print edition ക്യാപിറ്റലാകാൻ ഡൽഹി ; വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫെെനൽ ഇന്ന്

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ജെമീമ റോഡ്രിഗസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ സ്-മൃതി മന്ദാനയും വനിതാ പ്രീമിയർ ലീഗ് ട്രോഫിക്കരികെ
വഡോദര
വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായി നാലാം തവണ ഫൈനലിലെത്തിയ ഡൽഹി ക്യാപിറ്റൽസിന് ഇക്കുറി കിരീടം നേടാനാകുമോയെന്നതാണ് ആകാംക്ഷ. ഇന്ന് നടക്കുന്ന ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ബംഗളൂരു റോയൽ ചലഞ്ചേഴ്‌സാണ് എതിരാളി. വഡോദര ബിസിഎ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കളി.
കഴിഞ്ഞ മൂന്ന് തവണയും ഡൽഹി കിരീടപ്പോരിൽ തോറ്റു. 2023ലെ ആദ്യ പതിപ്പിൽ മുംബൈ ഇന്ത്യൻസിനോട് ഏഴ് വിക്കറ്റിനാണ് കീഴടങ്ങിയത്. 2024ൽ എട്ട് വിക്കറ്റിന് ബംഗളൂരുവിനോടാണ് തോൽവി. കഴിഞ്ഞവർഷം വീണ്ടും മുബൈയോട് എട്ട് റണ്ണിന് പരാജയപ്പെട്ടു. ഇത്തവണ എലിമിനേറ്റർ ജയിച്ചാണ് ഫൈനൽ പ്രവേശം. ഗുജറാത്ത് ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.
ബംഗളൂരു എട്ട് കളിയിൽ ആറ് ജയത്തോടെ ഒന്നാംസ്ഥാനവുമായി നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. ഡൽഹിക്ക് നാല് വീതം ജയവും തോൽവിയുമായി മൂന്നാംസ്ഥാനം. തുടർന്നാണ് രണ്ടാംസ്ഥാനക്കാരായ ഗുജറാത്തിനോട് എലിമിനേറ്റർ. സ്‌മൃതി മന്ദാനയാണ് ബംഗളൂരുവിനെ നയിക്കുന്നത്. റണ്ണടിയിലും വിജയത്തിലും സ്‌മൃതിയുടെ സാനിധ്യം പ്രധാനമാണ്. എട്ട് കളിയിൽ 290 റണ്ണുണ്ട്. ഓസ്‌ട്രേലിയൻ താരം ഗ്രേസ് ഹാരിസുമൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് അടിത്തറ. റിച്ചാഘോഷാണ് മറ്റൊരു പ്രധാന താരം. ബൗളർമാരുടെ മികച്ച നിരയുണ്ട്. ലൗറെൻ ബെൽ, സയാലി സത്‌ഗരെ, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഡി എന്നിവർ പേസ് ബൗളിങ് ശക്തമാക്കുന്നു. സ്‌പിന്നർമാരായി രാധാ യാദവും ശ്രേയങ്ക പാട്ടീലുമുണ്ട്. ദക്ഷിണാഫ്രിക്കൻ താരമായ ഡി ക്ലെർക്കിന് 15 വിക്കറ്റുണ്ട്. ഷഫാലി വർമയും ലിസെല്ലെ ലിയും ചേർന്നൊരുക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഡൽഹിയുടെ കുതിപ്പ് തീരുമാനിക്കുന്നത്. ക്യാപ്‌റ്റൻ ജെമീമ റോഡ്രിഗസും ലൗറ വുൾവാർഡ്‌റ്റും ബാറ്റിങ്നിര ശക്തമാക്കുന്നു. മരിസന്നെ കാപ്പെന്ന ഓൾറൗണ്ടർ പ്രധാന ആയുധമാണ്.
വെസ്‌റ്റിൻഡീസ് താരം ചിനെല്ലെ ഹെൻറിയും നന്ദനി ശർമയും പേസ് ബൗളർമാരായുണ്ട്. ഇരുപത്തിനാലുകാരി നന്ദനക്ക് 16 വിക്കറ്റുണ്ട്. സ്‌പിൻനിരയിൽ ശ്രീചരണിയും മലയാളിതാരം മിന്നുമണിയുമുണ്ട്. ശ്രീചരണിയുടെ സമ്പാദ്യം 14 വിക്കറ്റാണ്. മിന്നുമണി അഞ്ച് വിക്കറ്റ് നേടി.










0 comments