മെസി വിരമിച്ച ശേഷമുള്ള ആദ്യമത്സരം; തോൽവിയറിഞ്ഞ് അർജന്റീന, ഉറുഗ്വേയ്ക്ക് അട്ടിമറി ജയം

image credit: X
ബ്യൂണസ് ഐറിസ്: സൂപ്പർതാരം ലയണൽ മെസി വിരമിച്ച ശേഷമുള്ള ആദ്യമത്സരത്തിൽ സ്വന്തം നാട്ടിൽ തോൽവിയറിഞ്ഞ് അർജന്റീന. ബ്യൂണസ് ഐറിസിലെ ലാ ബൊംബൊനേര സ്റ്റേഡിയത്തിൽ നടന്ന സൗഹൃദമത്സരത്തിൽ ഉറുഗ്വേയാണ് അർജന്റീനയെ അട്ടിമറിച്ച് വിജയം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളിലൂടെ ഗ്വേ വിജയമുറപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഉറുഗ്വേ ലീഡ് എടുത്തു. 48-ാം മിനിറ്റിൽ ലിയാൻഡ്രോ ബലെർഡിയുടെ സെൽഫ് ഗോളിലൂടെ ഉറുഗ്വേ മുന്നിലെത്തി. ജോർജിയൻ ഡി അരാസ്കയേറ്റ എടുത്ത ഫ്രീകിക്ക് ബലെർഡിയുടെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. 53-ാം മിനിറ്റിൽ അറോജോയിലൂടെ ലീഡ് ഇരട്ടിയാക്കി. 73-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ അർജന്റീന ആശ്വാസ ഗോൾ നേടി.

പന്ത് കൈവശം വയ്ക്കുന്നതിലും ആക്രമണത്തിലും അർജന്റീനയ്ക്കായിരുന്നു മുൻതൂക്കമെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയാഞ്ഞതാണ് തിരിച്ചടിയായത്. മെസ്സിയുടെ അഭാവം അർജന്റീനയുടെ ആക്രമണനിരയിൽ പ്രകടമായിരുന്നു. മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സി മറ്റാർക്കും നൽകാതെയാണ് അർജന്റീന മത്സരത്തിനിറങ്ങിയത്. പന്തടക്കത്തിൽ 72 ശതമാനം ആധിപത്യം പുലർത്തിയ അർജന്റീന 17 ഷോട്ടുകൾ ഉതിർത്തു. ആറെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ മറുവശത്ത് വെറും 28 ശതമാനം പന്തടക്കം മാത്രമുണ്ടായിരുന്ന ഉറുഗ്വേ ആറ് ഷോട്ടുകൾ മാത്രം തൊടുത്ത് മൂന്നെണ്ണം ലക്ഷ്യത്തിലെത്തിച്ചു.
കോസ്റ്ററിക്കയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരം. കോർഡോബയിലാണ് മത്സരം നടക്കുക. അതേ ദിവസം ഉറുഗ്വെ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ നേരിടും.








0 comments