ad
Deshabhimani

print edition ഫെയർ പ്ലേ 
പുരസ്‌കാരം നെതർലൻഡ്‌സിന്‌

FIFA World cup trophy Championship Rings
വെബ് ഡെസ്ക്

Published on Jul 21, 2026, 01:11 AM | 2 min read

മാന്യമായ കളി പുറത്തെടുത്തതിനുള്ള ഫെയർപ്ലെ പുരസ്‌കാരം നെതർലൻഡ്‌സിന്‌. റ‍ൗണ്ട്‌ ഓഫ്‌ 32ൽ മൊറോക്കോയോട്‌ തോറ്റാണ്‌ യൂറോപ്യൻമാർ പുറത്തായത്‌. നാല്‌ മത്സരങ്ങളിൽ മൂന്ന്‌ മഞ്ഞ കാർഡ്‌ മാത്രം വഴങ്ങി. ചുവപ്പ്‌ കാർഡില്ല. ഗ്രൂപ്പിൽ ജപ്പാനെതിരായ മത്സരത്തിലായിരുന്നു മൂന്ന്‌ മഞ്ഞ കാർഡും. ബാക്കി മൂന്ന്‌ കളിയിൽ ഒരു കാർഡ്‌ പോലും ലഭിച്ചില്ല.


ഗോൾഡൻ ബോൾ


റോഡ്രി

സ്‌പെയ്‌നിനെ രണ്ടാം ലോകകിരീടത്തിലേക്ക്‌ നയിച്ച ക്യാപ്‌റ്റൻ. ഗ്രൂപ്പ്‌ ഘട്ടം മുതൽ ഫൈനൽ വരെ സ്‌പെയ്‌ൻ കളിച്ച എട്ട്‌ മത്സരത്തിന്റെയും താളം നിശ്‌ചയിച്ചത്‌ റോഡ്രിയുടെ ബൂട്ടുകളായിരുന്നു. 93 ശതമാനം കൃത്യതയോടെ 747 പാസുകൾ കൈമാറി. ലോകകപ്പിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സിൽവർ ബോൾ ലയണൽ മെസിക്കും മൂന്നാമത്തെ കളിക്കാരനുള്ള ‘വെങ്കലപ്പന്ത്‌’ കിലിയൻ എംബാപ്പെയ്‌ക്കും ലഭിച്ചു.


ഗോൾഡൻ ബൂട്ട്‌


കിലിയൻ എംബാപ്പെ

കൂടുതൽ ഗോളടിച്ചതിനുള്ള ഗോൾഡൻ ബൂട്ട്‌ തുടർച്ചയായ രണ്ടാം ലോകകപ്പിലും കരസ്ഥമാക്കുന്ന ആദ്യ താരം. എട്ട്‌ കളിയിൽ 10 ഗോളും നാല്‌ ഗോളവസരങ്ങളും. 2022 ഖത്തർ ലോകകപ്പിൽ എട്ട്‌ ഗോൾ നേടി. 22 ഗോളുമായി ലോകകപ്പ്‌ ചരിത്രത്തിലെ ഗോൾവേട്ടക്കാരിലും ഒന്നാമൻ. എട്ട്‌ ഗോൾ നേടിയ ലയണൽ മെസിക്ക്‌ സിൽവർ ബൂട്ടും ഏഴ്‌ ഗോൾ നേടിയ ഇംഗ്ലണ്ടിന്റെ ജൂഡ്‌ ബെല്ലിങ്‌ഹാമിന്‌ വെങ്കല ബൂട്ടും ലഭിച്ചു.


ഗോൾഡൻ ഗ്ല‍ൗ


ഉനായ്‌ സിമോൺ

മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ല‍ൗ പുരസ്‌കാരം സ്‌പാനിഷ്‌ ഗോളി ഉനായ്‌ സിമോണിന്‌. ടൂർണമെന്റിലാകെ ഒരു ഗോൾ മാത്രമാണ്‌ വഴങ്ങിയത്‌. ഏഴ്‌ മത്സരങ്ങളിൽ ഗോൾ വഴങ്ങിയില്ല. ആകെ 14 രക്ഷപ്പെടുത്തലുകൾ നടത്തി.


ഏറ്റവും കൂടുതൽ രക്ഷപ്പെടുത്തലുകൾ നടത്തിയതിൽ പരാഗ്വേയുടെ ഒർലാൻഡോ ഗിൽ ആണ്‌ ഒന്നാമത്‌ (28). ഫൈനലിൽ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്‌ 12 സേവുകൾ നടത്തി. ആകെ 20.



മികച്ച യുവതാരം


പ‍ൗ കുബാർസി

സ്‌പെയ്‌നിന്റെ വിശ്വസ്‌തനായ കാവൽക്കാരൻ. സെമിയിൽ കിലിയൻ എംബാപ്പെയെയും ഫൈനലിൽ ലയണൽ മെസിയെയും ഗോൾ അടിക്കാൻ അനുവദിക്കാതെ പൂട്ടിയ പ്രതിരോധനിരയ്‌ക്ക്‌ നേതൃത്വം നൽകിയത്‌ പത്തൊന്പതുകാരനാണ്‌. ലോകകപ്പിൽ സ്‌പെയ്‌ൻ ആകെ വഴങ്ങിയത്‌ ഒരു ഗോളാണെന്നതും കുബാർസിയുടെ മികവിന്റെ സാക്ഷ്യപത്രമാണ്‌.


104 കളിയിൽ 
308 ഗോൾ


​ലോകകപ്പിലെ 104 കളിയിൽ പിറന്നത്‌ 308 ഗോൾ. ഒരു കളിയിൽ ശരാശരി 2.96 ഗോൾ. ലോകകപ്പ്‌ ചരിത്രത്തിലെ റെക്കോഡാണിത്‌. 172 ഗോളുണ്ടായ 2022 ഖത്തർ ലോകകപ്പിനെ ഗ്ര‍ൂപ്പ്‌ ഘട്ടത്തിൽ തന്നെ പിന്തള്ളിയിരുന്നു. ഗ്രൂപ്പ്‌ ഘട്ടത്തിൽ മാത്രം 72 മത്സരങ്ങളിൽ 215 തവണ വല കുലുങ്ങി. നോക്ക‍ൗട്ടിൽ 93 പ്രാവശ്യവും.


ലൂസേഴ്‌സ്‌ ഫൈനലിലെ പ്രകടനത്തോടെ ഗോളടിയിൽ ഇംഗ്ലണ്ടും ഫ്രാൻസും ഒന്നാമതെത്തി. ഇരു ടീമുകളും 20 ഗോൾ വീതമാണ്‌ അടിച്ചുകൂട്ടിയത്‌. ലൂസേഴ്‌സ്‌ ഫൈനലിൽ ഇംഗ്ലണ്ട്‌ ആറും ഫ്രാൻസ്‌ നാലും ഗോൾ നേടിയിരുന്നു. 19 തവണ ലക്ഷ്യം കണ്ട അർജന്റീനയാണ്‌ രണ്ടാമത്‌. ചാമ്പ്യൻമാരായ സ്‌പെയ്‌ൻ 14 ഗോളുമായി മൂന്നാമതാണ്‌. ഗ്രൂപ്പ്‌ ഘട്ടത്തിൽ മടങ്ങിയ പാനമ മാത്രമാണ്‌ ഗോൾ കണ്ടെത്താത്ത ഏക ടീം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home