ലോകം ഇന്ധനക്ഷാമത്തിലേക്കോ? ആഗോള എണ്ണ ശേഖരം കുറഞ്ഞെന്ന് അരാംകോ

Image Source : PTI (FILE/Representational)
റിയാദ് : പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം എണ്ണവിതരണത്തെ സാരമായി ബാധിച്ചതിനാൽ ലോകത്തെ എണ്ണ ശേഖരം കുത്തനെ കുറഞ്ഞതായി സൗദി അരാംകോയുടെ വെളിപ്പെടുത്തൽ. അരാംകോ ചീഫ് എക്സിക്യൂട്ടീവ് അമീൻ നാസറാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യം തുടർന്നാൽ കുറഞ്ഞുപോയ ശേഖരം പഴയസ്ഥിതിയിലെത്താൻ രണ്ട് വർഷം വരെ വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടതോടെ പല രാജ്യങ്ങളും അടിയന്തര ആവശ്യം നിറവേറ്റാൻ വലിയ അളവിൽ ഇന്ധനം വിപണിയിലെത്തിച്ചതാണ് ശേഖരം കുറയാൻ പ്രധാന കാരണം. ഇതിനൊപ്പം എണ്ണ ഉല്പാദനം കുറഞ്ഞതും, ഹോർമുസ് അടച്ചതോടെ ഗതാഗതത്തിലും കയറ്റുമതിയിലുമുണ്ടായ തടസങ്ങളും ആഗോള വിപണിയിൽ ആശങ്ക വർധിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമായ സൗദി അറേബ്യയുടെ അരാംകോയാണ് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന ഉറവിടം. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ആഗോള എണ്ണ ശേഖരത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായ സാഹചര്യത്തിൽ അരാംകോ മേധാവിയുടെ മുന്നറിയിപ്പ് ഏറെ പ്രധാന്യമർഹിക്കുന്നുണ്ട്.
പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത് മുതൽ ആഗോളതലത്തിൽ എണ്ണവില ഉയർന്ന നിലയിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തിലെ തടസങ്ങളും മേഖലയിൽ തുടരുന്ന സംഘർഷവും വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയതും വിപണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സംഭരണശേഖരം കുറയുന്നത് രാജ്യങ്ങളുടെ അടിയന്തര പ്രതിരോധശേഷിയെയും ബാധിച്ചേക്കാം. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിച്ച് എണ്ണവിതരണം സാധാരണ നിലയിലാക്കേണ്ടത് ലോകരാജ്യങ്ങളുടെയെല്ലാം സാമ്പത്തിക സ്ഥിരതക്ക് നിർണായകമാണെന്നാണ് അരാംകോ മേധാവിയുടെ മുന്നറിയിപ്പിലൂടെ മനസ്സിലാക്കേണ്ടത്.








0 comments