ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യത ; സമനില പിടിച്ച് ഇന്ത്യ

റഹീം അലി
സിംഗപ്പുർ
അവസാന മിനിറ്റിൽ റഹീം അലിയുടെ ആദ്യ രാജ്യാന്തര ഗോളിൽ സിംഗപ്പുരിനെ തളച്ച് ഇന്ത്യ. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇരുടീമുകളും 1–1ന് പിരിഞ്ഞു. സിംഗപ്പുരിലെ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിലായിട്ടും രണ്ടാംപകുതിയിൽ പത്തുപേരായി ചുരുങ്ങിയിട്ടും ഇന്ത്യ പതറിയില്ല. 90–ാം മിനിറ്റിൽ എതിർ ടീമിന്റെ പിഴവ് മുതലെടുത്താണ് പകരക്കാരനായെത്തിയ റഹീം ലക്ഷ്യംകണ്ടത്. സി ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ട് പോയിന്റുമായി മൂന്നാമതെത്തി ഇന്ത്യ. സിംഗപ്പുർ (5) ഒന്നാമത് തുടർന്നു. 14ന് ഗോവയിൽ ഇരുടീമുകൾ വീണ്ടും ഏറ്റുമുട്ടും.
പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ ആദ്യ യോഗ്യതാ പോരിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ക്ഷമയോടെയായിരുന്നു. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവായിരുന്നു ക്യാപ്‌റ്റൻ. മുന്നേറ്റത്തിൽ സുനിൽ ഛേത്രിയുമെത്തി. മലയാളി പ്രതിരോധക്കാരൻ മുഹമ്മദ് ഉവൈസ് സംഘത്തിൽ ഉൾപ്പെട്ടു. ആദ്യപകുതിയുടെ പരിക്കുസമയത്ത് ഇഖ്‌സാൻ ഫാൻഡിയാണ് സിംഗപ്പുരിനെ മുന്നിലെത്തിച്ചത്. തിരിച്ചടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇടവേളയ്‌ക്കുശേഷമെത്തിയ ഇന്ത്യയെ ഞെട്ടിച്ച് പ്രതിരോധത്തിലെ കരുത്തൻ സന്ദേശ് ജിങ്കൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 47–ാം മിനിറ്റുമുതൽ ഇന്ത്യ പത്തുപേരിൽ ഒതുങ്ങി.
പിന്നീട് സിംഗപ്പുർ നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗുർപ്രീത് രക്ഷകനായി. കളിയവസാനം സിംഗപ്പുരിന്റെ ജോർദാൻ എംവിയെവെ ഗോളിക്ക് നൽകിയ മൈനസ് പാസ് പിടിച്ചെടുത്താണ് റഹീം വലകുലുക്കിയത്. മലയാളി താരം സഹൽ അബ്‌ദുൽ സമദ് ഇടവേളയ്‌ക്കുശേഷം ഇന്ത്യക്കായി കളത്തിലെത്തി.










0 comments