ad
Deshabhimani

കേരള ക്രിക്കറ്റ്‌ ലീഗിന്‌ ഒരുങ്ങവെ 
അപ്രതീക്ഷിത നേട്ടം

കേരളം ലോകകപ്പ്‌ കാണും ; വനിതാ ക്രിക്കറ്റിന്‌ ആദ്യമായി വേദി

women's odi world cup kerala
avatar
Sports Desk

Published on Aug 13, 2025, 12:30 AM | 2 min read


തിരുവനന്തപുരം

ക്രിക്കറ്റ്‌ ലോകകപ്പിന്‌ കേരളം ആദ്യമായി വേദിയാകുന്നു. വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഒരുവേദി തിരുവനന്തപുരമാണെന്ന്‌ അറിഞ്ഞതോടെ ക്രിക്കറ്റ്‌ ആരാധകർ ആവേശത്തിലാണ്‌. കേരള ക്രിക്കറ്റ്‌ ലീഗ്‌ രണ്ടാം സീസണിനുള്ള തയ്യാറെടുപ്പ്‌ നടക്കുമ്പോഴാണ്‌ അപ്രതീക്ഷിത വിവരം. കാര്യവട്ടം ഗ്ര‍ീൻഫീൽഡ്‌ സ്‌റ്റേഡിയം ഒരിക്കൽകൂടി രാജ്യാന്തര മത്സരങ്ങൾക്ക്‌ സാക്ഷിയാകും.


ലോകകപ്പ്‌ വേദിയെക്കുറിച്ചുള്ള ചർച്ചകളിൽ തിരുവനന്തപുരമുണ്ടായിരുന്നതാണ്‌. ബിസിസിഐയുടെ പ്രാഥമിക പട്ടികയിലും ഇടംപിടിച്ചു. എന്നാൽ പ്രഖ്യാപനം വന്നപ്പോൾ ബംഗളൂരു, ഇൻഡോർ, ഗുവാഹത്തി, വിശാഖപട്ടണം എന്നീ നഗരങ്ങൾക്കാണ്‌ നറുക്കുവീണത്‌. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ മത്സരം നടത്താൻ കർണാടക സർക്കാർ അനുമതി നൽകാത്തതാണ്‌ തിരുവനന്തപുരത്തിന്‌ തുണയായത്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിന്റെ വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തവും മരണങ്ങളുമാണ്‌ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്‌ തിരിച്ചടിയായത്‌.


ഗ്രീൻഫീൽഡിൽ അരലക്ഷത്തോളം കാണികൾക്ക്‌ ഇരിപ്പിട സ‍ൗകര്യമുണ്ട്‌. മുമ്പ്‌ പുരുഷന്മാരുടെ ഏകദിന, ട്വന്റി 20 മത്സരങ്ങൾ നടത്തിയ പരിചയവുമുണ്ട്‌.

കേരള ക്രിക്കറ്റ് ലീഗിനായി സ്‌റ്റേഡിയത്തിലെ സ‍ൗകര്യങ്ങൾ കൂടുതൽ വിപുലീകരിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ എൽഇഡി ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിച്ചു. കളിക്കാർക്കും കാണികൾക്കും മികച്ച കാഴ്‌ച നൽകുന്ന വെളിച്ചസംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌.


ഇതോടെ രാത്രികാല മത്സരങ്ങൾ കൂടുതൽ സുഗമമായി നടത്താനാകും. മഴപെയ്താലും വൈകാതെ മത്സരത്തിന്‌ സജ്ജമാക്കാൻ കഴിയുന്ന ഡ്രെയിനേജ്‌ സംവിധാനം സ്‌റ്റേഡിയത്തിന്റെ പ്രധാന മേന്മയാണ്‌.


2023 നവംബറിലാണ്‌ ഇവിടെ അവസാനമായി രാജ്യാന്തര മത്സരം നടന്നത്‌. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 മത്സരം - ഇന്ത്യ 44 റണ്ണിന് ജയിച്ചു. ആകെ ആറ് രാജ്യാന്തര മത്സരങ്ങളാണ്‌ ഇവിടെ അരങ്ങേറിയത്‌. നാല് ട്വന്റി 20യും രണ്ട് ഏകദിനവും. എല്ലാം പുരുഷന്മാരുടെ ക്രിക്കറ്റായിരുന്നു. 2023 ഏകദിന ലോകകപ്പിന്റെ നാല്‌ സന്നാഹമത്സരങ്ങൾക്ക്‌ വേദിയായി നിശ്‌ചയിച്ചിരുന്നെങ്കിലും മഴ തടസ്സപ്പെടുത്തി.


ബംഗളൂരുവിന്റെ 
നഷ്‌ടം നേട്ടമായി

രാജ്യാന്തര മത്സരങ്ങളുടെ സ്ഥിരം വേദിയായ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ നഷ്‌ടം കേരളത്തിന്‌ നേട്ടമായി. ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന പതിമൂന്നാം വനിതാ ക്രിക്കറ്റ്‌ ലോകകപ്പിന്‌ വേദിയാകാൻ അപ്രതീക്ഷിത അവസരമാണ്‌ തിരുവനന്തപുരത്തിന്‌ കൈവന്നത്‌.


ഉദ്‌ഘാടനമത്സരം, ഒരു സെമി, ഫൈനൽ അടക്കം അഞ്ച്‌ മത്സരങ്ങളാണ്‌ ബംഗളൂരുവിന്‌ അനുവദിച്ചിരുന്നത്‌. പാകിസ്ഥാൻ ഫൈനലിൽ എത്തിയാൽ വേദി കൊളംബോയാകും.

സെപ്‌തംബർ 30മുതൽ നവംബർ രണ്ടുവരെ ഫൈനൽ അടക്കം 31 മത്സരങ്ങളാണ്‌ ലോകകപ്പിൽ. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. സെമിയും ഫൈനലും കൂടാതെ കൊളംബോയിൽ പത്ത്‌ കളിയുണ്ട്‌. അഞ്ച്‌ വീതം ഇൻഡോറിലും വിശാഖപട്ടണത്തും നടക്കും. നാലെണ്ണം ഗുവാഹത്തിയിലാണ്‌.


സെപ്‌തംബർ 30ന്‌ ആദ്യ കളിയായ ഇന്ത്യ –ശ്രീലങ്ക, ഒക്‌ടോബർ മൂന്നിന്‌ ഇംഗ്ലണ്ട്‌– ദക്ഷിണാഫ്രിക്ക, ഒക്‌ടോബർ 26ന്‌ ഇന്ത്യ– ബംഗ്ലാദേശ്‌, 30ന്‌ രണ്ടാം സെമി എന്നിവയാണ്‌ ബംഗളൂരുവിന്‌ നിശ്ചയിച്ചിരുന്നത്‌. പാകിസ്ഥാൻ മുന്നേറിയില്ലെങ്കിൽ ഫൈനലും നടക്കേണ്ടതായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home