അതിരുകൾ കടന്ന സ്വപ്നം; വീണ്ടും പന്തുതട്ടി അഫ്ഗാൻ വനിതകൾ

Image Courtesy | BBC News
ഓക്‌ലൻഡ് : താലിബാൻ ഭരണത്തിന് കീഴിൽ സ്വന്തം മണ്ണിൽ ഫുട്‌ബോൾ വിലക്കപ്പെട്ട അഫ്ഗാൻ വനിതകൾ പ്രവാസ ജീവിതത്തിനിടെ മൈതാനത്തിലേക്ക് തിരിച്ചുവരികയാണ്. ന്യൂസിലാൻഡിലെ ഓക്‌ലൻഡിൽ കുക്ക് ഐലൻഡ്സിനെതിരെ സൗഹൃദ മത്സരത്തിൽ വീണ്ടും കളത്തിലറങ്ങിയതോടെയാണ് 'അഫ്ഗാൻ വുമൺ യുണൈറ്റഡ്' എന്ന അഭയാർഥി ഫുട്‌ബോൾ ടീം ലോകശ്രദ്ധയാകർഷിച്ചത്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായി മാറുകയാണ് അഫ്ഗാൻ വനിതകൾ.
2021 ആഗസ്തിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതോടെ സ്ത്രീകൾക്ക് കായികമുൾപ്പടെ പല മേഖലകളിലും വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത ദേശീയ വനിതാ ടീമിലെ അംഗങ്ങൾ ചേർന്നാണ് 'അഫ്ഗാൻ വുമൺ യുണൈറ്റഡ്' എന്ന ടീമിന് രൂപം നൽകിയത്. ഭാവിയിൽ ഔദ്യോഗികമായി അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കാമെന്ന് ഏപ്രിലിൽ ഫിഫ വ്യക്തമാക്കിയിരുന്നു.
ആദ്യമായാണ് വിദേശ രാജ്യങ്ങളിൽ കഴിയുന്ന 23 അഫ്ഗാൻ വനിതാ താരങ്ങൾ ഒരുമിക്കുന്നത്. ഒളിമ്പിക്സ്, ലോകകപ്പ് തുടങ്ങിയ വേദികൾ ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണ് ഈ തിരിച്ചുവരവ്. പ്രതിസന്ധികളെയും വിലക്കുകളെയും അതിജീവിച്ചാണ് പല താരങ്ങളും വേദിയിലെത്തിയത്. പരാജയപ്പെട്ടെങ്കിലും വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബൂട്ടണിഞ്ഞ ആത്മവിശ്വാസത്തിലാണ് ഈ വനിതകൾ. തോൽവികൾക്കും വിലക്കുകൾക്കും തങ്ങളുടെ ആത്മവീര്യം തകർക്കാനാവില്ലെന്ന അടയാളപ്പെടുത്തൽ കൂടിയാണിത്.









0 comments