print edition നീല സ്രാവുകൾ കറുത്ത കുതിരകളാകുമ്പോൾ കബ്രാൾ പുഞ്ചിരിക്കുന്നു

അമീല്‍കര്‍ കബ്രാള്‍
പ്രയാ (കേപ് വെർദെ): അറ്റ്‌ലാന്റിക്കിൽ ഒറ്റപ്പട്ട ആഫ്രിക്കൻ ചെറുദ്വീപ് കേപ് വെർദെ, ലോക ഫുട്ബോളിലെ ആധിപത്യശക്തിയായ സ്‌പെയിനിനെ തളച്ചപ്പോൾ ജ്വലിച്ചത് അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ ഉജ്വല ചരിത്രം. സാമ്രാജ്യത്വ ശക്തികൾക്കു മുന്നിൽ പതറാതെ പൊരുതാൻ പഠിപ്പിച്ച വിമോചന നായകൻ അമീൽകർ കബ്രാളിന്റെ ഓർമകളിലേക്കു കൂടിയാണ് ‘നീല സ്രാവുകൾ' ലോകത്തെ കൂട്ടിക്കൊണ്ടുപോയത്.
ആഫ്രിക്കയിലെ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ജനങ്ങളെ നയിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയും മാർക്‌സിസ്റ്റ് ചിന്തകളുടെ പ്രയോക്താവുമായിരുന്നു അമീൽക്കർ കബ്രാൾ. ഗിനിയയുടെയും കേപ് വെർദെയുടെയും വിമോചനത്തിനുള്ള ആഫ്രിക്കൻ പ്രസ്ഥാനത്തിന്റെ (പിഎഐജിസി) സ്ഥാപകൻ.
സ്വരാജ്യം സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുമ്പ്, 1973-ൽ 48–ാം വയസ്സിൽ സാമ്രാജ്യത്വ ശക്തികളുടെ ചാരന്മാർ അദ്ദേഹത്തെ വെടിവച്ചുകൊന്നു. എന്നാൽ, കബ്രാൾ നയിച്ച വിമോചനപോരാട്ടം വിതച്ച പ്രതിരോധത്തിന്റെ വിത്തുകൾ 1975ൽ കേപ് വെർദെയെ സ്വതന്ത്രമാക്കി.
"സാമ്രാജ്യത്വവിരുദ്ധ പോരാട്ടം സംസ്‌കാരത്തിന്റെ വീണ്ടെടുപ്പാണ്’ എന്നായിരുന്നു കബ്രാളിന്റെ പ്രശസ്‌തമായ വരികൾ. മൈതാനത്ത് സ്‌പെയിനെതിരെ കേപ് വെർദെ കാഴ്‌ചവച്ച കളി കബ്രാളിയൻ തന്ത്രങ്ങളുടെ ആവർത്തനമായിരുന്നു. വൻകിട ക്ലബ്ബുകളിലെ ശതകോടീശ്വരന്മാരായ കളിക്കാരുമായി വന്ന സ്‌പെയിനിനെ അച്ചടക്കമുള്ള പ്രതിരോധം കൊണ്ടും അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അവർ നേരിട്ടു.
അധിനിവേശ ശക്തികൾ അടിമക്കച്ചവടത്തിന്റെ കേന്ദ്രമാക്കിയ ദ്വീപുകൾ ലോകം ഉറ്റുനോക്കുന്ന കായികമാമാങ്കത്തിന്റെ വേദിയിൽ തലയുയർത്തി നിൽക്കുന്നു. കബ്രാൾ പുഞ്ചിരിക്കുന്നു സ്വന്തം ജനതയിലൂടെ.
കേപ് വെർദെയുടെ വിമോചനചരിത്രവും ആധുനിക രാഷ്‌ട്രീയവും വേരൂന്നുന്നത് സോഷ്യലിസ്റ്റ്–-ഇടതുപക്ഷ മൂല്യങ്ങളിലാണ്.
ശാസ്‌ത്രീയ സോഷ്യലിസത്തെ അടിസ്ഥാനമാക്കിയാണ് കബ്രാളിന്റെ പാർടി സ്വാതന്ത്ര്യസമരം നയിച്ചത്. സ്വാതന്ത്ര്യാനന്തരം, സാമൂഹിക സമത്വത്തിലൂന്നിയുള്ള വികസന നയങ്ങളാണ് രാജ്യം സ്വീകരിച്ചത്. ചരിത്രപരമായ ഇടതുപക്ഷ ആഭിമുഖ്യം ആധുനിക കാലത്തും ദ്വീപുകളിൽ ശക്തമാണ്.
കഴിഞ്ഞ മെയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മധ്യ-വലതുപക്ഷ കക്ഷിയെ പരാജയപ്പെടുത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള ‘ആഫ്രിക്കൻ പാർടി ഫോർ ദി ഇൻഡിപെൻഡൻസ് ഓഫ് കേപ് വെർദെ' വൻ വിജയം നേടി. കബ്രാളിന്റെ രാഷ്‌ട്രീയ പാരമ്പര്യം പേറുന്ന നേതാവ് ഫ്രാൻസിസ്‌കോ കാർവാലോയാണ് പുതിയ പ്രധാനമന്ത്രി. 2021 മുതൽ പ്രസിഡന്റായ ഹോസെ മരിയ നെവസും ഇടതുപക്ഷ പ്രതിനിധിയാണ്.










0 comments