അമ്പോ.. എന്തൊരു അടി; സ്ട്രൈക്ക് റേറ്റ് 320! ആരാണ് ബീഹാറിന്റെ വെടിക്കെട്ട് ബാറ്റർ ഗാനി?

സാകിബുൾ ഗാനി
റാഞ്ചി: ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറുകളിൽ ഒന്ന് കുറിച്ചിരിക്കുകയാണ് ബീഹാർ. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് എന്ന കൂറ്റൻ സ്കോറാണ് ബീഹാർ അടിച്ചുകൂട്ടിയത്.
മൂന്ന് ബാറ്റർമാരുടെ സെഞ്ചുറി മികവായിരുന്നു ബീഹാറിന്റെ നട്ടെല്ല്. ഓപ്പണർ വൈഭവ് സൂര്യവംശി (84 പന്തിൽ 190 റൺസ്), വിക്കറ്റ് കീപ്പർ ബാറ്റർ ആയുഷ് ലോഹരുക്ക (56 പന്തിൽ 116) എന്നിവർക്കുപുറമെ ക്യാപ്റ്റൻ സാകിബുൾ ഗാനി (40 പന്തിൽ പുറത്താകാതെ 128)യും റൺമല കെട്ടാൻ കട്ടയ്ക്ക് നിന്നു.
32 പന്തിലാണ് ക്യാപ്റ്റൻ ഗാനി സെഞ്ചുറി തികച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 2024ൽ അരുണാചൽ പ്രദേശിനെതിരെ തന്നെ പഞ്ചാബ് താരം അൻമോൽപ്രീത് സിങ് കുറിച്ച 35 പന്തിലെ സെഞ്ചുറി എന്ന റെക്കോർഡാണ് ഗാനി ഇതോടെ മറികടന്നത്.
12 സിക്സറുകളും 10 ഫോറുകളും അടങ്ങുന്ന വെടിക്കെറ്റ് ബാറ്റിങായിരുന്നു ഗാനിയുടേത്. 320 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു അരുണാചലിനെതിരെ ഈ ഇരുപത്തിയഞ്ചുകാരന്റെ പ്രകടനം.
1999 സെപ്റ്റംബർ രണ്ടിന് ബിഹാറിലെ മോത്തിഹാരിയിലെ ഈസ്റ്റ് ചമ്പാരനിൽ ജനിച്ച ഗാനി, പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് വളർന്നുവന്നത്. പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും കഠിനാധ്വാനത്തിലൂടെ ക്രിക്കറ്റിൽ തന്റേതായ ഇടം ഉറപ്പിച്ചു.
2019 ഒക്ടോബറിൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, 2022 ഫെബ്രുവരിയിലായിരുന്നു ഗാനിയുടെ കരിയറിലെ വഴിത്തിരിവ്. തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ തന്നെ 341 റൺസ് നേടി ഗാനി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് ഇതോടെ ഗാനി സ്വന്തമായി. തൊട്ടടുത്ത രണ്ട് ഇന്നിങ്സുകളിൽ 98, പുറത്താകാതെ 101 എന്നിങ്ങനെ റൺസ് നേടിയ ഗാനി, തന്റെ ആദ്യ മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 540 റൺസ് എന്ന റെക്കോർഡും സ്വന്തമാക്കി. ബൗളിങിലും ഗാനി മികവ് തെളിയിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 28 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ ഈ ബീഹാറുകാരൻ നേടി.










0 comments