ad
Deshabhimani

ക്രിസ്‌മസ്‌ സെഞ്ചുറികൾ ; വിജയ്‌ ഹസാരെ 
ഏകദിന ക്രിക്കറ്റ്‌ 
ടൂർണമെന്റിൽ 
ആദ്യദിനം
 21 സെഞ്ചുറിയും 
ഒരു ഡബിളും

Vijay Hasare Trophy
വെബ് ഡെസ്ക്

Published on Dec 25, 2025, 02:15 AM | 3 min read

ബംഗളൂരു

സൂപ്പർ സെഞ്ചുറികളുമായി ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളുടെ ക്രിസ്‌മസ്‌ വിരുന്ന്‌. വിജയ്‌ ഹസാരെ ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ വിവിധ ടീമുകൾക്കായാണ്‌ തകർപ്പൻ പ്രകടനം. രോഹിത്‌ ശർമ മുംബൈക്കായും വിരാട്‌ കോഹ്‌ലി ഡൽഹി ടീമിനായും സെഞ്ചുറി നേടി. ഇഷാൻ കിഷൻ ജാർഖണ്ട്‌ നിരയിൽ 125 റണ്ണുമായി തിളങ്ങി. ദേശീയ ടീമിലെ കളിക്കാർ രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന ബിസിസിഐയുടെ നിർബന്ധമാണ്‌ സൂപ്പർതാരങ്ങളെ ബാറ്റെടുപ്പിച്ചത്‌.


ജയ്‌പുരിൽ മുബൈ എട്ട്‌ വിക്കറ്റിന്‌ ദുർബലരായ സിക്കിമിനെ തരിപ്പണമാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത സിക്കിം ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 236 റണ്ണെടുത്തു. സൂപ്പർതാരങ്ങൾ അടങ്ങിയ മുംബൈ 30.3 ഓവറിൽ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടപ്പെടുത്തി 237 റൺ നേടി. ഓപ്പണറായി ഇറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ 94 പന്തിൽ 155 റണ്ണെടുത്ത്‌ ഫോം തെളിയിച്ചു. 14 ഫോറും ഒമ്പത്‌ സിക്‌സറും പറത്തിയാണ്‌ വിജയമുറപ്പിച്ചത്‌.


ബംഗളൂരുവിൽ നടന്ന മത്സരത്തിൽ ഡൽഹി നാല്‌ വിക്കറ്റിന്‌ ആന്ധ്രയെ കീഴടക്കി. സ്‌കോർ: ആന്ധ്ര 298/8, ഡൽഹി 300/6. ഡൽഹിക്കായി 101 പന്തിലാണ്‌ കോഹ്‌ലി 131 റണ്ണിലെത്തിയത്‌. 14 ഫോറും മൂന്ന്‌ സിക്‌സറും ഉൾപ്പെട്ടു. നിതീഷ്‌ റാണ 77 റണ്ണെടുത്തു. ക്യാപ്‌റ്റൻ ഋഷഭ്‌ പന്ത്‌ അഞ്ച്‌ റണ്ണുമായി മടങ്ങി. ഏകദിന മത്സരങ്ങൾ ഉൾപ്പെട്ട ലിസ്‌റ്റ്‌ എ ക്രിക്കറ്റിൽ കോഹ്‌ലി 16,000 റൺ കടന്നു. ഇ‍ൗ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ കളിക്കാരനാണ്‌. കുറഞ്ഞ ഇന്നിങ്സിലാണ്‌ നേട്ടം. കോഹ്‌ലിക്ക്‌ വേണ്ടിവന്നത്‌ 330 ഇന്നിങ്സുകൾ. സച്ചിൻ ടെണ്ടുൽക്കറെ (391) മറികടന്നു. കോഹ്‌ലിക്ക്‌ 58 സെഞ്ചുറിയായി. സച്ചിന്‌ 60 സെഞ്ചുറിയുണ്ട്‌.


