കപ്പിലേക്ക് കളി ; യോഗ്യത തേടി ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെളളിയാഴ്ച അസെർബയ്ജാനെ നേരിടാനൊരുങ്ങുന്ന ഫ്രഞ്ച് ടീം പരിശീലനത്തിൽ

Sports Desk
Published on Oct 08, 2025, 12:00 AM | 2 min read
ന്യൂയോർക്ക്
ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയ്‌ക്കായുള്ള ഓട്ടപ്പാച്ചിലാണ് ഇന്ന് മുതൽ. അടുത്ത വർഷം അമേരിക്കയിലും കനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിലേക്കുള്ള നിർണായക യോഗ്യതാ മത്സരങ്ങളാണ് വരുംദിനങ്ങളിൽ. യൂറോപ്പും ആഫ്രിക്കയുമാണ് ഇക്കുറി സജീവമായി രംഗത്ത്. ലയണൽ മെസിയുടെ അർജന്റീനയും ബ്രസീലും ഉൾപ്പെടുന്ന ലാറ്റിനമേരിക്കൻ മേഖലയിൽ യോഗ്യതാ പോരാട്ടം പൂർത്തിയായി. യൂറോപ്പിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഒക്‌ടോബറിലെ യോഗ്യതാ പോരിൽതന്നെ ടിക്കറ്റ് ഉറപ്പിക്കാം. ആഫ്രിക്കയിലെ യോഗ്യതക്കാരിലും തീരുമാനമാകും. ഏഷ്യയിൽ ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായാണ് പോരാട്ടം.
ആതിഥേയരായ അമേരിക്ക, കനഡ, മെക്‌സിക്കോ ടീമുകൾ ഉൾപ്പെടെ 18 രാജ്യങ്ങൾ യോഗ്യത ഉറപ്പാക്കി. 30 ടീമുകൾക്ക്‌കൂടി അവസരമുണ്ട്. ഇക്കുറി ആദ്യമായി ലോകകപ്പിൽ 48 ടീമുകൾ കളിക്കും.
ഏഷ്യയിൽ ചിത്രം തെളിയുന്നു
ഏഷ്യയിൽ രണ്ട് സ്ഥാനത്തിനായാണ് പോരാട്ടം. ആറ് ടീമുകൾ യോഗ്യത നേടി. ശേഷിക്കുന്ന സ്ഥാനത്തിനായി ആറ് ടീമുകളാണ് രംഗത്ത്. ഒമാൻ, ഖത്തർ, യുഎഇ ടീമുകൾ എ ഗ്രൂപ്പിലും ഇന്തോനേഷ്യ, സൗദി അറേബ്യ, ഇറാഖ് ടീമുകൾ ബി ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ നേരിട്ട് ലോകകപ്പ് കളിക്കും. രണ്ടാംസ്ഥാനക്കാർ പരസ്‌പരം കളിക്കും. ജയിക്കുന്ന ടീമിന് നവംബറിലെ പ്ലേ ഓഫ് കളിക്കാം. ജയിച്ചാൽ യോഗ്യത. ഇന്ന് ഒമാൻ ഖത്തറിനെയും ഇന്തോനേഷ്യ സൗദി അറേബ്യയെയും നേരിടും.
ഉറപ്പിക്കാൻ റൊണാൾഡോ
യൂറോപ്പിൽനിന്ന് ഇതുവരെ ഒരു ടീമും യോഗ്യത ഉറപ്പാക്കിയിട്ടില്ല. 48 ടീമുകളാണ് രംഗത്ത്. 16 ടീമുകൾക്ക് നേരിട്ട് യോഗ്യത കിട്ടും. 12 ഗ്രൂപ്പ് ചാമ്പ്യൻമാർ കടക്കും. ശേഷിക്കുന്ന നാല് സ്ഥാനത്തിനായി പ്ലേ ഓഫാണ്. നാളെ മുതൽ 14വരെയാണ് യോഗ്യതാ പോരുകൾ. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ, ക്രൊയേഷ്യ, ഫ്രാൻസ്, സ്ലൊവാക്യ, സ്വിറ്റ്‌സർലൻഡ്, ഇംഗ്ലണ്ട്, നോർവെ, സ്‌പെയ്‌ൻ ടീമുകൾ യോഗ്യതയ്‌ക്ക് അരികെയാണ്.
ഗ്രൂപ്പ് എഫിൽ പോർച്ചുഗൽ രണ്ട് മത്സരമാണ് പൂർത്തിയാക്കിയത്. രണ്ടും ജയിച്ചു. 11ന് അയർലൻഡുമായാണ് അടുത്ത കളി. 14ന് ഹംഗറിയുമായും കളിക്കും. ഗ്രൂപ്പ് ഐയിൽ അഞ്ച് കളിയും ജയിച്ച എർലിങ് ഹാലണ്ടിന്റെ നോർവെ യോഗ്യതയ്‌ക്കരികെയെത്തി. അടുത്ത കളിയിൽ 11ന് ഇസ്രയേലിനെ തോൽപ്പിച്ചാൽ ഏറെക്കുറെ ഉറപ്പിക്കാം. ഗ്രൂപ്പിൽ രണ്ടാമതുള്ള ഇറ്റലിക്ക് ഒരു കളി കുറവാണ്. 11ന് എസ്‌തോണിയയുമായാണ് മത്സരം.
ഗ്രൂപ്പ് ഇയിൽ സ്‌പെയ്‌ൻ അന്നുതന്നെ ജോർജിയയെ നേരിടും. ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിന് 10ന് അസെർബയ്‌ജാനാണ് എതിരാളി. ഗ്രൂപ്പ് കെയിൽ ഇംഗ്ലണ്ടിന് 14ന് നടക്കുന്ന കളിയിൽ ലാത്വിയയെ തോൽപ്പിച്ചാൽ യോഗ്യത നേടാം.
സലാ ഇറങ്ങുന്നു
ടുണീഷ്യയും മൊറോക്കോയും യോഗ്യതാ ഉറപ്പാക്കിയ ആഫ്രിക്കൻ മേഖലയിൽ മുഹമ്മദ് സലായുടെ ഇൗജിപ്‌താണ് അരികെയുള്ളത്. ഇന്ന് ഗ്രൂപ്പ് എയിൽ അവസാന സ്ഥാനക്കാരായ ജിബൂട്ടിയെ തോൽപ്പിച്ചാൽ ഇൗജിപ്‌തിന് യോഗ്യത ഉറപ്പിക്കാം. സെനെഗൽ, അൾജീരിയ, ഘാന ടീമുകളും ഇൗ യോഗ്യതാ റൗണ്ടിൽ ഇടംപിടിച്ചേക്കും. അതേസമയം, കാമറൂൺ, നൈജീരിയ ടീമുകൾ സമ്മർദത്തിലാണ്.

