14–ാം വയസിൽ വൈഭവിന്റെ ‘വൈഭവം’; 35 പന്തിൽ സെഞ്ചുറി നേടി റെക്കോർഡിട്ട് ‘അത്ഭുതബാലൻ’

PHOTO: Facebook/IPL
ജയ്‌പുർ: ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ റെക്കോർഡിട്ട് വൈഭവ് സൂര്യവംശി. ട്വന്റി 20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വൈഭവ് തന്റെ പേരിലാക്കിയത്. ഇതോടൊപ്പം ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായും വെെഭവ് മാറി. 35 പന്തിൽ സെഞ്ചുറി നേടിയ താരത്തിന്റെ പ്രായം വെറും 14 വയസും 32 ദിവസവും മാത്രമാണ്. 36 പന്തിൽ 101 റൺസാണ് കളിയിലെ താരത്തിന്റെ സമ്പാദ്യം.
കഴിഞ്ഞ മെഗാ താരലേലത്തിലായിരുന്നു വെെഭവിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. തുടർന്ന് ഏതെങ്കിലും ഐപിഎൽ ഫ്രാഞ്ചെെസിയിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് താരം തന്റെ പേരിലാക്കിയിരുന്നു. ബിഹാർ സ്വദേശിയായ വൈഭവിനെ 1.1 കോടി രൂപയ്‌ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്. തുടർന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലൂടെ ലീഗിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമായും വെെഭവ് മാറി.
ഗുജറാത്ത് ടെെറ്റൻസ് ഉയർത്തിയ 210 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് വേണ്ടി യശ്വസി ജയ്സ്വാളിനൊപ്പം (40 പന്തിൽ 70*) ഓപ്പണറായി ഇറങ്ങിയാണ് വെെഭവിന്റെ അത്ഭുതപ്രകടനം. 17 ബോളിൽ നിന്ന് ഫിഫ്റ്റി തികച്ച ഈ ‘അത്ഭുതബാലൻ’ 18 ബോൾ കൂടി നേരിട്ട ശേഷം തന്റെ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചുറി നേടുകയായിരുന്നു.
വൈഭവ് സൂര്യവംശിയുടേയും യശ്വസി ജയ്സ്വാളിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിൽ ഗുജറാത്തിനെ രാജസ്ഥാൻ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. രാജസ്ഥാന് വേണ്ടി റിയാൻ പരാഗ് പുറത്താകാതെ 15 പന്തിൽ നിന്ന് 32 റൺസ് നേടി. നേരത്തെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നേടിയ 84 റൺസിന്റെ (50) ബലത്തിലാണ് ഗുജറാത്ത് 209 റൺസ് നേടിയത്.









0 comments