ലീഗ് ക്രിക്കറ്റ് ഭൂപടത്തിലേക്ക് സൗദി അറേബ്യ, ആദ്യ ഔദ്യോഗിക ട്വന്റി 20 ലീഗ് പ്രഖ്യാപിച്ചു; യുവരാജ് സിങ് അംബാസഡർ

Photo Credit: Social Media
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീഷണിയും സംഘർഷാവസ്ഥയും നിലനിൽക്കുമ്പോഴും, അതിനെയെല്ലാം അതിജീവിച്ച് രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക പുരുഷ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുമായി മുന്നോട്ട് പോകാൻ സൗദി അറേബ്യ.
'ഡ്യൂൺസ് ട്വന്റി 20' എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ ലീഗ് വരും ഒക്ടോബറിൽ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രൊഫഷണൽ ക്രിക്കറ്റ് രംഗത്തേക്ക് രാജ്യം നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ചുവടുവെപ്പുകൂടിയാണിത്.
സൗദി അറേബ്യ ക്രിക്കറ്റ് ഫെഡറേഷൻ, 'സൗത്ത് ഏഷ്യൻ നെറ്റ്‌വർക്ക്' എന്ന എന്റർടൈൻമെന്റ് കമ്പനി, യുണീക് സ്‌പോർട്‌സ്, പ്രോലിതിക് എന്നീ രണ്ട് പ്രമുഖ സ്‌പോർട്‌സ് ഏജൻസികൾ എന്നിവർ സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്.
ആഗോള കായിക ഭൂപടത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള സൗദിയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് ഈ ടൂർണമെന്റ്. അതേസമയം, സൗദി അറേബ്യയുടെ ഔദ്യോഗിക പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി ഈ ലീഗിന് നേരിട്ട് ബന്ധമില്ല.
തന്ത്രപരമായ പുനഃക്രമീകരണങ്ങളുടെ ഭാഗമായി പിഐഎഫ് കായിക നിക്ഷേപങ്ങൾ വെട്ടിച്ചുരുക്കുന്നതിനിടയിലാണ് ക്രിക്കറ്റ് ഫെഡറേഷന്റെ ഈ പുതിയ നീക്കം.
ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിലേക്ക് ആഗോള ട്വന്റി-20 ക്രിക്കറ്റിലെ വമ്പൻ താരങ്ങളെയാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് താരങ്ങളായ അലക്സ് ഹെയ്ൽസ്, ജേസൺ റോയ്, ജെയിംസ് വിൻസ്, മൊയീൻ അലി തുടങ്ങിയ പ്രമുഖരെ ടൂർണമെന്റിലേക്ക് ആകർഷിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
മുൻ ഇന്ത്യൻ ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിങ് ലീഗിന്റെ ഔദ്യോഗിക അംബാസഡറായി ഇതിനകം തന്നെ കരാറൊപ്പിട്ടുകഴിഞ്ഞു. ജിദ്ദയ്ക്ക് സമീപം 4,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള തായിഫ് ക്രിക്കറ്റ് ഗ്രൗണ്ടാണ് മത്സരങ്ങൾക്കായി പരിഗണിക്കുന്നത്.
ഭാവിയിൽ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി സൗദിയിൽ ഒരു വൻകിട ഫ്രാഞ്ചൈസി ടൂർണമെന്റ് കെട്ടിപ്പടുക്കുന്നതിനുള്ള പ്രാരംഭ നടപടിയായാണ് ഈ ലീഗിനെ കാണുന്നത്.
കേവലം ക്രിക്കറ്റിനപ്പുറം, സൗദി അറേബ്യയുമായി മറ്റ് മേഖലകളിൽ ബിസിനസ്സ് പങ്കാളിത്തം വ്യാപിപ്പിക്കാൻ താല്പര്യമുള്ള നിക്ഷേപകരെയാണ് ഫ്രാഞ്ചൈസി ഉടമകളായി സംഘാടകർ ക്ഷണിക്കുന്നത്.
ഇന്ത്യ, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വൻകിട സംരംഭകർ ലീഗിൽ നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
മേഖലയിലെ സുരക്ഷാ ആശങ്കകളെത്തുടർന്ന് ലോകത്തെ മുൻനിര വനിതാ താരങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന 'വുമൺസ് വേൾഡ് ട്വന്റി 20 ചലഞ്ച്' അടുത്തിടെ 2027-ലേക്ക് മാറ്റിവെച്ചിരുന്നു.
എങ്കിലും, മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വഷളാകാതിരുന്നാൽ ടൂർണമെന്റിനായി സൗദിയിലേക്ക് യാത്ര ചെയ്യാൻ തയ്യാറാണെന്ന് പുരുഷ താരങ്ങൾ സംഘാടകർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
ഐസിസി ട്വന്റി 20 റാങ്കിംഗിൽ നിലവിൽ 32-ാം സ്ഥാനത്തുള്ള സൗദി അറേബ്യയ്ക്ക് ഈ ടൂർണമെന്റ് വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.









0 comments