Deshabhimani

സൂപ്പർ ലീഗ്‌ കേരളയിലെ മലബാർ ഡെർബി ഇന്ന്‌

Super League kerala.jpg
വെബ് ഡെസ്ക്

Published on Oct 02, 2026, 07:54 AM | 1 min read

കോഴിക്കോട്‌: സൂപ്പർ ലീഗ്‌ കേരളയിലെ ആവേശകരമായ മലബാർ ഡെർബിക്ക്‌ വെള്ളിയാഴ്ച കിക്കോഫ്‌. ആവേശം വാനോളമുയരുന്ന കാലിക്കറ്റ്‌ എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള മത്സരം രാത്രി 7.30ന്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്‌ മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ കാലിക്കറ്റ്‌ എഫ്‌സി ക്യാപ്റ്റൻ കെ പ്രശാന്തിന്റെ വാക്കുകളാണ്‌ ആരാധകരും പറയുന്നത്‌. ‘വി ആർ വെയ്‌റ്റിങ്’.


ആദ്യമത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്ക്‌ തകർത്തതിന്റെ ആവേശത്തിലാണ്‌ കാലിക്കറ്റ്‌ ഇറങ്ങുന്നത്‌. മലബാർ ഡെർബിയിൽ ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രവും ആതിഥേയർക്ക്‌ ആത്മവിശ്വാസമുയർത്തുന്നു. രണ്ട് സീസണുകളിലായി ഇരു ടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിജയവും ഒരു സമനിലയുമാണ്‌ കാലിക്കറ്റ് എഫ്‌സിയുടെ സമ്പാദ്യം. അയൽക്കാരെ ഇതുവരെ തോൽപ്പിക്കാനാകാത്ത മലപ്പുറത്തിന് ഈ റെക്കോഡ് തിരുത്താനുള്ള അവസരമാണ് വെള്ളിയാഴ്ചത്തെ സൂപ്പർ പോരാട്ടം. എന്നാൽ, ആദ്യ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഫോർസ കൊച്ചി എഫ്‌സിയോട് 1-–0-ന് പരാജയപ്പെട്ടാണ്‌ മലപ്പുറം വരുന്നത്‌. ടൂർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക്‌ ജയം അനിവാര്യമാണ്‌. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കാണികൾ എത്തിയ മത്സരമായിരുന്നു കോഴിക്കോട്ട്‌ നടന്ന മലബാർ ഡെർബി. സീസണിലെ ആദ്യ വിജയവും മൂന്ന് പോയിന്റും നേടാൻ മലപ്പുറം ഇറങ്ങുമ്പോൾ, റെക്കോഡ് നിലനിർത്താനായിരിക്കും കാലിക്കറ്റിന്റെ ശ്രമം.


വാർത്താസമ്മേളനത്തിൽ മുഖ്യപരിശീലകരായ എവർ ഡെമാൾഡെ, കരീം ബെൻചെരിഫ, മലപ്പുറം എഫ്‌സി ക്യാപ്‌റ്റൻ അമാധൗ സൊക്കുന, മുഹമ്മദ് ബിലാൽ എന്നിവർ പങ്കെടുത്തു. ടിക്കറ്റുകൾ superleaguekerala.com/tickets എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സ്റ്റേഡിയത്തിന് സമീപമുള്ള ബോക്സ് ഓഫീസിലും ടിക്കറ്റുകൾ ലഭിക്കും.

​

‘ആദ്യ മത്സരത്തിലെ മുന്നേറ്റം തുടരാനാകുമെന്നാണ് പ്രതീക്ഷ. ടീം വളരെ നന്നായി ഒത്തിണങ്ങിയിട്ടുണ്ട്. പരിചയസമ്പന്നരായ കളിക്കാരോട് കിടപിടിച്ച് കളിക്കുന്ന യുവതാരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നു’– എവർ ഡെമാൾഡെ (കാലിക്കറ്റ് എഫ്‌സി മുഖ്യപരിശീലകൻ).

​

‘സീസണിലെ ആദ്യ വിജയത്തിനായി ആഗ്രഹിക്കുന്ന ശക്തമായ ഒരു ടീമാണ് ഞങ്ങളുടേത്, ഞാനും എന്റെ ടീമുകളും ശുഭപ്രതീക്ഷയിലാണ് നാളെ കാലിക്കറ്റ് എഫ്സി യുമായി കൊമ്പുകോർക്കാനാണ് ഇറങ്ങുന്നത്’– കരീം ബെൻചെരിഫ (മലപ്പുറം എഫ്‌സി മുഖ്യപരിശീലകൻ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home