print edition ബോഡോ ചരിത്രം ; ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്റർ മിലാൻ പുറത്ത്

മിലാൻ
ബോഡോ ഗ്ലിംറ്റെന്ന കുഞ്ഞൻ നോർവീജിയൻ ക്ലബ് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ പുതുചരിത്രമെഴുതി. മൂന്ന് തവണ ചാമ്പ്യൻമാരായ ഇന്റർ മിലാനെ തരിപ്പണമാക്കി പ്രീക്വാർട്ടറിലെത്തി. ഇരുപാദ പ്ലേ ഓഫിൽ 5–2നാണ് ജയം.
ആദ്യപാദം 3–1ന് നേടിയിരുന്നു. ഇന്ററിന്റെ തട്ടകമായ സാൻ സിറോയിൽ നടന്ന രണ്ടാംപാദത്തിൽ 2–1ന് ജയിച്ചു. യെൻസ് പീറ്റർ ഹോഗ്, ഹാകോൺ എവ്‌യെൻ എന്നിവർ ലക്ഷ്യം കണ്ടു. ആതിഥേയർക്കായി അലെസാൻഡ്രോ ബസ്‌റ്റോണി ആശ്വാസഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ നോർവീജിയൻ ക്ലബാണ് ബോഡോ. ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3–1നും അത്‌ലറ്റികോ മാഡ്രിഡിനെ 2–1നും തോൽപ്പിച്ചിരുന്നു.
അതിശൈത്യം നേരിടുന്ന വടക്കൻ നോർവെയിലെ കുഞ്ഞുനഗരമാണ് ബോഡോ. 53,000മാണ് ജനസഖ്യ. കടുംതണുപ്പായതിനാൽ ഫുട്‌ബോൾ സീസൺ കുറഞ്ഞ കാലയളവിലാണ് നടക്കാറ്. നിലവിൽ മത്സരങ്ങളില്ല. മാർച്ച് മുതൽ നവംബർ വരെയാണ് ലീഗ്. ബോഡോ ഇൗ വർഷം ആറ് മത്സരം മാത്രമാണ് കളിച്ചത്. അതിൽ നാലും ചാമ്പ്യൻസ് ലീഗിലാണ്. രണ്ട് സൗഹൃദ മത്സരവും. കാലാവസ്ഥ വെല്ലുവിളി നേരിടുന്നതിനാൽ പ്ലാസ്‌റ്റിക് ടർഫിലുള്ള മൈതാനത്താണ് കളിക്കുന്നത്. പരിശീലനത്തിനുൾപ്പെടെ പരിമിതികളുണ്ട്.
ഇന്ററിനെതിരെ ആദ്യപാദം നേടിയ മികച്ച ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു കെറ്റിൽ കുനൂട്ട്‌സൺ പരിശീലിപ്പിക്കുന്ന ബോഡോ. പ്രതിരോധത്തിലൂന്നി തക്കംകിട്ടുമ്പോൾ മാത്രം ആക്രമിക്കുക എന്നതായിരുന്നു ശൈലി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം പീറ്റർ ഹോഗാണ് ലീഡ് സമ്മാനിച്ചത്. ലീഗിൽ ഇൗ ഇരുപത്താറുകാരന്റെ ആറാം ഗോളാണ്. നാലെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌തു. വൈകാതെ ഹാകോണും ഗോളടിച്ചതോടെ ബോഡോ പ്രീ ക്വാർട്ടർ സ്ഥാനമുറപ്പിച്ചു. അവസാന പതിനാറിൽ സിറ്റിയോ സ്‌പോർട്ടിങ് ലിസ്‌ബണോ ആകും എതിരാളി.
അവസാന മൂന്ന് സീസണുകളിൽ രണ്ടുവട്ടം ഫെെനൽ കളിച്ച ഇന്റർ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. പേരുകേട്ട സൂപ്പർതാരനിര ഉണ്ടായിട്ടും ബോഡോയുടെ യുവനിരയുടെ പോരാട്ടവീര്യത്തിന് മുന്നിൽ മറുപടിയുണ്ടായില്ല. യൂറോപ്യൻ ക്ലബ് ലീഗിൽനിന്ന് പുറത്തായെങ്കിലും ഇറ്റലിയിൽ 26 കളിയിൽ 64 പോയിന്റുമായി ഒന്നാമതാണ്. പത്ത് പോയിന്റിന്റെ ലീഡാണുള്ളത്. ഈ കിരീടത്തിലാണ് അവരുടെ പ്രതീക്ഷകൾ.










0 comments