ad
Deshabhimani

ക്രിക്കറ്റിലെ 'ക്ലാസിക്' പോരാട്ടങ്ങൾ തിരിച്ചെത്തുന്നു; വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് സീസൺ 3 ഒക്ടോബറിൽ

wcl

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 29, 2026, 04:16 PM | 2 min read

ലണ്ടൻ: ആദ്യ രണ്ട് സീസണുകളുടെ വൻ വിജയത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളുടെ വൻപോരാട്ട വേദിയായ 'വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്' (ഡബ്ല്യുസിഎൽ ) മൂന്നാം സീസൺ പ്രഖ്യാപിച്ചു.


ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തത്സമയം കാണുന്ന രണ്ടാമത്തെ വലിയ ക്രിക്കറ്റ് ലീഗായി മാറിയ ടൂർണമെന്റിന്റെ മൂന്നാം പതിപ്പ് 2026 ഒക്ടോബറിലാണ് അരങ്ങേറുന്നത്. മുൻ സീസണുകളേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിക്കുന്നത്.


ഇതൊരു വെറും പ്രദർശന മത്സരമല്ല എന്നതാണ് ഡബ്ല്യുസിഎല്ലിനെ മറ്റ് ലീഗുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണകാലം അടക്കിഭരിച്ച ഇതിഹാസ താരങ്ങൾ തങ്ങളുടെ രാജ്യത്തിനായി വീണ്ടും നേർക്കുനേർ വരുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.


കഴിഞ്ഞ സീസണുകളിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളും ആഷസ് വീര്യമുള്ള ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരങ്ങളുമെല്ലാം ആഗോളതലത്തിൽ ദിവസങ്ങളോളമാണ് ട്രെൻഡിംഗായി നിന്നത്.


യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, എബി ഡിവില്ലിയേഴ്സ്, ഹാഷിം അംല, ബ്രെറ്റ് ലീ, ഷോൺ മാർഷ്, ഷാഹിദ് അഫ്രീദി, ശുഐബ് മാലിക്, ക്രിസ് ഗെയ്ൽ, ഡ്വെയ്ൻ ബ്രാവോ, കീറോൺ പൊള്ളാർഡ്, ഇയോയിൻ മോർഗൻ തുടങ്ങിയ വൻ താരനിരയാണ് കഴിഞ്ഞ സീസണുകളിൽ പാഡണിഞ്ഞത്.


ആരാധകരെ വീണ്ടും പഴയ ക്രിക്കറ്റ് വസന്തത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഈ ഇതിഹാസങ്ങൾക്ക് സാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ലോകമെമ്പാടുമായി 423 ദശലക്ഷം (42.3 കോടി) ടിവി പ്രേക്ഷകരെ സ്വന്തമാക്കിയ ലീഗ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ 1.2 ബില്യൺ (120 കോടി) ഇംപ്രഷനുകളാണ് അടിച്ചെടുത്തത്.


മുൻ സീസണുകളിൽ കളിച്ച ഇന്ത്യ ചാമ്പ്യൻസ്, പാകിസ്താൻ ചാമ്പ്യൻസ്, ഇംഗ്ലണ്ട് ചാമ്പ്യൻസ്, ഓസ്ട്രേലിയ ചാമ്പ്യൻസ്, സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ്, വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസ് എന്നീ ആറ് ടീമുകൾക്ക് പുറമെ, മൂന്നാം സീസണിൽ പുതിയതായി ബംഗ്ലാദേശ് ചാമ്പ്യൻസും ടൂർണമെന്റിന്റെ ഭാഗമാകും.


കളിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയ ഇതിഹാസങ്ങളെ ആദരിക്കാനും ആരാധകർക്ക് ആവേശം പകരാനുമാണ് ഡബ്ല്യുസിഎൽ ആരംഭിച്ചതെന്നും മൂന്നാം സീസൺ ലീഗിന്റെ ജനപ്രീതി പുതിയ തലങ്ങളിൽ എത്തിക്കുമെന്നും സിഇഒ ഹർഷിത് തോമർ പറഞ്ഞു.


ഡബ്ല്യുസിഎൽ വെറുമൊരു ക്രിക്കറ്റ് ലീഗല്ലെന്നും അത് വികാരവും ഗൃഹാതുരത്വവും വിനോദവും ഒത്തുചേരുന്ന വേദിയാണെന്നും ലീഗിന്റെ സഹഉടമയും ബോളിവുഡ് താരവുമായ അജയ് ദേവ്ഗൺ കൂട്ടിച്ചേർത്തു. വരും മാസങ്ങളിൽ ടീമുകളെയും മത്സരക്രമങ്ങളെയും ആതിഥേയ നഗരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home