ad
Deshabhimani

ഇന്ത്യ ഇന്ന്‌ 
അമേരിക്കയോട്‌

print edition കപ്പ്‌ നിറയെ ക‍ൗമാരം ; അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഇന്ന്‌ മുതൽ

u19 world cup ODI

ആയുഷ് മാത്രെ (ക്യാപ്റ്റൻ)
ഓപ്പണിങ് ബാറ്റർ / മുഹമ്മദ് ഇനാൻ (മലയാളി) 
ഓൾറൗണ്ടർ / കിരൺ ജോർജ് (മലയാളി)
മധ്യനിര ബാറ്റർ / വെെഭവ് സൂര്യവംശി 
ഓപ്പണിങ് ബാറ്റർ

വെബ് ഡെസ്ക്

Published on Jan 15, 2026, 12:15 AM | 2 min read

ഹരാരെ

ലോക ക്രിക്കറ്റിലെ നാളെയുടെ താരങ്ങൾ കളത്തിൽ. അണ്ടർ 19 ആൺകുട്ടികളുടെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ സിംബാബ്‌വേയിലും നമീബിയയിലുമായി തുടക്കം. ക്രിസ്‌ ഗെയ്‌ലും ബെൻ സ്‌റ്റോക്‌സും എയ്‌ദൻ മാർക്രവും വിരാട്‌ കോഹ്‌ലിയും യുവ്‌രാജ്‌ സിങ്ങുമൊക്കെ തെളിഞ്ഞ ലോകം. അവിടേക്ക്‌ ഇരച്ചെത്താൻ വെമ്പി നിൽക്കുന്ന ഒരു തലമുറയുണ്ട്‌. അവരുടെ മിന്നലാട്ടം കാണാം.


ഇ‍ൗ ലോകകപ്പിൽ 16 ടീമുകളാണ്‌. നാല്‌ ഗ്രൂപ്പായി തിരിഞ്ഞാണ്‌ പ്രാഥമിക പോരാട്ടം. ആദ്യഘട്ടത്തിൽ ഗ്രൂപ്പിൽ അവസാനസ്ഥാനത്തെത്തുന്ന ടീം പുറത്താകും. ബാക്കി 12 ടീമുകൾ രണ്ട്‌ ഗ്രൂപ്പായി സൂപ്പർ സിക്‌സ്‌ കളിക്കും. രണ്ട്‌ ടീമുകൾ വീതം സെമിയിലേക്ക്‌ മുന്നേറും. ആകെ 41 കളികളാണ്‌. ഫൈനൽ ഫെബ്രുവരി ആറിന്‌ ഹരാരെയിൽ. ടാൻസാനിയയാണ്‌ ലോകകപ്പിലെ നവാഗതർ.


മൂന്ന്‌ കളികൾ

ഇന്നുമുതൽ മിക്ക ദിവസവും മൂന്ന്‌ കളികളുണ്ട്‌. ചില ദിവസം രണ്ടെണ്ണം. എല്ലാ മത്സരവും ഇന്ത്യൻ സമയം പകൽ ഒരുമണിക്കാണ്‌. ഇന്ത്യ ഇന്ന്‌ സിംബാബ്‌വേയിലെ ബുലവായോയിൽ അമേരിക്കയെ നേരിടും. ആതിഥേയരായ സിംബാബ്‌വേ സ്‌കോട്ട്‌ലൻഡുമായും കന്നി ലോകകപ്പിനെത്തുന്ന ടാൻസാനിയ വെസ്‌റ്റിൻഡീസുമായും ഏറ്റുമുട്ടും.


ഗ്രൂപ്പ്‌ മത്സരങ്ങൾ 24ന്‌ അവസാനിക്കും. തുടർന്നാണ്‌ സൂപ്പർ സിക്‌സ്‌ മത്സരങ്ങൾ. സെമി ഫെബ്രുവരി മൂന്നിനും നാലിനുമാണ്‌. ഒരു ദിവസം വിശ്രമത്തിനുശേഷം ഫൈനൽ. സിംബാബ്‌വേയിൽ ഫൈനൽ അടക്കം 25 മത്സരങ്ങളുണ്ട്‌. അതിൽ ഹരാരേയിൽ പതിനാലും ബുലവായോയിൽ പതിനൊന്നുമാണ്‌. നമീബിയയുടെ തലസ്ഥാനമായ വിൻധോക്കിൽ രണ്ട്‌ സ്‌റ്റേഡിയങ്ങളിലായി 16 കളികൾ. മത്സരങ്ങൾ സ്‌റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്‌റ്റാറിലും തത്സമയം കാണാം.


u19


ഇന്ത്യക്ക്‌ മുൻതൂക്കം

ക‍ൗമാരക്കപ്പിൽ ഇന്ത്യ എക്കാലത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്‌. സീനിയർ ടീമിലെത്തിയ പ്രമുഖ കളിക്കാരെല്ലാം ഇവിടെ മിന്നിത്തെളിഞ്ഞവരാണ്‌. അഞ്ച്‌ തവണ ഇന്ത്യ ജേതാക്കളായി. 2000ൽ ആദ്യമായി കിരീടം നേടുമ്പോൾ മുഹമ്മദ്‌ കെയ്‌ഫായിരുന്നു ക്യാപ്‌റ്റൻ. 2008ൽ വിരാട്‌ കോഹ്‌ലി കപ്പുയർത്തി. 2012ൽ ഉൻമുക്ത്‌ ചന്ദും 2018ൽ പൃഥ്വി ഷായും കിരീടം കൊണ്ടുവന്നു. 2022ൽ യാഷ്‌ ദുൾ ലോകകപ്പ്‌ ഏറ്റുവാങ്ങി. നാല്‌ തവണ റണ്ണറപ്പായിട്ടുമുണ്ട്‌(2006, 2016, 2020, 2024). കഴിഞ്ഞ തവണ ഓസ്‌ട്രേലിയയോട്‌ 79 റണ്ണിന്‌ തോറ്റു. ഓസീസിന്‌ നാല്‌ ലോകകപ്പുണ്ട്‌. പാകിസ്ഥാൻ രണ്ടുതവണ(2004, 2006) ജേതാക്കളായി. ഇംഗ്ലണ്ട്‌(1998), ദക്ഷിണാഫ്രിക്ക(2014), വെസ്‌റ്റിൻഡീസ്‌(2016), ബംഗ്ലാദേശ്‌(2020) എന്നിവരും ലോകകപ്പിന്‌ അവകാശികളായി.


