ad
Deshabhimani

അമിതമായി ചിന്തിക്കുന്നില്ല, കിരീടമാണ് ദൗത്യം; പഞ്ചാബിന്റെ മുന്നേറ്റത്തെക്കുറിച്ച് ശ്രേയസ് അയ്യർ

sreyas ayyer

Photo Credit|AP

വെബ് ഡെസ്ക്

Published on Apr 18, 2026, 03:38 PM | 1 min read

മുംബൈ: ഐപിഎൽ 19-ാം പതിപ്പിൽ തോൽവി അറിയാതെയുള്ള കുതിപ്പ് തുടരുന്ന പഞ്ചാബ് കിങ്‌സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് നായകൻ ശ്രേയസ് അയ്യർ. സീസണിലെ മികച്ച ഫോം നിലനിർത്താൻ ടീമിന് സാധിക്കുന്നുണ്ടെന്നും എന്നാൽ അമിതമായി ആഹ്ലാദിക്കാതെ ഓരോ മത്സരത്തെയും ഗൗരവത്തോടെ കാണാനാണ് ടീം ആഗ്രഹിക്കുന്നതെന്നും അയ്യർ വ്യക്തമാക്കി.


ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് പഞ്ചാബ് നായകൻ മനസ്സ് തുറന്നത്.റിക്കി പോണ്ടിംഗ് എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ പുതിയ മുഖവുമായാണ് പഞ്ചാബ് കിങ്‌സ് ഈ സീസണിലിറങ്ങുന്നത്. ടൂർണമെന്റിൽ ഇതുവരെ തോൽവി നേരിടാത്ത ഏക ടീമും പഞ്ചാബാണ്.


കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തകർപ്പൻ വിജയം നേടിയപ്പോൾ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടീമിലെ ഒത്തൊരുമയും താരങ്ങളുടെ കൃത്യമായ പ്ലാനിംഗുമാണ് ഈ വിജയങ്ങൾക്ക് പിന്നിലെന്ന് അയ്യർ കൂട്ടിച്ചേർത്തു.


"കിരീടം നേടുക എന്നത് തന്നെയാണ് അന്തിമ ലക്ഷ്യം. എന്നാൽ ഭാവിയെക്കുറിച്ച് ചിന്തിച്ച് സമ്മർദ്ദത്തിലാകാതെ ഓരോ പന്തിലും ഓരോ ഓവറിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നമ്മൾ കളിക്കുന്നത് നമുക്ക് വേണ്ടിയാണ്, എതിരാളികൾക്ക് വേണ്ടിയല്ല എന്ന സന്ദേശമാണ് ഞാൻ സഹതാരങ്ങൾക്ക് നൽകുന്നത്.


കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകൾ തിരുത്തി ഓരോ ദിവസവും സ്വയം മെച്ചപ്പെടാനാണ് ടീം മുൻഗണന നൽകുന്നത്," ശ്രേയസ് അയ്യർ പറഞ്ഞു.അതിനിടെ, കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ ആധികാരിക വിജയം പഞ്ചാബിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.


ക്വിന്റൺ ഡി കോക്കിന്റെ സെഞ്ച്വറി കരുത്തിൽ മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം വെറും 16.3 ഓവറിലാണ് പഞ്ചാബ് മറികടന്നത്. പ്രഭ്‌സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും അർദ്ധസെഞ്ച്വറികളുമായി ബാറ്റിംഗിൽ തിളങ്ങിയപ്പോൾ, ബൗളിങ്ങിൽ അർഷ്ദീപ് സിങ് മുംബൈ നിരയെ തകർത്തു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും പഞ്ചാബിന് സാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home