ഫ്രാൻസിനെ ചാമ്പലാക്കി; യുഎസ്എ കൗമാരം നോക്കൗട്ടിലേക്ക് കുതിച്ചു

റാങ്കാഗ്വ: ഫിഫ അണ്ടർ 20 ലോകകപ്പിൽ കരുത്തരുടെ പോരാട്ടത്തിൽ അമേരിക്കയ്ക്ക് വിജയം. അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളുടെ ബലത്തിൽ യുഎസ്എ കൗമാരം നോക്കൗട്ടിലേക്ക് കുതിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് യുഎസ്എ ഫ്രാൻസിനെ തകർത്തത്. ആദ്യ പകുതിയിൽ യുഎസ്എ മുന്നേറ്റം നടത്തിയെങ്കിലും വളരെ കുറച്ച് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടാം പകുതിയിൽ യുഎസ്‌എ മികച്ച പ്രകടനം കാഴ്ചവെച്ചു. യുഎസ്‌എ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയതോടെ 85-ാം മിനിറ്റിലാണ് ആദ്യ ഗോൾ വീണത്.
പകരക്കാരനായെത്തിയ ലൂക്ക് ബ്രെന്നൻ നൽകിയ പാസ് സാവിയർ ഗോസോ ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. പിന്നാലെ 88-ാം മിനിറ്റിൽ ബ്രൂക്ക്ലിൻ റെയിൻസ് ടീം ലീഡ് ഉയർത്തി. കളിതീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ 90+2 മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. ഗോസോയുടെ ഷോട്ട് ക്രോസ്‌ബാറിൽ തട്ടി പുറത്തേക്ക് വന്ന ബോൾ മാർക്കോസ് സാംബ്രാനോ ഗോൾ ആക്കി മാറ്റുകയായിരുന്നു.
ഞങ്ങൾ ഇത്തരം സമ്മർദ്ദ ഘട്ടങ്ങൾക്ക് തയ്യാറായിട്ടുണ്ടെന്നും അത് ഞങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ തെളിവാണെന്നും മുന്നേറ്റതാരം സാവിയർ ഗോസോ പറഞ്ഞു. ഓരോ കളിക്കാരനും ടീമിനായി സ്വാധീനം ചെലുത്താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ഫ്രാൻസിനെതിരായ അണ്ടർ- 20 ലോകകപ്പ് മത്സരങ്ങളിൽ യുഎസ്‌എ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. 2013ലെ ഗ്രൂപ്പ് ഘട്ടത്തിൽ 1-1 സമനിലയും, 2019ലെ പ്രീക്വാർട്ടറിൽ 3-2 വിജയവും യുഎസ്എ നേടിയിരുന്നു.
മറ്റൊരുകളിൽ നോർവേയും കൊളംബിയയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ദക്ഷിണാഫ്രിക്ക തുടക്കകാരായ ന്യൂ കാലിഡോണിയയെ അഞ്ച് ഗോളിന് തകർത്തപ്പോൾ നൈജീരിയ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സൗദി അറേബ്യയെ പരാജയ്പപെടുത്തി.









0 comments