അഹമ്മദാബദിൽ കർണാടക അഞ്ച്‌ വിക്കറ്റിന്‌ ജാർഖണ്ഡിനെ കീഴടക്കി. ഇന്ത്യൻ ട്വന്റി20 ലോകകപ്പ്‌ ടീമിലെത്തിയ ഇഷാൻ കിഷന്റെ സെഞ്ചുറിയാണ്‌ സവിശേഷത. ജാർഖണ്ഡ്‌ ക്യാപ്‌റ്റനായ ഇഷാൻ 125 റണ്ണെടുത്ത്‌ ഫോം തുടർന്നു. കർണാടക വിജയത്തിൽ ദേവ്‌ദത്ത്‌ പടിക്കലിന്റെ സെഞ്ചുറി (147) നിർണായകമായി. ക്യാപ്‌റ്റൻ മായങ്ക്‌ അഗർവാൾ 54 റണ്ണെടുത്തപ്പോൾ കരുൺനായർ 29 റൺ നേടി.


ബംഗാൾ മൂന്ന്‌ വിക്കറ്റിന്‌ വിദർഭയെയും പഞ്ചാബ്‌ 51 റണ്ണിന്‌ മഹാരാഷ്‌ട്രയെയും കീഴടക്കി. ബംഗാളിനായി ക്യാപ്‌റ്റൻ അഭിമന്യു ഇ‍ൗശ്വരനും ഷഹബാസ്‌ അഹമ്മദും(ഇരുവരും 71) തിളങ്ങി. പഞ്ചാബിനായി നമൻ ധീർ 97 റൺ നേടി. ക്യാപ്‌റ്റൻ അഭിഷേക്‌ ശർമക്ക്‌ 48 റണ്ണുണ്ട്‌. മഹാരാഷ്‌ട്ര നിരയിൽ പൃഥ്വിഷാ 46 റൺ കണ്ടെത്തി. ക്യാപ്‌റ്റൻ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌ ഒരു റണ്ണിന്‌ പുറത്തായി. ഉത്തർപ്രദേശ്‌ 84 റണ്ണിന്‌ ഹൈദരാബാദിനെ പരാജയപ്പെടുത്തി. യുപി ക്യാപ്‌റ്റൻ റിങ്കുസിങ് 67 റൺ നേടി.


വിഷ്ണു മിന്നി, കേരളത്തിന്‌ 145 റൺ ജയം

തകർപ്പൻ ജയത്തോടെ കേരളം വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ അരങ്ങേറി. ത്രിപുരയെ 145 റണ്ണിന്‌ തോൽപ്പിച്ചു. കേരളത്തിന്റെ മറുനാടൻ താരം ബാബാ അപരാജിതാണ്‌ കളിയിലെ താരം. 73 പന്തിൽ 64 റണ്ണെടുത്ത ഓൾറ‍ൗണ്ടർ 5.5 ഓവറിൽ 15 റൺ വഴങ്ങി അഞ്ച്‌ വിക്കറ്റുമെടുത്തു.


സ്‌കോർ: കേരളം 348/8, ത്രിപുര 203(36.5)


വിഷ്‌ണുവിനോദിന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങാണ്‌ സ്‌കോർ ഉയർത്തിയത്‌. 62 പന്തിൽ 102 റണ്ണുമായി പുറത്താകാതെനിന്നു. ഒമ്പത്‌ ഫോറും ആറ്‌ സിക്‌സറുമടിച്ചു. ക്യാപ്‌റ്റനും ഓപ്പണറുമായ രോഹൻ കുന്നുമ്മൽ 92 പന്തിൽ 94 റണ്ണെടുത്തു. സഹഓപ്പണർ അഭിഷേക്‌ നായർ 21 റണ്ണുമായി പിന്തുണച്ചു. അഹമ്മദ്‌ ഇമ്രാനും(0) മുഹമ്മദ്‌ അസ്‌ഹറുദ്ദീനും(1) തിളങ്ങിയില്ല. രോഹനും ബാബാ അപരാജിതും ചേർന്നുള്ള 129 റൺ കൂട്ടുകെട്ട്‌ മികച്ച അടിത്തറയായി. വിഷ്‌ണുവിനൊപ്പം അങ്കിത്‌ ശർമയും(28) ചേർന്ന്‌ 71 റണ്ണടിച്ചു.