ഭാവിയിലെ 
വെടിക്കെട്ടുകാർ

അധികം വൈകാതെ സീനിയർ ടീമിലെത്താവുന്ന ഒരുപിടി കളിക്കാർ ലോകകപ്പിനെത്തുന്നു. ഇന്ത്യൻ നിരയിൽ അതിലെ പ്രധാനി പതിനാലുകാരനായ വെടിക്കെട്ട്‌ ബാറ്റർ വൈഭവ്‌ സൂര്യവംശിയാണ്‌. ഫൈസൽ ഷിനോസോദ (അഫ്‌ഗാനിസ്ഥാൻ), ഒളിവർ പീകെ (ഓസ്‌ട്രേലിയ), റിസാൻ ഹോസൻ (ബംഗ്ലാദേശ്‌), ഹർഹാൻ അഹമ്മദ് ‌(ഇംഗ്ലണ്ട്‌), ആദം ലെക്കി (അയർലൻഡ്‌), ആര്യൻ മാൻ (ന്യൂസിലൻഡ്‌), ജൊനാഥൻ വാൻലാംഗ്‌ (വെസ്‌റ്റിൻഡീസ്‌), സമീർ മിൻഹാസ്‌ (പാകിസ്ഥാൻ), ജോറിച്ച്‌ വാൻ സ്‌കാൽവിക്‌ (ദക്ഷിണാഫ്രിക്ക) എന്നീ പേരുകൾ ഭാവയിൽ മുഴങ്ങിയേക്കാം.



കേരളത്തിന്‌ അഭിമാനമായി ആരോൺ ജോർജും 
മുഹമ്മദ്‌ ഇനാനും

ലോകകപ്പിന് 
രണ്ട്‌ 
മലയാളികൾ

ആയുഷ്‌ മാത്രെ നയിക്കുന്ന 15 അംഗ ഇന്ത്യൻ ടീമിൽ രണ്ട്‌ മലയാളികളുണ്ട്‌. ഹൈദരാബാദിനായി കളിക്കുന്ന ആരോൺ ജോർജും തൃശൂർ സ്വദേശി മുഹമ്മദ്‌ ഇനാനും. ഹൈദരാബാദിനെ അണ്ടർ 19 വിനു മങ്കാദ്‌ ട്രോഫിയിൽ ചാന്പ്യൻമാരാക്കിയാണ്‌ പത്തൊന്പതുകാരനായ ആരോൺ ശ്രദ്ധേയനായത്‌. ജനിച്ചത്‌ കേരളത്തിലാണെങ്കിലും പഠിച്ചതും വളർന്നതും ഹൈദരാബാദിലാണ്‌. അച്ഛൻ ഇ‍ൗശോ വർഗീസ്‌ മാവേലിക്കര സ്വദേശിയാണ്‌. അമ്മ പ്രീതി വർഗീസ്‌ കോട്ടയംകാരിയും.


മുഹമ്മദ്‌ ഇനാൻ ഓൾറ‍ൗണ്ടറാണ്‌. ശ്രീകുമാർ നായർക്കും സഞ്‌ജു സാംസണും ശേഷം ലോകകപ്പ്‌ കളിക്കുന്ന കേരള താരമാണ്‌. ഷാർജയിലെ ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ്‌ കളി പഠിച്ചത്‌. ആദ്യം പേസ്‌ ബ‍ൗളറായിരുന്നു. പാകിസ്ഥാൻ സ്‌പിന്നർ സഖ്‌ലയ്‌ൻ മുഷ്താഖാണ് സ്‌പിന്നിലേക്ക് തിരിച്ചു വിട്ടത്‌. തൃശൂർ പുന്നയൂർകുളം സ്വദേശികളായ ഷാനവാസ്-– റഹീന ദമ്പതികളുടെ മകനാണ്‌. കേരള വർമ കോളേജിലെ ബിരുദ വിദ്യാർഥിയും കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരവുമാണ്.


ഗ്രൂപ്പ്‌ എ: ഇന്ത്യ, ന്യൂസിലൻഡ്‌, അമേരിക്ക, ബംഗ്ലാദേശ്‌.

ഗ്രൂപ്പ്‌ ബി: പാകിസ്ഥാൻ, ഇംഗ്ലണ്ട്‌, സിംബാബ്‌വേ, സ്‌കോട്ട്‌ലൻഡ്‌.

ഗ്രൂപ്പ്‌ സി: ഓസ്‌ട്രേലിയ, ശ്രീലങ്ക, അയർലൻഡ്‌, ജപ്പാൻ.

ഗ്രൂപ്പ്‌ ഡി: ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ്‌, ടാൻസാനിയ, അഫ്‌ഗാനിസ്ഥാൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home