ബാറ്റിൽ തെളിയണം ; ഇന്ത്യ ഇന്ന് ഓസീസിനോട്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് പരിശീലനത്തിൽ

Sports Desk
Published on Oct 12, 2025, 01:50 AM | 1 min read
വിശാഖപട്ടണം
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പാതിഘട്ടത്തിൽ എത്തിനിൽക്കെ ആശങ്കയൊഴിയാതെ ഇന്ത്യൻ ക്യാമ്പ്. മൂന്ന് കളിയിൽ രണ്ടെണ്ണം ജയിച്ച് മൂന്നാമതുണ്ടെങ്കിലും പ്രകടനത്തിൽ ആത്മവിശ്വാസമില്ല. ഇന്ന് കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളി. ചാമ്പ്യൻമാരായ ഓസീസ് കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചു. ഒരു കളി മഴകാരണം ഉപേക്ഷിക്കേണ്ടിവന്നു.
വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയുമായുള്ള കളിയിലാണ് ഇന്ത്യക്ക് അടിതെറ്റിയത്. ബൗളർമാരുടെ മിടുക്കിൽ അവസാനംവരെ ജയം പ്രതീക്ഷിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന്റെ അപ്രതീക്ഷിത പ്രകടനം ഞെട്ടിക്കുകയായിരുന്നു. ശ്രീലങ്കയെയും പാകിസ്ഥാനെയുമാണ് ഇന്ത്യ തോൽപ്പിച്ചത്. ഓസീസ് കഴിഞ്ഞാൽ ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരം. അതിനാൽ ഓസീസുമായുള്ള കളി നിർണായകമാണ്.
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് വിനയാകുന്നത്. സ്‌മൃതി മന്ദാന, ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവർ ഇതുവരെ താളംകണ്ടെത്തിയിട്ടില്ല. ടീമിലെ പ്രധാന ബാറ്റർമാരായ മൂവർക്കും ഇതുവരെ അർധസെഞ്ചുറി പോലും കുറിക്കാനായിട്ടില്ല. ജെമീമ രണ്ട് കളിയിലാണ് റണ്ണെടുക്കുംമുമ്പ് പുറത്തായത്.വാലറ്റത്ത് വിക്കറ്റ് കീപ്പർ റിച്ചാ ഘോഷിന്റെ പ്രകടനമാണ് രക്ഷിക്കുന്നത്.










0 comments