രോഹനും സഞ്ജുവും കോട്ടകെട്ടി; സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം

സഞ്ജു സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, എം ഡി നിധീഷ്
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് തകർപ്പൻ വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഒഡീഷയെ പത്ത് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.3 ഓവറിൽ ലക്ഷ്യത്തിലെത്തി.
രോഹൻ കുന്നുമ്മലിൻ്റെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിൻ്റെ വിജയത്തിന് മാറ്റു കൂട്ടിയത്. സഞ്ജു സാംസനും രോഹനും ചേർന്നുള്ള 177 റൺസിൻ്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടായിരുന്നു മത്സരത്തിൻ്റെ മറ്റൊരു സവിശേഷത. സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒഡീഷയ്ക്ക് ഓപ്പണർമാർ വേഗത്തിലുള്ള തുടക്കം തന്നെ നല്കി. സ്വസ്ഥിക് സമലും ഗൗരവ് ചൗധരിയും ചേർന്ന് 26 പന്തുകളിൽ 48 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അഞ്ചാം ഓവറിൽ നിധീഷ് ഇരുവരെയും പുറത്താക്കി. തുടർന്ന് മധ്യനിരയിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ ബിപ്ലവ് സമന്തരയും സംബിത് ബാരലും ചേർന്ന കൂട്ടുകെട്ടാണ് ഒഡീഷയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ബിപ്ലവ് 53ഉം സംബിത് 40ഉം റൺസെടുത്തു. ഇരുവരും ചേർന്ന് 79 റൺസ് കൂട്ടിച്ചേർത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാലും കെ എം ആസിഫ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസനും രോഹൻ കുന്നുമ്മലും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. അഞ്ചാം ഓവറിൽ തന്നെ കേരളത്തിൻ്റെ സ്കോർ അൻപത് കടന്നു. രോഹൻ തകർത്തടിച്ച് മുന്നേറിയപ്പോൾ മറുവശത്ത് സഞ്ജു മികച്ച പിന്തുണ നല്കി. ഒഡീഷ ക്യാപ്റ്റൻ ഏഴ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 10.3 ഓവറിൽ നൂറ് പിന്നിട്ട കേരളം 21 പന്തുകൾ ബാക്കി നിൽക്കെ അനായാസം ലക്ഷ്യത്തിലെത്തി.
60 പന്തുകളിൽ നിന്ന് 121 റൺസുമായി രോഹനും 41 പന്തുകളിൽ നിന്ന് 51 റൺസുമായി സഞ്ജുവും പുറത്താകാതെ നിന്നു. 22 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച രോഹൻ 54 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.
പത്ത് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു രോഹൻ്റെ ഇന്നിങ്സ്. സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടവും ഈ ഇന്നിങ്സിലൂടെ രോഹൻ സ്വന്തമാക്കി. ആറ് ഫോറും ഒരു സിക്സുമടക്കമാണ് സഞ്ജു 51 റൺസ് നേടിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ നേടിയ 177 റൺസ് ടൂർണ്ണമെൻ്റിൽ പുതിയൊരു റെക്കോഡും കുറിച്ചു. 2023ൽ ചണ്ഡീഗഢിന് വേണ്ടി മനൻ വോറയും അർജുൻ ആസാദും ചേർന്ന് നേടിയ 159 റൺസിൻ്റെ റെക്കോഡാണ് ഇരുവരും പഴങ്കഥയാക്കിയത്.









0 comments