ലോകകപ്പിൽ ചരിത്രം കുറിക്കാൻ മെസി; അർജന്റീന - ഓസ്ട്രിയ മത്സരം ഇന്ന്

ലയണൽ മെസി
സാൻഫ്രാൻസിസ്കോ : ഗ്രൂപ്പ് ജെ-യിൽ തങ്ങളുടെ രണ്ടാം മത്സരത്തിന് അർജന്റീന ഇന്ന് ഇറങ്ങുന്നു. രാത്രി 10:30ന് നടക്കുന്ന മത്സരത്തിൽ ഓസ്ട്രിയയാണ് എതിരാളികൾ. ഈ മത്സരത്തിൽ വിജയം നേടി റൗണ്ട് ഓഫ് 32ലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് മെസിയും സംഘവും ലക്ഷ്യമിടുന്നത്. അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ ഹാട്രിക് മികവിൽ തകർപ്പൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അർജന്റീന. ആരാധകർ വീണ്ടും ഒരു 'മെസി മാജിക്' പ്രതീക്ഷിക്കുമ്പോൾ, കടുത്ത പോരാട്ടമായിരിക്കും മൈതാനത്ത് നടക്കുകയെന്ന് ഉറപ്പാണ്. ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചുവരുന്ന ഓസ്ട്രിയയും മികച്ച ഫോമിലാണ്.
ഇന്ന് മെസിയെ കാത്തിരിക്കുന്നത് റെക്കോഡുകളുടെ ഒരു വലിയ നിരയാണ്. ലോകകപ്പിൽ തുടർച്ചയായി ഗോൾ നേടുന്ന താരമെന്ന റെക്കോഡും ഇതിലുണ്ട്. 5 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടിയ താരം ഇന്ന് ഗോൾ നേടിയാൽ ഇതിഹാസ താരങ്ങളായ ജസ്റ്റ് ഫൊണ്ടെയ്ൻ, സെയർസിഞ്ഞോ എന്നിവർക്ക് ഒപ്പമെത്താം. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച താരമെന്ന നേട്ടവും മെസിയെ കാത്തിരിക്കുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളിൽ നിലവിൽ 8 അസിസ്റ്റുകളുമായി മറഡോണക്കൊപ്പമാണ് താരം. ഒരു അസിസ്റ്റ് കൂടി നേടിയാൽ ഈ റെക്കോഡ് മെസി സ്വന്തം പേരിൽ കുറിക്കും.
നിലവിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോഡ് മെസിക്കാണ്. ഇന്ന് താരം കളത്തിലിറങ്ങുന്നതോടെ അത് 28 മത്സരങ്ങളായി ഉയരും. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ച നായകനെന്ന റെക്കോഡും ഇന്ന് മെസിയുടെ പേരിലാകും. അർജന്റീനയെ നയിക്കുന്നതോടെ 21 മത്സരങ്ങളിൽ നായകനായ താരം എന്ന നേട്ടം മെസിക്കൊപ്പമെത്തും.
കഴിഞ്ഞ മത്സരത്തിലും ഒരുപിടി റെക്കോഡുകൾ മെസി സ്വന്തമാക്കിയിരുന്നു. 24 ഗോൾ പങ്കാളിത്തത്തോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവന നൽകിയ താരങ്ങളിൽ പെലെക്കൊപ്പമാണ് താരം. ഇന്ന് ഗോളോ അസിസ്റ്റോ നൽകിയാൽ ഈ റെക്കോഡും മെസി മറികടക്കും. ആദ്യ മത്സരത്തിൽ ഹാട്രിക് നേടുന്ന പ്രായമേറിയ താരം, 6 ലോകകപ്പുകളിൽ കളിക്കുന്ന താരം, 200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ താരം എന്നീ റെക്കോഡുകളും താരം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.










0 comments