ഇനിയും അഭിഷേക് തന്നെയാകുമോ ടീമിൽ?; സഞ്ജു വീണ്ടും ചർച്ചയാകുന്നു

സഞ്ജു സാംസൺ, അഭിഷേക് ശർമ
കൊളംബോ: അഭിഷേക് ശർമയ്ക്കു പകരം ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ സഞ്ജു സാംസണ് കളിക്കുമോ?. ഓപ്പണിംഗ് ഇറങ്ങി നമീബിയക്കെതിരെ എട്ട് പന്തിൽ 22 റൺസെടുത്ത സഞ്ജു ശേഷമുള്ള കളികളിൽ കളത്തിന് പുറത്തായിരുന്നു. പകരം അഭിഷേക് ശർമ വമ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തുടർച്ചയായി ട്വന്റി -20 ലോകകപ്പില്‍ മൂന്ന് തവണ പൂജ്യത്തിൽ മടങ്ങിയിട്ടും താരത്തെ നിലനിർത്തുക തന്നെയാണോ ചെയ്യുക എന്നാണറിയേണ്ടത്. ഇവിടെയാണ് സഞ്ജു സാംസണിന്റെ പേര് വീണ്ടും ചർച്ചയാകുന്നത്. .
ഈ ലോകകപ്പിൻറെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി.സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോഴാണ് നമീബിയയ്ക്ക് എതിരെ സഞ്ജു കളിച്ചത്.സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്.
പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.സൂപ്പർ എട്ടിൽ ഞായറാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നതിന് മുന്നോടിയായി സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.സൂപ്പർ 8 ഘട്ട മത്സരങ്ങൾ അടുത്തിരിക്കെ അഭിഷേകിന്റെ ഈ ഫോമില്ലായ്മ ഇന്ത്യൻ ടീമിനും ആരാധകർക്കും ഒരുപോലെ ആശങ്കയാവുകയാണ്.
ബാറ്റിംഗ് നിരയിൽ ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 176 റൺസുമായി റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് കിഷൻ. മൂന്നാം നമ്പറിൽ തിലക് വർമയുടെ ഇന്നിംഗ്‌സുകൾക്ക് വേഗത പോരെന്ന വിമർശനമുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് താരത്തിന് കൂടുതൽ അവസരം നൽകാനാണ് സാധ്യത. മധ്യനിരയിൽ നായകൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗും ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് അർദ്ധസെഞ്ച്വറി നേടിയ ശിവം ദുബെയും ഫിനിഷർ റോളിൽ റിങ്കു സിംഗും തുടരും.സൂപ്പർ എട്ടിൽ ഇന്ത്യക്ക് സൗത്താഫ്രിക്ക, സിംബാബ് വെ, വെസ്റ്റ് ഇൻഡീസ് വെല്ലുവിളികളാണുള്ളത്.










0 comments