ad
Deshabhimani

അഭിഷേക് ഇറങ്ങും; പാക് താരങ്ങൾക്ക് കൈകൊടുക്കുന്നതിൽ സസ്പെൻസ് തുടർന്ന് സൂര്യകുമാർ

Suryakumar Yadav

സൂര്യകുമാർ യാദവ് | Photo: AFP

വെബ് ഡെസ്ക്

Published on Feb 14, 2026, 07:40 PM | 2 min read

കൊളംബോ: പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകുന്നതിൽ സസ്പെൻസ് തുടർന്ന് ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. എന്ത് സംഭവിക്കുമെന്ന് ടോസ് ഇടുന്ന സമയം കാണാം എന്നായിരുന്നു ചോദ്യങ്ങളോട് ഇന്ത്യൻ നായകന്റെ മറുപടി.


പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് 'ഓപ്പറേഷൻ സിന്ദൂറിനും' പിന്നാലെ, കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഏഷ്യ കപ്പ് 2025 മുതൽ ഇരു ടീമുകളിലെയും കളിക്കാർ പരസ്പരം കൈകൊടുക്കുന്നത് ഒഴിവാക്കിയിരുന്നു.


"24 മണിക്കൂർ കൂടി കാത്തിരിക്കൂ. ഞങ്ങൾ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. നന്നായി ഭക്ഷണം കഴിക്കുക, സുഖമായി ഉറങ്ങുക,"- ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സൂര്യകുമാർ പറഞ്ഞു.


തന്റെ ടീം കൈകൊടുക്കുമോ എന്ന ചോദ്യത്തിന് പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഘയും കൃത്യമായ മറുപടി നൽകിയില്ല. "അക്കാര്യം നമുക്ക് നാളെ (ഞായറാഴ്ച) കാണാം," എന്നായിരുന്നു ആഘയുടെ പ്രതികരണം. കളി നല്ല സ്പിരിറ്റിൽ നടക്കണമെന്നാണ് ആഗ്രഹം. ബാബർ അസമിന്റെ ഫോമില്ലായ്മയിലോ സ്പിന്നർ ഉസ്മാൻ താരിക്കിന്റെ ബൗളിംഗ് ആക്ഷനിലോ തനിക്ക് ആശങ്കയില്ലെന്നും പാക് നായകൻ വ്യക്തമാക്കി.


അഭിഷേക് വരും, സഞ്ജു പുറത്ത് ?


അതേസമയം, പാകിസ്ഥാനെതിരെയുള്ള നിർണായക മത്സരത്തിൽ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയും സ്പിന്നർ കുൽദീപ് യാദവും പ്ലെയിങ് ഇലവനിലുണ്ടാകുമെന്ന് സൂര്യകുമാർ യാദവ് ഏകദേശം ഉറപ്പിച്ചു. ഇതോടെ മലയാളിതാരം സഞ്ജു സാംസൺ ആദ്യ ഇലവനിൽനിന്ന് പുറത്തായേക്കും.


വയറിലെ അണുബാധയെ തുടർന്ന് നമീബിയയ്‌ക്കെതിരായ മത്സരത്തിൽനിന്ന് അഭിഷേക് വിട്ടുനിന്നിരുന്നു. അഭിഷേകിന് വിശ്രമം നൽകിയതിനാല്‍ നമീബിയയ്‌ക്കെതിരെ സഞ്ജുവിന് കളിക്കാനായി. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് സഞ്ജു നേടിയത്.


നാടകീയ സംഭവങ്ങൾ


ബംഗ്ലാദേശ്‌ താരം മുസ്‌താഫിസുർ റഹ്‌മാനെ ഐപിഎല്ലിൽനിന്ന്‌ പുറത്താക്കിയതോടെയാണ്‌ ഇന്ത്യ- പാക് മത്സരത്തിന്‍റെ പേരിലുള്ള വിവാദങ്ങളുടെ തുടക്കം. ബിസിസിഐയുടെ നീക്കത്തിൽ പ്രതിഷേധിച്ച്‌ ബംഗ്ലാദേശ്‌ കടുത്ത തീരുമാനങ്ങളിലേക്ക്‌ നീങ്ങി. ഇന്ത്യയിൽ കളിക്കില്ലെന്നായിരുന്നു നിലപാട്‌. ഇന്ത്യയിലെ ലോകകപ്പ്‌ മത്സരങ്ങൾ കൊളംബോയിലേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഐസിസി വഴങ്ങിയില്ല. ഇന്ത്യയിൽ കളിക്കാനില്ലെങ്കിൽ ലോകകപ്പിൽനിന്ന്‌ പുറത്താക്കുമെന്ന മുന്നറിയിപ്പ്‌ നൽകി. ഇ‍ൗ സാഹചര്യത്തിൽ പാകിസ്ഥാൻ മാത്രം ബംഗ്ലാദേശിന്‌ അനുകൂലമായി നിന്നു. ദിവസങ്ങൾക്കുശേഷം പിസിബി തലവൻ പാക്‌ ടീം ഇന്ത്യയുമായി കളിക്കില്ലെന്ന സൂചന നൽകി. പിന്നാലെ പാക്‌ സർക്കാർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തതോടെ വിവാദം മറ്റൊരു തലത്തിലേക്ക്‌ മാറുകയായിരുന്നു.


ഏറെ ദിവസത്തെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ബഹിഷ്‌കരണ ഭീഷണി പാകിസ്ഥാൻ പിൻവലിച്ചതോടെയാണ് ഇന്ത്യയുമായുള്ള മത്സരം നടക്കാൻ പോകുന്നത്. രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിലും (ഐസിസി) പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡും (പിസിബി) നടത്തിയ ചർച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home