18 ടീമുകൾക്ക് യോഗ്യത
ലാറ്റിനമേരിക്ക
ആകെ സ്ഥാനം: 6
അർജന്റീന, ബ്രസീൽ, ഉറുഗ്വേ, ഇക്വഡോർ, കൊളംബിയ, പരാഗ്വേ
ഏഷ്യ
ആകെ സ്ഥാനം: 8
യോഗ്യത നേടിയത് 6: ഓസ്‌ട്രേലിയ, ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ജോർദാൻ, ഉസ്‌ബെക്കിസ്ഥാൻ
യൂറോപ്പ്
ആകെ സ്ഥാനം: 16
യോഗ്യത നേടിയത് : 0
ആഫ്രിക്ക
ആകെ സ്ഥാനം :9
യോഗ്യത നേടിയത്: ടുണീഷ്യ, മൊറോക്കോ
കോൺകാകാഫ്
ആകെ സ്ഥാനം: 3
യോഗ്യത നേടിയത്
ഓഷ്യാനിയ
ആകെ സ്ഥാനം : 1
യോഗ്യത നേടിയത്: ന്യൂസിലൻഡ്
പ്ലേ ഓഫ് കളിക്കുന്ന ടീമുകൾ: 6
(അതിൽ രണ്ട് ടീമുകൾക്ക് ലോകകപ്പിന് അവസരം)
പ്ലേ ഓഫിലെത്തിയവർ: ബൊളീവിയ, ന്യൂ കാലിഡോണിയ









0 comments