ഹരാരെയിലെ ഇന്ത്യൻ വെെഭവം

പേരുപോലെ തന്നെ തന്‍റെ വെെഭവത്താൽ സെഞ്ചുറിയും അർധ സെഞ്ചുറിയും ഒന്നുമല്ലെന്ന് ഇന്നും ആ പയ്യൻ തെളിയിച്ചു. വെടിക്കെട്ട് ഷോട്ടുകൾക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. സ്പിന്നർമാരേയും പേസര്‍മാരേയും ഒരുപോലെ പ്രഹരിച്ചവശരാക്കി. ഏത് ദിശയിലേക്ക് പന്തെറിഞ്ഞാലും കാണികൾക്കിടയിലേക്കുള്ള കൂറ്റൻ സിക്സറുകൾ..ക്ലാസിക് ബൗണ്ടറികൾ. ബൗണ്ടറികളുടെ എണ്ണത്തിനൊപ്പിച്ച് സിക്സറുകളുടെ എണ്ണവും സമമാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത പോലൊരു പെർഫോമൻസ്. അങ്ങനെ 15 ഫോറും 15 സിക്സറുമായി ഇന്ത്യയെ ചരിത്ര വിജയത്തിലേക്കെത്തിച്ച്, ഹരാരെയിലെ സ്പോർട്സ് ക്ലബ് മെെതാനത്ത് വെെഭവ് സൂര്യവംശി ഉദിച്ചുയര്‍ന്നു
80 പന്തിൽ നിന്നും 175 റൺസാണ് അടിച്ചുകൂട്ടിയത്. കളിച്ച കളികളിലൊക്കെ തന്നെ ബൗളർമാരാരെന്ന ഭയമേതുമില്ലാതെ സ്റ്റേഡിയങ്ങളെ അക്ഷരാർഥത്തിൽ വെെഭവ് ത്രസിപ്പിച്ചു. ടീം ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് ടീമിലേക്കുള്ള പുതിയ സൂര്യന്റെ ഉദയമാണെന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങളാണ് വെെഭവിന്റെ ഓരോ മത്സരവും ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ടാക്കുന്നത്. ഇന്ത്യൻ ടീമിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന ഐക്കോണിക്ക് താരങ്ങളുടെ പട്ടികയിൽ വെെഭവും ഇടം നേടുമെന്ന ചർച്ചകളും നിറയുകയാണ്. സൂര്യവംശിയെന്ന 15 കാരൻ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രം രചിക്കുന്നു.
അണ്ടർ 19 ലോകകപ്പിൽ , കുറഞ്ഞ പന്തിൽ സെഞ്ചുറി നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനായി സൂര്യവംശി മാറിയിരിക്കുന്നു ഇന്ത്യൻ ആരാധകർക്ക് മാത്രമല്ല ഇംഗ്ലണ്ട് ആരാധകർ പോലും വെെഭവിന്റെ പ്രകടനത്തിൽ അറിയാതെ കെെയ്യടിച്ചുപോയി. 21 വർഷങ്ങൾക്ക് മുമ്പ് സാന്റീയോഗോ ബെർണബോവിൽ ബ്രസീൽ ഇതിഹാസം റോണാൾഡീനോയ്ക്ക് റയൽ മാഡ്രിഡ് ആരാധകർ എഴുന്നേറ്റ് നിന്ന് കെെയ്യടിച്ചതിനെ ഓർമിപ്പിക്കുന്ന പോലെ. ഒരിക്കലും കൂട്ടിവായിക്കാനാകാത്ത താരതമ്യമാണെങ്കിലും ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ആ കാഴ്ച ഇന്നത്തെ മത്സരത്തിലുമുണ്ടായിട്ടുണ്ടാവണം.
ഒരിക്കലെങ്കിലും മനസ് കൊണ്ടെങ്കിലും സൂര്യവംശിയുടെ പ്രകടനത്തെ പിന്തുണക്കാതിരിക്കാൻ ഇംഗ്ലണ്ട് ആരാധകർക്കായിട്ടുണ്ടാവില്ല. സ്ട്രെെക്ക് റേറ്റ് 218. 75. ഒരുവശത്ത് ഭയരഹിതനായി കളി തുടരവെ മികച്ച പിന്തുണ സഹ ബാറ്റ്സ്മാനായ ആയുഷ് മെഹത്രെയും നൽകി. അണ്ടർ 19 ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയായി മാറിയിരിക്കുന്നു ഇംഗ്ലണ്ടിലെ ഞെട്ടിച്ച ആ 175 റൺസ്.
ഓസ്ട്രേലിയക്കെതിരെ 2012 ൽ ഉൻമുക്ത് ചന്ദ് അടിച്ചൂകൂട്ടിയ 111 റൺസ് അങ്ങനെ പഴങ്കഥയായിരിക്കുന്നു. അണ്ടർ 19 ലെ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ഓസ്ട്രേലിയൻ താരം വിൽ മലേഷുക്കാ (51 പന്തിൽ 100)ണെങ്കിൽ ഒരു കളിയിൽ ഏറ്റവും അധികം സിക്സറടിച്ച താരമായും സൂര്യവംശി മാറി.










0 comments