കൂടാരം നിറയെ നക്ഷത്രങ്ങൾ

PHOTO: Facebook
കോലാലംപുർ: വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി ശോഭനം. മിതാലി രാജ്, ഹർമൻപ്രീത് കൗർ, ജുലൻ ഗോസ്വാമി, സ്‌മൃതി മന്ദാന തുടങ്ങിയവർക്ക് പിൻഗാമികളായിരിക്കുന്നു. സീനിയർ തലത്തിലേക്ക് ഉയരാൻ പ്രതിഭയുള്ള ഒരുപിടി താരങ്ങളാണ് കൗമാര ലോകകപ്പിൽ ഇന്ത്യയെ ഉയർത്തിയത്. തുടർച്ചയായി രണ്ടാംതവണ ലോക ജേതാക്കളാകുന്നത് ആധികാരികജയത്തോടെ.
ഏഴു കളിയിലും ഇന്ത്യയുടേത് സമഗ്രാധിപത്യമായിരുന്നു. സ്പിൻ ബൗളർമാരായിരുന്നു വിജയത്തിന്റെ ആണിക്കല്ല്. സെമിയിൽ ഇംഗ്ലണ്ടിനുമാത്രമാണ് സ്‌കോർ 100 കടത്താനായത്. ഫൈനലിൽ ആദ്യം ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക 20 ഓവർ കളിച്ചെങ്കിലും 82 റണ്ണിൽ അവസാനിച്ചു.
സെമിയിൽ ഇംഗ്ലണ്ടിന് നേടാനായത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺ. ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചു. സൂപ്പർ സിക്സിലെ രണ്ട് വിജയവും എതിരില്ലാതെയായിരുന്നു. സ്‌കോട്‌ലൻഡിനെ 150 റണ്ണിനും ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനും തകർത്തു. ഇന്ത്യയുടെ ഒരു വിക്കറ്റിന് 208 റണ്ണെന്ന സ്‌കോറിനെതിരെ സ്‌കോട്‌ലൻഡ് 58ന് പുറത്തായി. ബംഗ്ലാദേശിന് നേടാനായത് 64 റൺ.
ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയെ 60 റണ്ണിനും മലേഷ്യയെ 10 വിക്കറ്റിനും കീഴടക്കി. ഉദ്ഘാടനമത്സരത്തിൽ വെസ്റ്റിൻഡീസിനെ ഒമ്പത് വിക്കറ്റിനാണ് തോൽപ്പിച്ചത്. വിൻഡീസ് 44 റണ്ണിനും മലേഷ്യ 31 റണ്ണിനും പുറത്തായി. ലങ്കയ്ക്ക് നേടായത് 58 റൺ. റണ്ണടിയിൽ ഓപ്പണർ ജി തൃഷ എതിരാളികളെ വലിയ വ്യത്യാസത്തിൽ പിന്തള്ളി. ഏഴു കളിയിൽ 77.25 ശരാശരിയിൽ 309 റൺ. രണ്ടാമതുള്ള ഇംഗ്ലണ്ടിന്റെ ദവീന പെറിന്റെ സമ്പാദ്യം 176 റൺ. ഇന്ത്യയുടെ മറ്റൊരു ഓപ്പണർ പതിനാറുകാരി ജി കമാലിനിക്ക് 143 റണ്ണുണ്ട്. ബൗളർമാരിൽ സ്‌പിന്നർ വൈഷ്ണവി ശർമ ഒന്നാമതെത്തി. ആറു കളിയിൽ 17 വിക്കറ്റ്. ആയുഷി ശുക്ല 14 വിക്കറ്റെടുത്തു.
കർണാടകക്കാരിയായ ക്യാപ്റ്റൻ നികി പ്രസാദിന് രണ്ടു കളിയിൽമാത്രമാണ് ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടിവന്നത്. ഒറ്റക്കളിയിലും ഇന്ത്യ ഓൾ ഔട്ടായില്ല. മലയാളിയായ പേസ് ബൗളർ വി ജെ ജോഷിത മിക്കകളിയിലും എതിർ ഓപ്പണർമാരെ കുരുക്കി. ആറു കളിയിൽ 13 ഓവർ എറിഞ്ഞാണ് ആറ് വിക്കറ്റ് നേട്ടം. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ അഞ്ചുകോടി രൂപ പ്രഖ്യാപിച്ചു.
