സ്‌പെയ്‌ൻ, ബൽജിയം, സ്വിസ് കടന്നു ; 28 വർഷത്തിനുശേഷം സ്കോട്ലൻഡ്
print edition 42/48 ; വൻകരകൾ ഒരുങ്ങി , ഇനി പ്ലേ ഓഫ് മത്സരങ്ങൾ

ഡെൻമാർക്കിനെതിരെ സ്--കോട്ലൻഡിനായി ഗോൾ നേടിയ സ്‌കോട് മക്‌ടോമിനിയുടെയും സഹകളിക്കാരുടെയും ആഹ്ലാദം
ന്യൂയോർക്ക്
നേരിട്ടുള്ള യോഗ്യതാ പോരുകൾ പൂർത്തിയായി, ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയിൽ ഇനി പ്ലേ ഓഫ് മത്സരങ്ങൾ മാത്രം. 42 ടീമുകൾ എത്തി. ആറ് സ്ഥാനമാണ് ശേഷിക്കുന്നത്. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിൽ ആറ് ടീമുകളും യൂറോപ്യൻ പ്ലേ ഓഫിൽ 16 ടീമുകളുമാണ് രംഗത്ത്. അടുത്ത വർഷം ജൂണിൽ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ്. 48 ടീമുകൾ ഇറങ്ങുന്ന ആദ്യ ലോകകപ്പും കൂടിയാണിത്.
യൂറോപ്പിൽനിന്ന് സ്‌പെയ്‌ൻ, ബെൽജിയം, സ്‌കോട്‌ലൻഡ്, ഓസ്‌ട്രിയ ടീമുകൾ കൂടി മുന്നേറി. കോൺകാകാഫ് മേഖലയിൽനിന്ന് പാനമ, ഹെയ്‌തി, കുറസാവോ ടീമുകളും യോഗ്യത നേടി.
യൂറോപ്പിൽ തുർക്കിയോട് 2–2ന് പിരിയേണ്ടിവന്നെങ്കിലും സ്‌പെയ്‌നിന് പ്രതിസന്ധിയുണ്ടായില്ല. ഡാനി ഒൽമോയും മിക്കേൽ ഒയർസബാലുമായാണ് മുൻ ജേതാക്കൾക്കായി ഗോൾ നേടിയത്. ആറ് കളിയിൽ ആദ്യ സമനിലയാണ് സ്‌പെയ്‌നിന്. തുടർച്ചയായ 31 കളിയിൽ തോൽവിയറിയാത്ത ടീം റെക്കോഡിനൊപ്പമെത്തി. 2018–2021 കാലഘട്ടത്തിൽ ഇറ്റലി കുറിച്ച അപരാജിത റെക്കോഡിനൊപ്പമാണ് എത്തിയത്. 17–ാം തവണയാണ് സ്‌പെയ്‌ൻ ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പിൽ രണ്ടാമതുള്ള തുർക്കി പ്ലേ ഓഫിലെത്തി.
കരുത്തരായ ഡെൻമാർക്കിനെ 4–2ന് കീഴടക്കിയാണ് സ്‌കോട്‌ലൻഡിന്റെ കുതിപ്പ്. 28 വർഷത്തിനുശേഷമാണ് സ്‌കോട്‌ലൻഡിന്റെ ലോകകപ്പ് പ്രവേശം. പരിക്കുസമയത്ത് കീറൺ ടിയേണിയും കെന്നി മക്‌ലാരനുമാണ് ജയംകുറിച്ചത്. സ്‌കോട് മക്‌ടോമിനിയുടെ തകർപ്പൻ സിസർ കട്ടിൽ മുന്നിലെത്തിയ സ്‌കോട്ടുകാരെ റാസ്‌മുസ് ഹോയ്‌ലുണ്ടിന്റെ പെനൽറ്റി ഗോളിൽ ഡെൻമാർക്ക് പിടിച്ചു. എന്നാൽ ഷാൻങ്ക്‌ലാൻഡ് സ്‌കോട്ടിന് വീണ്ടും ലീഡൊരുക്കി. ദോർഗുവിലൂടെ ഡെൻമാർക്ക് ഉടൻ ഒപ്പമെത്തി. പരിക്കുസമയത്തുളള തകർപ്പൻ കളിയിൽ സ്‌കോട്ട് കളി പിടിക്കുകയായിരുന്നു. ഡെൻമാർക്ക് പ്ലേ ഓഫ് കളിക്കും
കൊസോവോയുമായി 1–1ന് പിരിഞ്ഞ സ്വിറ്റ്‌സർലൻഡും മുന്നേറി. അപരാജിതരായാണ് സ്വിസുകാർ യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. കൊസോവോ പ്ലേ ഓഫിൽ കടന്നു.
