Deshabhimani

വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിൽ ഇറക്കിയത് പിഴവോ? ഇന്ത്യയുടെ പരീക്ഷണത്തിനെതിരെ മുൻ താരങ്ങൾ

vaibhav
വെബ് ഡെസ്ക്

Published on Oct 27, 2026, 08:02 AM | 1 min read

വെലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ യുവതാരം വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ വിമർശനം. എട്ട് പന്തിൽ നാല് റൺസ് മാത്രമെടുത്ത് പുറത്തായതോടെയാണ് ബാറ്റിങ് ക്രമത്തിലെ മാറ്റം ചർച്ചയായത്.


ഇഷാൻ കിഷന് പരിക്കേറ്റതിനെത്തുടർന്നാണ് പതിനഞ്ചുകാരനായ സൂര്യവംശിക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. എന്നാൽ ഓപ്പണർമാരായ അഭിഷേക് ശർമയെയും സഞ്ജു സാംസണെയും മാറ്റാതെ സൂര്യവംശിയെ മൂന്നാം നമ്പറിൽ ഇറക്കുകയായിരുന്നു ഇന്ത്യ.


ഓപ്പണിങ് തന്നെയാണ് അനുയോജ്യമെന്ന് മുൻ താരങ്ങൾ


ഓപ്പണറായി ഇറങ്ങുമ്പോഴാണ് സൂര്യവംശി ഏറ്റവും അപകടകാരിയായ ബാറ്ററാകുന്നതെന്നാണ് മുൻ ഇന്ത്യൻ താരങ്ങളായ മുരളി കാർത്തിക്കിന്റെയും രവിചന്ദ്രൻ അശ്വിന്റെയും വിലയിരുത്തൽ. സഞ്ജു സാംസണെ മൂന്നാം നമ്പറിലേക്ക് മാറ്റി സൂര്യവംശിയെ ഓപ്പണറായി ഇറക്കാമായിരുന്നുവെന്നും ഇരുവരും അഭിപ്രായപ്പെട്ടു.


ഐപിഎല്ലിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി 35 പന്തിൽ നേടിയ സൂര്യവംശി, 2026-ലെ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസും നേടിയിരുന്നു. ഈ മികച്ച പ്രകടനങ്ങളെല്ലാം ഓപ്പണറായിട്ടായിരുന്നു.


ബാറ്റിങ് ക്രമത്തിൽ മാറ്റമുണ്ടാകുമോ?


മൂന്നാം നമ്പറിൽ ഇറങ്ങുമ്പോൾ മത്സരസാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യേണ്ടിവരുന്നത് സൂര്യവംശിയുടെ സ്വാഭാവിക ആക്രമണശൈലിയെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. പവർപ്ലേയിൽ താരത്തിന്റെ ആക്രമണോത്സുക ബാറ്റിങ് കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും മുൻ താരങ്ങൾ ചൂണ്ടിക്കാട്ടുന്നു.


ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യ വിജയിച്ചെങ്കിലും സൂര്യവംശിയുടെ ബാറ്റിങ് സ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ഇഷാൻ കിഷൻ മൂന്നാം മത്സരത്തിലും കളിക്കില്ലെന്നിരിക്കെ, ഇന്ത്യ ബാറ്റിങ് ക്രമത്തിൽ മാറ്റം വരുത്തുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home