കൂറ്റൻ സ്‌കോറിനു മുന്നിൽ പകച്ചുപോയ ത്രിപുരക്കായി ശ്രീദം പോളും(67) തേജസ്വി ജയ്‌സ്വാളും(40) പൊരുതിനോക്കി. തമിഴ്‌നാട്ടുകാരനായ ബാബാ അപരാജിതിന്റെ സ്‌പിൻ ബ‍ൗളിങ്ങിനുമുന്നിൽ ത്രിപുര വഴങ്ങി. മറ്റൊരു മറുനാടൻ സ്‌പിന്നറായ അങ്കിത്‌ ശർമക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. എം ഡി നിധീഷ്‌, കെ എം ആസിഫ്‌, വിഘ്‌നേഷ്‌ പുത്തൂർ എന്നിവർക്ക്‌ ഓരോ വിക്കറ്റ്‌ ലഭിച്ചു. കേരളം നാളെ കർണാടകയെ നേരിടും.


ബീഹാറിനൊപ്പം 
വൈഭവും 
റെക്കോഡ്‌ബുക്കിൽ

ഏകദിന മത്സരങ്ങൾ ഉൾപ്പെട്ട ലിസ്‌റ്റ്‌ എ ക്രിക്കറ്റിൽ ലോക റെക്കോഡിട്ട്‌ ബീഹാർ ടീം. വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിലെ പ്ലേറ്റ്‌ ഗ്രൂപ്പിൽ അരുണാചൽപ്രദേശിനെതിരെ ബീഹാർ 50 ഓവറിൽ അടിച്ചുകൂട്ടിയത്‌ 574/6 റൺ. തമിഴ്‌നാടിന്റെ റെക്കോഡാണ്‌ മറികടന്നത്‌. അരുണാചലിനെതിരെ 2022ൽ 506/2 എന്ന സ്‌കോർ കുറിച്ചിരുന്നു. മൂന്ന്‌ താരങ്ങളുടെ സെഞ്ചുറി കരുത്തിൽ ബീഹാർ 397 റണ്ണിന്‌ അരുണാചലിനെ തകർത്തു.


ബീഹാർ ക്യാപ്‌റ്റൻ സാകിബുൾ ഗനി വേഗമേറിയ സെഞ്ചുറിയിൽ റെക്കോഡിട്ടു. 32 പന്തിലാണ്‌ സെഞ്ചുറി. ലിസ്‌റ്റ്‌ എയിൽ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറിയാണ്‌. രാജ്യാന്തരതലത്തിൽ മൂന്നാമത്തേതും. 40 പന്തിൽ 128 റണ്ണുമായി പുറത്തായില്ല. 10 ഫോറും 12 സിക്‌സറുമുണ്ട്‌. വൈഭവ്‌ സൂര്യവംശി 84 പന്തിൽ 190 റണ്ണടിച്ചു. 14 ഫോറും 15 സിക്‌സറും അകമ്പടിയായി. ലിസ്‌റ്റ്‌ എയിലെ പ്രായംകുറഞ്ഞ സെഞ്ചുറിക്കാരനെന്ന ലോകറെക്കോഡ്‌ സ്ഥാപിച്ചു. 14 വർഷവും 272 ദിവസവുമാണ്‌ പ്രായം. 1986ൽ റെയിൽവേസിന്റെ സാഹുർ ഇലാഹി 15 വർഷവും 209 ദിവസവും പ്രായമുള്ളപ്പോൾ സ്ഥാപിച്ച റെക്കോഡാണ്‌ മറികടന്നത്‌. സൗരാഷ്ട്രയ്ക്കെതിരെ ഒഡിഷയുടെ സ്വാസ്തിക് സമൽ (212) ഇരട്ട സെഞ്ചുറി നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home