്പ നിയന്ത്രിക്കാനെത്തിയ റഫറിക്ക് അമേരിക്ക അനുമതി നിഷേധിച്ചത്.
അമേരിക്ക പ്രവേശനം നിഷേധിച്ചതോടെ ആഫ്രിക്കൻ ഫുട്‌ബോളിലെ കഴിഞ്ഞ വർഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട ഒമർ അബ്‌ദുൾകാദിർ അർടാനെ ഫിഫ, റഫറിമാരുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയക്കാരനെന്ന നേട്ടത്തിനരികെയായിരുന്നു അർടാൻ.










0 comments