ബോസ്‌നിയ ഹെർസെഗോവിനക്കെതിരെ 1–1ന് പിരിഞ്ഞ ഓസ്‌ട്രിയ 1998നുശേഷം ആദ്യമായി ലോകകപ്പിനെത്തി. ബോസ്‌നിയ രണ്ടാംസ്ഥാനക്കാരായി പ്ലേ ഓഫിലെത്തി.
ലിച്ചെൻസ്‌റ്റീനെ ഏഴ് ഗോളിന് തകർത്താണ് ബൽജിയം മുന്നേറിയത്. ജെറെമി ഡൊക്കുവും ഡി കെറ്റലീയറും ഇരട്ടഗോൾ നേടി. മറ്റൊരു മത്സരത്തിൽ നോർത്ത് മാസിഡോണിയയെ സമാന സ്‌കോറിന് തീർത്ത് വെയ്‌ൽസ് പ്ലേ ഓഫിൽ കടന്നു.
യൂറോപ്പിൽനിന്ന് 12 ടീമുകളാണ് യോഗ്യത നേടിയത്. ഇനി നാല് സ്ഥാനത്തിനായി 16 ടീമുകൾ കളിക്കും. മികച്ച രണ്ടാംസ്ഥാനക്കാർക്കൊപ്പം നേഷൻസ് ലീഗിലെ ഗ്രൂപ്പ് ജേതാക്കളും ഇതിൽ ഉൾപ്പെടും.
കോൺകാകാഫിൽ എൽ സാൽവദോറിനെ മൂന്ന് ഗോളിന് കീഴടക്കിയാണ് ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരായി പാനമ മുന്നേറിയത്. ഗ്വാട്ടിമലയോട് 3–1ന് തോറ്റ സുരിനാം പ്ലേ ഓഫിലായി. ഗ്രൂപ്പ് ബിയിൽ കരുത്തരായ ജമൈക്കയെ ഗോൾരഹിതമായി കുരുക്കിയാണ് കുറസാവോയുടെ മുന്നേറ്റം. ജമൈക്ക പ്ലേ ഓഫിൽ കടന്നു.
ഗ്രൂപ്പ് സിയിൽ നിക്കരാഗ്വയെ രണ്ട് ഗോളിന് കീഴടക്കി ഹെയ്‌തിയും മുന്നേറി. 1974നുശേഷം ആദ്യമായാണ് ഹെയ്‌തിയുടെ മുന്നേറ്റം. കോസ്‌റ്ററിക്കയെ സമനിലയിൽ പിടിച്ച ഹോണ്ടുറാസ് പ്ലേ ഓഫിലെത്തി. കോസ്--റ്ററിക്ക പുറത്തായി.
42 ടീമുകൾക്ക് യോഗ്യത
ആതിഥേയർ: കനഡ, മെക്‌സിക്കോ, അമേരിക്ക.
ആഫ്രിക്ക: അൾജീരിയ, കേപ് വെർദെ, ഇൗജിപ്‌ത്, ഘാന, ഐവറികോസ്റ്റ്, മൊറോക്കോ, സെനഗൽ, ദക്ഷിണാഫ്രിക്ക, ടുണീഷ്യ.
ഏഷ്യ: ഓസ്‌ട്രേലിയ, ഇറാൻ, ജപ്പാൻ, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഉസ്‌ബെകിസ്ഥാൻ.
യൂറോപ്: ഓസ്‌ട്രിയ, ബൽജിയം, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ, സ്‌കോട്‌ലൻഡ്, സ്‌പെയ്‌ൻ, സ്വിറ്റ്‌സർലൻഡ്.
ഓഷ്യാനിയ: ന്യൂസിലൻഡ്.
ലാറ്റിനമേരിക്ക: അർജന്റീന, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പരാഗ്വേ, ഉറുഗ്വേ.
വടക്കൻ–മധ്യ അമേരിക്ക/കരീബിയൻ: കുറസാവോ, പാനമ, ഹെയ്‌തി.
48 ടീമുകൾ 104 മത്സരങ്ങൾ
ലോകകപ്പ് ഫുട്‌ബോളിന്റെ 23–ാം പതിപ്പാണ് അടുത്തവർഷം നടക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19വരെ മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലാണ് ലോകകപ്പ്. മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയരാകുന്നത് ആദ്യമാണ്. ടീമുകളുടെ എണ്ണം 48 ആയി ഉയർന്നു. നിലവിൽ 32 ആണ്. അമേരിക്കയിലെ 11 നഗരങ്ങളിൽ 78 കളികൾ നടക്കും. മെക്‌സിക്കോയിലെ മൂന്ന് നഗരങ്ങളിലായി 13 കളിയുണ്ടാകും. കാനഡയിലെ രണ്ട് നഗരങ്ങളിൽ 13 മത്സരങ്ങളാണ്.
