ഷാക്കിബ് അൽ ഹസൻ മടങ്ങിയെത്തണം; 2027 ലോകകപ്പ് ലക്ഷ്യമിട്ട് ഹബീബുൾ ബാഷറുടെ മാസ്റ്റർ പ്ലാൻ

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ദേശീയ സെലക്ഷൻ പാനൽ ചെയർമാനായി മുൻ നായകൻ ഹബീബുൾ ബാഷർ ചുമതലയേറ്റു. തീരുമാനങ്ങൾ എടുക്കുമ്പോൾ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും സ്വന്തം മനസ്സാക്ഷി പറയുന്നത് അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസി അഷ്‌റഫ് ഹൊസൈന് പകരമാണ് ബാഷർ ഈ നിർണായക പദവിയിലെത്തുന്നത്. വിമർശനങ്ങളെയോ ട്രോളുകളെയോ ഭയപ്പെടുന്നില്ലെന്നും ടീമിന്റെ ഗുണത്തിനായാകും പ്രഥമ പരിഗണനയെന്നും അദ്ദേഹം ആദ്യ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2027 ൽ നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് ബംഗ്ലാദേശ് ടീമിനെ നേരിട്ട് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ബാഷർ അറിയിച്ചു. നിലവിൽ ഐസിസി റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തുള്ള ബംഗ്ലാദേശിനെ ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തിക്കാനാണ് ശ്രമം.
സൂപ്പർ താരം ഷാക്കിബ് അൽ ഹസന്റെ കാര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് സെലക്ഷൻ കമ്മിറ്റിക്കുള്ളത്. ഒരു പരമ്പരയിലേക്ക് മാത്രമായി താരത്തെ ഉൾപ്പെടുത്താൻ താൽപ്പര്യമില്ലെന്നും 2027 ലോകകപ്പ് വരെ ഷാക്കിബിന്റെ സേവനം ലഭ്യമാകുന്ന രീതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഹ്ദി ഹസൻ മിറാസ് നയിക്കുന്ന ടീമിനെ കരുത്തുറ്റതാക്കാൻ കൂടുതൽ യുവതാരങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഒരു പ്ലെയർ പൂൾ തയ്യാറാക്കുമെന്നും ബാഷർ വ്യക്തമാക്കി.










0 comments