ഇന്ത്യ രണ്ടുതവണ കൈവിട്ട കിരീടം
print edition ഇന്ത്യൻ ‘ജെം’

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫെെനൽ നടക്കുന്ന നവി മുംബെെ ഡി വെെ പാട്ടീൽ സ്--റ്റേഡിയത്തിൽ ക്യാപ്റ്റൻമാർ ട്രോഫിയുമായി
മുംബൈ
ഇൗ നഗരത്തിൽ സ്വപ്‌നം കണ്ടിറങ്ങിയവരാണ് ഏറെയും. പൊന്നുവാരി മടങ്ങിയവരും കണ്ണീരായി അവസാനിച്ചവരും അതിൽപ്പെടും. മഹാനഗരത്തിൽ മുത്തും പവിഴവും വാരാൻ ഇന്ന് ഇന്ത്യയും ആഫ്രിക്കയും ഇറങ്ങുകയാണ്. ലോറ വൂൾവാർഡ്‌റ്റ് എന്ന ഇരുപത്താറുകാരിയാണ് ആഫ്രിക്കൻ കപ്പലിന്റെ അമരത്ത്. സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുകയാണ് ഹർമൻപ്രീത് കൗറും സംഘവും. കാൽനൂറ്റാണ്ടിനടുത്ത് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലൻഡും മാത്രം കൈയിൽവച്ചിരിക്കുന്ന സ്വപ്‌ന കിരീടത്തിലേക്കാണ് ബാറ്റ് വീശിയും പന്തെറിഞ്ഞും ഹർമൻപ്രീതും വൂൾവാർഡ്‌റ്റും നയിക്കുന്ന പടയാളികൾ എത്തുന്നത്.
മുംബൈയിൽനിന്ന് ഏകദേശം നാൽപ്പത് കിലോ മീറ്റർ അകലെയുള്ള നവി മുംബൈയിലാണ് കളി. ആസൂത്രിത നഗരം. രാത്രികൾ അവസാനിക്കാത്ത ഇൗ നഗരം ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്.
രണ്ടുതവണ ഫൈനലിൽ തോറ്റതിന്റെ ഹൃദയംമുറിക്കുന്ന ഓർമകളുണ്ട് ഇന്ത്യക്ക്. 2005ലായിരുന്നു ആദ്യം. മിതാലി രാജായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റൻ. ഓസീസ് എതിരാളികൾ. 117 റണ്ണിന് കൂടാരം കയറിയ ഇന്ത്യ 98 റണ്ണിന്റെ കൂറ്റൻ തോൽവിയുമായി മടങ്ങി. 2017ലെ ഫൈനൽ കണ്ണീരായി അവസാനിക്കുകയായിരുന്നു. മിതാലിയാണ് അന്നും ക്യാപ്‌റ്റൻ. ഇംഗ്ലണ്ട് എതിരാളി. 229 റൺ മതിയായിരുന്നു ഇന്ത്യക്ക്. പൂനം റാവത്തും നിലവിലെ ക്യാപ്‌റ്റൻ ഹർമൻപ്രീതും പൊരുതിയപ്പോൾ ഒരുഘട്ടത്തിൽ ഏഴ് വിക്കറ്റ് ശേഷിക്കെ 38 റൺ മാത്രം മതിയായിരുന്നു ജയിക്കാൻ. പക്ഷേ, എട്ട് പന്ത് ശേഷിക്കെ ടീം അവിശ്വസനീയമായി തകർന്നു. ഒമ്പത് റണ്ണിനായിരുന്നു തോൽവി.
അന്ന് പൊട്ടിക്കരഞ്ഞ മൂന്നുപേരാണ് ഇന്ന് ടീമിലുള്ളത്. ഹർമൻപ്രീതും സ്‌മൃതി മന്ദാനയും ദീപ്‌തി ശർമയും. എട്ട് വർഷത്തിനിപ്പുറവും ഇൗ മൂന്നുപേരുമാണ് നിർണായക ശക്തികൾ. ബാറ്റിൽ ജെമീമ റോഡ്രിഗസും കൂടി ചേരും. പന്തെറിയാൻ പുതുമുഖങ്ങളായ ശ്രീചരണിയും ക്രാന്തി ഗൗഡുമുണ്ട്.










0 comments