അതിജീവിതയ്ക്കുനേരെ സൈബർ ആക്രമണം: യൂട്യൂബർ അറസ്റ്റിൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബലാത്സംഗത്തിനിരയാക്കിയ യുവതിക്കുനേരെ സൈബർ ആക്രമണം നടത്തിയ കേസിൽ യൂട്യൂബര്‍ അറസ്റ്റില്‍. കോട്ടയം വേളൂർ പതിനഞ്ചിൽക്കടവ് ഭാഗം സ്വദേശി പി ജെറിൻ (39) ആണ് അറസ്റ്റിലായത്. യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനാണ് യൂട്യൂബറായ ഇയാളെ കോട്ടയം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വോയിസ് ഓഫ് മലയാളി എന്ന ഫെയ്‌സ്ബുക് പേജിന്റെ ഉടമയാണ് പ്രതി. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇ–മെയിലിൽ നവംബർ രണ്ടിന് ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്‌സ്ബുക് വീഡിയോ ലിങ്കിന്റെ യുആർഎൽ പരിശോധിച്ച് കേസെടുക്കുകയായിരുന്നു.
അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാനത്ത് ഇതിനകം 32 കേസാണ് രജിസ്റ്റർ ചെയ്തത്. പലതിലും ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചതടക്കമുളള വകുപ്പുകൾ ചേർത്താണ് കേസ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന കമന്റിടുന്നവർക്കെതിരെയും നടപടിയുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയതിനുപിറകെ അതിജീവിതയ്‌ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് രാഹുൽ ഈശ്വർ കസ്റ്റഡിയിലാണ്. അതിജീവിതയെ അധിക്ഷേപിക്കുന്ന പല വീഡിയോകളും ഇയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സന്ദീപ് വാര്യർ, പാലക്കാട് സ്വദേശിയായ യൂട്യൂബർ തുടങ്ങിയവരും കേസുകളിൽ പ്രതികളാണ്. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയത് സന്ദീപ് വാര്യരാണെന്ന് ആരോപണമുണ്ട്.








0 comments