ad
Deshabhimani

രണ്ടാം പകുതിയിൽ മെസിയിറങ്ങി; സമ്പൂർണവിജയവുമായി അർജന്റീന

messi argentina

photo credit: Argentina Football Team facebook

വെബ് ഡെസ്ക്

Published on Jun 28, 2026, 09:45 AM | 1 min read

ഡാലസ് : ​ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ ചാമ്പ്യൻമാരായ അർജന്റീയയ്ക്ക് സമ്പൂർണ വിജയം. രണ്ടാം പകുതിയിൽ സൂപ്പർ താരം മെസി കളത്തിലിറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. മിശിഹായുടെ വകയായിരുന്നു അർജന്റീനയുടെ മൂന്നാം ​ഗോൾ. ഇതോടെ ഈ ലോകകപ്പിൽ മെസിക്ക് ആറ് ​ഗോളുകളായി. ലോകകപ്പിൽ എക്കാലത്തെയും വലിയ ​ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയ മെസി, ഈ മത്സരത്തിൽ ​ഗോളുകളുടെ എണ്ണം 19 ആയി ഉയർത്തി.


ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഒൻപതു പോയിന്റുമായാണ് ചാമ്പ്യൻമാർ നോക്കൗട്ടിനിറങ്ങുന്നത്. കളിയുടെ ആദ്യപകുതിയിൽ തന്നെ അർജന്റീന രണ്ടു തവണ ജോർദാൻ ​ഗോൾവല കുലുക്കി. ജിയോവാനി ലോ സെൽസോ (19–ാം മിനിറ്റ്), ലൗറ്റാരോ മാർട്ടിനെസ് (31–ാം മിനിറ്റ്) എന്നിവരാണ് അർജന്റീനയ്ക്കായി ​ഗോൾ നേടിയത്. പെനാൽറ്റിയിലൂടെയായിരുന്നു മാർട്ടിനെസിന്റെ ​ഗോൾ.


60ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിന്റെ പകരക്കാരനായി കളത്തിലിറങ്ങിയ മെസി 80ാം മിനിറ്റിൽ ഫ്രീക്കിക്കിലൂടെയാണ് അർജന്റീനയുടെ കോളം തികച്ചത്. ബോക്സിനുപുറത്തുനിന്നെടുത്ത കിക്ക് മതിൽകെട്ടി നിന്ന ജോർദാൻ താരങ്ങളെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വല കുലുക്കി. 55ാം മിനിറ്റിൽ മൂസ അൽ തമാരിയാണ് ജോർദാനായി ആശ്വാസ ​ഗോൾ നേടിയത്.


​ഗ്രൂപ്പ് മത്സരങ്ങളെല്ലാം പൂർത്തിയായതോടെ റൗണ്ട് ഓഫ് 32 ചിത്രം തെളിഞ്ഞു. വമ്പൻമാരെ കോട്ട കെട്ടി പ്രതിരോധിച്ച് ലോകകപ്പിൽ വിസ്മയമായ കേപ് വെർ​ദെയാണ് അർജന്റീനയുടെ എതിരാളികൾ.


ഗ്രൂപ്പ് ജെയിലെ തന്നെ മറ്റൊരു മത്സരത്തിൽ അൾജീരിയ ഓസ്ട്രിയയെ സമനിലയിൽ തളച്ചു. ഉടനീളം ആവേശം നിറഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് ഇരുടീമുകളും സമനില​ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ റിയാദ് മഹ്റെസ് ​ഗോൾ നേടിയതോടെ അൾജീരിയ വിജയം ഉറപ്പിച്ചെങ്കിലും പരിക്ക് സമയത്തിന്റെ ആറാം മിനിറ്റിൽ ഞെട്ടിച്ചുകൊണ്ട് ഓസ്ട്രിയയുടെ സാഷ കലാജ്ഡിക് സമനില ​ഗോൾ നേടി. ഇതോടെ ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാലു പോയിന്റാണ് ഇരുടീമുകളുടെയും സമ്പാദ്യം. മൂന്ന് മത്സരങ്ങളും തോറ്റ ജോർദാൻ ലോകകപ്പിൽ നിന്ന് പുറത്തായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home