7 കളിയിൽ 309 റൺ, 7 വിക്കറ്റ്; തൃഷയാണ് താരം
ലോകകപ്പിലെ താരമായി തിളങ്ങിയത് ഗോംഗഡി തൃഷ. ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ചായ പത്തൊമ്പതുകാരി പ്ലെയർ ഓഫ് ദ ടൂർണമെന്റുമായി. റണ്ണടിയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നേട്ടം. ഏഴു കളിയിൽ നേടിയത് 309 റൺ. ഈ സ്‌പിൻ ബൗളർക്ക് ഏഴ് വിക്കറ്റുമുണ്ട്. ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യത്തെ കളിക്കാരിയാണ്. സ്‌കോട്‌ലൻഡിനെതിരെ 110 റണ്ണുമായി പുറത്താകാതെ നിന്നു. തെലങ്കാനയിലെ ഭദ്രാചലത്തുനിന്നാണ് ഓൾറൗണ്ടറുടെ വരവ്. കഴിഞ്ഞതവണ ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ 24 റണ്ണുമായി ടോപ് സ്‌കോററായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ ആരാധിക്കുന്ന കളിക്കാരിയെ ഇന്നത്തെ രൂപത്തിൽ ഒരുക്കിയതിൽ അച്ഛൻ രാമിറെഡ്ഡിക്കുള്ള പങ്ക് നിസ്തുലമാണ്. ജിം ട്രെയിനറായിരുന്ന രാമിറെഡ്ഡി മകളെ ഏഴാംവയസ്സിൽ സെക്കന്തരാബാദിലെ സെന്റ് ജോൺസ് ക്രിക്കറ്റ് അക്കാദമിയിലാക്കി. മകളുടെ ഭാവിക്കായി ജോലി ഉപേക്ഷിച്ച് നാടായ ഭദ്രാചലത്തിൽനിന്ന് സെക്കന്തരാബാദിൽ എത്തുകയായിരുന്നു. അക്കാദമിയിലെ പരിശീലനം ഫലംകണ്ടു. വൈകാതെ ഹൈദരാബാദ് ടീമിലെത്തി. തുടർന്ന് അണ്ടർ 19 ദേശീയ ടീമിൽ സ്ഥിരം സാന്നിധ്യമായി.
6 കളിയിൽ 17 വിക്കറ്റ്; ബൗളർമാരിൽ വൈഷ്ണവി
ലോകകപ്പിൽ കൂടുതൽ വിക്കറ്റെടുത്ത ബൗളറെന്ന ബഹുമതി ഇന്ത്യയുടെ ഇടംകൈ സ്പിന്നർ വൈഷ്ണവി ശർമ സ്വന്തമാക്കി. ആറ് കളിയിൽ 17 വിക്കറ്റാണ് സമ്പാദ്യം. മധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശി മലേഷ്യക്കെതിരെ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് നേടി. ബംഗ്ലാദേശ്, സ്‌കോട്‌ലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ മൂന്ന് വിക്കറ്റ് വീതം കരസ്ഥമാക്കി. ശ്രീലങ്കയ്‌ക്കെതിരെ ഒരു വിക്കറ്റാണുള്ളത്. ഫൈനലിൽ പത്തൊമ്പതുകാരി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാല് ഓവറിൽ 23 റൺ വഴങ്ങി രണ്ട് വിക്കറ്റ് പിഴുതു. മലേഷ്യക്കെതിരെ അഞ്ച് റൺ വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് കൗമാര ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനം.
ടീം: നികി പ്രസാദ് (ക്യാപ്റ്റൻ), സനിക ചൽകെ (വൈസ് ക്യാപ്റ്റൻ), ജി തൃഷ, ജി കമാലിനി, ഭവിക അഹിരെ, ഈശ്വരി അവസാരെ, മിഥില വിനോദ്, വി ജെ ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ദ്രിതി, ആയുഷി ശുക്ല, അനന്തിത കിഷോർ, എം ഡി ഷബ്നം, എസ് വൈഷ്ണവി. പകരക്കാർ: എസ് നന്ദന, ജെ ഇറ, ടി അനാദി.









0 comments