ആദ്യ ലോകകപ്പ് ഫൈനൽ , വൂൾവാർഡ്‌റ്റിന്റെ പ്രകടനം നിർണായകം
print edition ആഫ്രിക്കൻ ‘കപ്പൽ’

മരിസന്നെ കാപ്പും (ഇടത്ത്) നാദിനെ ഡി ക്ലെർക്കും
മുംബൈ
മരിസന്നെ കാപ്പും ക്യാപ്‌റ്റൻ ലോറ വൂൾവാർഡ്‌റ്റും ചേർന്നുള്ള പോരാട്ടത്തിന്റെ ബാക്കിപത്രമാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് -ൈഫനൽ പ്രവേശം. അതിലൊരു കിരീടം കൂടി ചേർന്നാൽ ആഫ്രിക്കൻ ക്രിക്കറ്റിൽ നാഴികക്കല്ലായി മാറും.
ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ഒരു ലോകകപ്പ് ഫൈനൽ ചരിത്രത്തിലില്ല. ഓസീസിനെ ഇന്ത്യ തുരത്തിയപ്പോൾ ഇംഗ്ലണ്ടിനെ മടക്കിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
അപ്രതീക്ഷിത കുതിപ്പാണ് വൂൾവാർഡ്‌റ്റും സംഘവും നടത്തിയത്. ആദ്യ കളിയിൽ ഇംഗ്ലണ്ടിനോട് പുറത്തായത് വെറും 69 റണ്ണിന്. പത്ത് വിക്കറ്റ് തോൽവിയും വഴങ്ങി. ന്യൂസിലൻഡിനെ തകർത്തായിരുന്നു തിരിച്ചുവരവ്. ഇന്ത്യക്കെതിരെ തോൽവി ഭയന്ന ഘട്ടത്തിലായിരുന്നു ജയം പിടിച്ചെടുത്തത്. ബംഗ്ലാദേശിനോടും സമാനമായിരുന്നു അവസ്ഥ. ശ്രീലങ്കയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും ആധികാരിക ജയം നേടിയാണ് സെമി ഉറപ്പാക്കിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ ഓസീസിനോട് 97 റണ്ണിന് പുറത്തായി.
എട്ട് കളിയിൽ 470 റണ്ണുമായി വൂൾവാർഡ്‌റ്റ് ലോകകപ്പിലെ റണ്ണടിക്കാരിൽ ഒന്നാമതുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടിയ ഇരുപത്താറുകാരിയാണ് പല കളികളും ടീമിന് അനുകൂലമാക്കിയത്. ഓൾ റൗണ്ടർ മരിസന്നെ കാപ്പാണ് മറ്റൊരു താരം. ഇരുവരും ചേർന്നാണ് സെമിയിൽ ഇംഗ്ലണ്ടിനെ കശക്കിയത്.
ക്ലോയി ടയ്‌റോണും നാദിനെ ഡി ക്ലെർക്കും ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയുടെ ആഴം വ്യക്തമാക്കുന്നു. ഇന്ത്യക്കെതിരെ ക്ലെർക്കും ടയ്‌റോണും ചേർന്നാണ് അവസാന ഘട്ടത്തിൽ ജയമൊരുക്കിയത്. ബംഗ്ലാദേശിനെതിരായ കളിയിലും ഓൾ റൗണ്ടർമാരുടെ പ്രകടനമാണ് നിർണായകമായത്.










0 comments