സ്‌മൃതിമധുരം ; ഓസീസ് വനിതകളെ തകർത്ത് ഇന്ത്യ


Sports Desk
Published on Sep 18, 2025, 03:58 AM | 1 min read
മുല്ലൻപുർ (പഞ്ചാബ്)
സ്‌മൃതി മന്ദാനയുടെ സുന്ദര സെഞ്ചുറിയിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. ഓസ്‌ട്രേലിയയെ 102 റണ്ണിന് തകർത്തു. ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ദയനീയ തോൽവിയാണ്. ജയത്തോടെ ഇന്ത്യ പരന്പരയിൽ ഒപ്പമെത്തി (1–1).
ഏകദിന ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കെയുള്ള വിജയം ടീമിന് ആത്മവിശ്വാസം പകരും. 18 വർഷത്തിനുശേഷമാണ് ഇന്ത്യ നാട്ടിൽ ഓസീസിനെതിരെ വിജയം നേടുന്നത്. സ്‌കോർ: ഇന്ത്യ 292 (49.5), ഓസീസ് 190 (40.5).
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്കായി വൈസ് ക്യാപ്‌റ്റനായ സ്‌മൃതി 12–ാം സെഞ്ചുറി നേടി. 77 പന്തിൽ 100 കടന്ന ഓപ്പണർ 91 പന്തിൽ 117 റണ്ണെടുത്തു. 14 ഫോറും നാല് സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. മികച്ച സ്‌കോർ ഒരുക്കാൻ ദീപ്‌തി ശർമയും (40) റിച്ചാ ഘോഷും (29) ബാറ്റുയർത്തി. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ 17 റണ്ണിന് പുറത്തായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനായി എല്ലിസെ പെറിയും (44) അന്നബെൽ സതർലാൻഡും (45) പൊരുതി. ക്യാപ്റ്റൻ അലീസ ഹീലി (9), ബെത് മൂണി (18), ആഷ്ലി ഗാർഡ്നർ (17) എന്നിവർക്ക് വലിയ സ്--കോർ സാധ്യമായില്ല.
ഇരുപത്തിരണ്ടുകാരിയായ പേസർ ക്രാന്തി ഗൗഡ് ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്തു. ദീപ്‌തി ശർമക്ക് രണ്ട് വിക്കറ്റുണ്ട്. അവസാന മത്സരം ശനിയാഴ്‌ച നടക്കും.









0 comments