ഗ്രൂപ്പ് നറുക്കെടുപ്പ് ഡിസംബർ അഞ്ചിന്
ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് നറുക്കെടുപ്പ് ഡിസംബർ അഞ്ചിന്. വാഷിങ്‌ടണിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ്. 12 ഗ്രൂപ്പുകളിലായി നാല് വീതം ടീമുകൾ ഉൾപ്പെടും. പ്ലേ ഓഫ് യോഗ്യത കളിച്ചെത്തുന്ന് ആറ് ടീമുകളുടെ സ്ഥാനവും ഉൾപ്പെടുത്തും. മാർച്ചിൽ പ്ലേ ഓഫ് കഴിഞ്ഞാലാണ് ഗ്രൂപ്പ് ചിത്രം പൂർണമാകൂ. നറുക്കെടുപ്പ് ചടങ്ങിൽ പ്രഥമ ഫിഫ സമാധാന പുരസ്‌കാര വിജയിയെയും പ്രഖ്യാപിക്കും.
പ്ലേ ഓഫിന് 22 ടീമുകൾ
ആറ് സ്ഥാനങ്ങൾക്കായുള്ള പ്ലേ ഓഫ് മത്സരങ്ങൾ മാർച്ചിൽ നടക്കും. ആകെ 22 ടീമുകളാണ് പ്രതീക്ഷയോടെ ഇറങ്ങുന്നത്. യൂറോപ്പിൽനിന്ന് 16 ടീമുകളാണുള്ളത്. നാല് ടീമുകൾക്ക് യോഗ്യത കിട്ടും. യോഗ്യതാ റൗണ്ടിലെ 12 ഗ്രൂപ്പ് റണ്ണറപ്പുകളും നേഷൻസ് ലീഗ് ഫുട്‌ബോളിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായ നാല് ടീമുകളുമാണ് യൂറോപ്പിൽനിന്നുള്ളത്. ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ ആറ് ടീമുകളാണ്. രണ്ട് സ്ഥാനമാണുള്ളത്.
യൂറോപ്യൻ ടീമുകൾ: ഇറ്റലി, പോളണ്ട്, അയർലൻഡ്, റുമാനിയ, ഡെൻമാർക്ക്, വെയ്‌ൽസ്, അൽബേനിയ, സ്വീഡൻ, തുർക്കി, ചെക്ക് റിപ്പബ്ലിക്, ബോസ്‌നിയ ഹെർസെഗോവിന, നോർത്ത് മാസിഡോണിയ, ഉക്രയ്ൻ, സ്ലൊവാക്യ, കൊസോവോ, വടക്കൻ അയർലൻഡ്.
കളി ഇങ്ങനെ
യൂറോപ്പിൽ ആദ്യ ഘട്ടം എട്ട് സെമി മത്സരങ്ങളാണ്. ഇതിൽ ജയിക്കുന്നവർ ഫൈനലിലേക്ക് മുന്നേറും. ഇത്തരത്തിൽ നാല് പ്ലേ ഓഫ് ഫൈനൽ നടക്കും. ഇതിൽ ജയിക്കുന്ന ടീം ലോകകപ്പിന് യോഗ്യത നേടും.
ഇന്റർ കോണ്ടിനെന്റലിൽ കാര്യങ്ങൾ ലളിതമാണ്. രണ്ട് ഫൈനലുകളാണ്. ഇറാഖും കോംഗോയും നേരിട്ട് ഓരോ ഫൈനലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബൊളീവിയ, ജമൈക്ക, ന്യൂ കാലെഡോണിയ, സുരിനാം എന്നിവർ സെമി കളിക്കും. ജയിക്കുന്നവർ ഫൈനലിലെത്തും. ഫൈനൽ പരീക്ഷയും കടക്കുന്ന രണ്ട് ടീമുകൾ മുന്നേറും.
നറുക്കെടുപ്പ് ഇന്ന്
പ്ലേ ഓഫ് മത്സരങ്ങൾ നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ഇന്ന് സൂറിച്ചിൽ ഫിഫ ആസ്ഥാനത്താണ് നറുക്കെടുപ്പ്. അതോടെ മത്സരചിത്രം വ്യക്തമാകും.









0 comments