സലാ മിന്നി, ഇൗജിപ്‌ത് കടന്നു ; ഘാന, കേപ് വെർദെ അരികെ

ലോകകപ്പ് യോഗ്യത നേടിയ ഈജിപ്ത് ടീം ക്യാപ്റ്റൻ മുഹമ്മദ് സലാ (വലത്ത്) സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ
ജിബൂട്ടി സിറ്റി
ഇടവേളയ്‌ക്കുശേഷം ഇൗജിപ്‌ത് ലോകകപ്പ് ഫുട്‌ബോൾ കളിക്കാനെത്തുന്നു. സൂപ്പർ താരം മുഹമ്മദ് സലായുടെ നേതൃത്വത്തിൽ ജിബൂട്ടിയെ മൂന്ന് ഗോളിന് തകർത്താണ് ഇൗജിപ്‌തിന്റെ കുതിപ്പ്. സലാ ഇരട്ടഗോളടിച്ചു. ഒരെണ്ണം ഇബ്രാഹിം അദെൽ നേടി. ആഫ്രിക്കൻ മേഖലയിൽനിന്ന് ഘാനയും കേപ് വെർദെയും യോഗ്യതയ്‌ക്ക് അരികെയെത്തി.
ആഫ്രിക്കയിൽനിന്ന് അടുത്ത വർഷത്തെ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ രാജ്യമാണ് ഇൗജിപ്‌ത്. മൊറോക്കോയും ടുണീഷ്യയും യോഗ്യത ഉറപ്പാക്കിയിരുന്നു. ഇൗജിപ്‌തിന്റെ നാലാം ലോകകപ്പാണ്. 1934, 1990, 2018 വർഷങ്ങളിലാണ് ഇതിന് മുന്പ് ലോകകപ്പ് കളിച്ചത്.
ലിബിയയോട് രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം 3–3ന് സമനില പിടിച്ച വെർദെയ്‌ക്ക് അടുത്ത കളിയിൽ അവസാന സ്ഥാനത്തുള്ള ഇസ്വാടിനിയാണ് എതിരാളി. രണ്ടാമതുള്ള കാമറൂണിനെക്കാൾ രണ്ട് പോയിന്റ് മുന്നിലാണ് വെർദെ. കാമറൂൺ അവസാന കളിയിൽ മൗറീഷ്യസിനെ തോൽപ്പിച്ചു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിനെ അഞ്ച് ഗോളിന് തകർത്ത ഘാനയ്‌ക്ക് ഒറ്റ പോയിന്റ് മതി.
19 ടീമുകൾ ലോകകപ്പിന്
അമേരിക്ക, കനഡ, മെക്‌സിക്കോ (ആതിഥേയർ), അർജന്റീന, ബ്രസീൽ, ഉറുഗ്വേ, ഇക്വഡോർ, കൊളംബിയ, പരാഗ്വേ (ലാറ്റിനമേരിക്ക), ഓസ്‌ട്രേലിയ, ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ജോർദാൻ, ഉസ്‌ബെക്കിസ്ഥാൻ (ഏഷ്യ), ഇൗജിപ്‌ത്, ടുണീഷ്യ, മൊറോക്കോ (ആഫ്രിക്ക), ന്യൂസിലൻഡ് (ഓഷ്യാനിയ).
സൗദിക്ക് ജയം
ഏഷ്യൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിർണായക ജയംകുറിച്ച് സൗദി അറേബ്യ. നാലാം റൗണ്ടിൽ പൊരുതിക്കളിച്ച ഇന്തോനേഷ്യയെ 3–2ന് തോൽപ്പിച്ചു. ഇരട്ടഗോളുമായി ഫെറാസ് അൽ ബ്രിക്കനാണ് ജയമൊരുക്കിയത്. അടുത്ത കളിയിൽ ഇറാഖിനെ തോൽപ്പിച്ചാൽ സൗദിക്ക് ലോകകപ്പ് കളിക്കാം.
ഗ്രൂപ്പ് എയിൽ ഒമാനും ഖത്തറും ഗോളടിക്കാതെ പിരിഞ്ഞു. ഇരു ഗ്രൂപ്പിലെയും ജേതാക്കൾക്കാണ് യോഗ്യത. ഏഷ്യയിൽനിന്ന് ആറ് ടീമുകൾ ഇതിനകം യോഗ്യത നേടി. രണ്ട് സ്ഥാനം ബാക്കി.
ഫ്രാൻസ്, ജർമനി കളത്തിൽ
ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങളിൽ ഇന്ന് മുൻ ചാമ്പ്യൻമാരായ ഫ്രാൻസും ജർമനിയും കളത്തിൽ. ഫ്രാൻസ് അസെർബയ്‌ജാനെയും ജർമനി ലക്‌സംബർഗിനെയും നേരിടും. ഗ്രൂപ്പ് ഡിയിൽ തുടർച്ചയായ മൂന്നാംജയമാണ് ഫ്രാൻസിന്റെ ലക്ഷ്യം. അതേസമയം, ഗ്രൂപ്പ് എയിൽ മൂന്നാമതുള്ള ജർമനിക്ക് ജയം അനിവാര്യമാണ്. ഒന്നാമതുള്ള സ്ലൊവാക്യ രണ്ടാംസ്ഥാനക്കാരായ വടക്കൻ അയർലൻഡിനെ നേരിടും.









0 comments