താൻ ടീമിലുണ്ട്, പക്ഷേ കളിക്കുന്നില്ല; ആർസിബി നിലപാടിനെതിരെ തുറന്നടിച്ച് യഷ് ദയാൽ

Photo Credit: Social Media
ബംഗളുരു: ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഈ സീസണിലെ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന പേസർ യഷ് ദയാൽ ഒടുവിൽ മൗനം വെടിഞ്ഞു. താൻ ഇപ്പോഴും ടീമിന്റെ ഭാഗമാണെന്നും എന്നാൽ ഈ സീസണിൽ കളിക്കാതിരിക്കാനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.
നേരത്തെ, "വ്യക്തിപരമായ കാരണങ്ങളാൽ" ദയാൽ ഈ സീസണിൽ കളിക്കില്ലെന്ന് ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മോ ബോബത്ത് അറിയിച്ചിരുന്നു. എന്നാൽ ഈ വാദത്തെ തള്ളിക്കളയുന്നതാണ് താരത്തിന്റെ പുതിയ പ്രതികരണം.
'ടോക്ക് വിത്ത് മൻവേന്ദ്ര' പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് താൻ ടീമിനെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ദയാൽ വ്യക്തമാക്കിയത്. "ടീമിന് പുറത്തിരിക്കുമ്പോൾ സങ്കടമുണ്ട്.ടിവിയിൽ മത്സരം കാണുമ്പോൾ ചിലപ്പോൾ എഴുന്നേറ്റ് പോകാൻ തോന്നും. എന്നാൽ അവർ എന്നെ പുറത്താക്കിയിട്ടില്ല. എന്നെ നിലനിർത്തുകയും പകരക്കാരനെ കൊണ്ടുവരാതിരിക്കുകയും ചെയ്തു.
താൻ ടീമിന്റെ പ്രധാന ഭാഗമാണെന്ന് അവർ കരുതുന്നുണ്ടാകാം. ഈ സീസണിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത് ഞാനല്ല. ഇത് വിവാദമായേക്കാം, പക്ഷേ തീരുമാനങ്ങൾ എടുക്കുന്നത് അധികൃതരാണ്. ആർസിബിയുടെ ആ തീരുമാനത്തിന് പിന്നിലെ കാരണം എനിക്കറിയില്ല," ദയാൽ പറഞ്ഞു.
ടീം മെന്റർ ദിനേശ് കാർത്തിക്ക് ഉൾപ്പെടെയുള്ള ആർസിബി മാനേജ്‌മെന്റുമായി താൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആശയവിനിമയത്തിൽ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, നിലവിൽ നിയമപരമായ ചില നടപടികൾ നേരിടുന്നതിനാലാണ് യഷ് ദയാലിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ കഴിയാത്തതെന്നാണ് വിവരം. ഇദ്ദേഹത്തിനെതിരെ രണ്ട് ഗുരുതരമായ കേസുകളാണ് നിലവിലുള്ളത്.
വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം ജയ്പൂരിലെ സംഗനേർ പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.തനിക്ക് ക്രിക്കറ്റിൽ അവസരം വാഗ്ദാനം ചെയ്ത് ജയ്പൂരിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.










0 comments