ഗംഭീറിനെ തള്ളേണ്ട, തന്ത്രങ്ങൾ പിഴയ്ക്കില്ല'; വിമർശകർക്ക് മറുപടിയുമായി യുവരാജ് സിങ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുൻ സഹതാരം യുവരാജ് സിങ്. ടെസ്റ്റ് ക്രിക്കറ്റിലെ സമീപകാല പ്രകടനങ്ങളുടെ പേരിൽ ഗംഭീർ പ്രതിക്കൂട്ടിലാകുമ്പോഴും, അദ്ദേഹത്തിന്റെ തന്ത്രങ്ങളെയും ക്രിക്കറ്റ് അവബോധത്തെയും യുവരാജ് ശക്തമായി പിന്തുണച്ചു. 16 വയസ്സു മുതൽ ഗംഭീറിനൊപ്പം കളിച്ചു വളർന്ന അനുഭവസമ്പത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു യുവരാജിന്റെ പ്രതികരണം.
അണ്ടർ-16 കാലം മുതൽ തനിക്ക് ഗംഭീറിനെ അറിയാമെന്നും കളി വിശകലനം ചെയ്യുന്നതിൽ അദ്ദേഹം അസാമാന്യ കഴിവുള്ളയാളാണെന്നും യുവരാജ് പറഞ്ഞു. രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഗംഭീർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മെന്റർ എന്ന നിലയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചതും അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടിന്റെ ഫലമാണ്. ഇന്ത്യൻ ടീമിന്റെ പരിശീലകനാകുമ്പോൾ ലോകം മുഴുവൻ നിരീക്ഷിക്കുമെന്നും ഓരോ പരാജയവും വലിയ തോതിൽ ചർച്ച ചെയ്യപ്പെടുമെന്നും യുവരാജ് ഓർമ്മിപ്പിച്ചു.
ഗൗതം ഗംഭീറിന്റെ കീഴിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ടി20 ലോകകപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു. രണ്ട് ഫൈനലുകളിലും ന്യൂസിലൻഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. തന്റെ ശൈലിയിൽ ഉറച്ചുനിന്നതാണ് ഈ വിജയങ്ങൾക്ക് കാരണമെന്ന് യുവരാജ് വിശ്വസിക്കുന്നു. ടി20 ലോകകപ്പിന്റെ തുടക്കത്തിൽ ബാറ്റിംഗ് നിര പതറിയപ്പോഴും ആക്രമിച്ചു കളിക്കുക എന്ന തന്റെ പ്രോസസ്സിൽ മാറ്റം വരുത്താൻ ഗംഭീർ തയ്യാറായില്ല. സഞ്ജു സാംസണെയും അഭിഷേക് ശർമ്മയെയും പോലുള്ള താരങ്ങൾ ആ രീതിയിൽ തന്നെയാണ് നിലവിൽ കളിക്കുന്നതെന്നും യുവരാജ് ചൂണ്ടിക്കാട്ടി.
2026 ഐപിഎൽ സീസൺ അവസാനിക്കുന്നതോടെ 2027 ഏകദിന ലോകകപ്പിനുള്ള കൃത്യമായ പദ്ധതികൾ തയ്യാറാക്കുമെന്ന് ഗംഭീർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ വിശ്രമത്തിലുള്ള അദ്ദേഹം സെലക്ടർമാരുമായി ചേർന്ന് ടീമിന്റെ ഭാവി കാര്യങ്ങൾ തീരുമാനിക്കും. രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ മുതിർന്ന താരങ്ങളുടെ പ്രായവും യുവതാരങ്ങളുടെ കടന്നുവരവും പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിൽ ഗംഭീറിന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും.










0 comments