സിംബാബ്‌വെ മുൻ വനിതാ താരവും രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ സാറ ഡംബനേവന അന്തരിച്ചു

ഹരാരെ: സിംബാബ്‌വെയുടെ മുൻ പേസ് ബൗളറും രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ സാറ ഡംബനേവന (36) അന്തരിച്ചു. തിങ്കളാഴ്ച ഹരാരെയിലായിരുന്നു അന്ത്യം. മാർച്ചിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് സിംബാബ്‌വെ ക്രിക്കറ്റ് അറിയിച്ചു.
2023 സെപ്റ്റംബർ രണ്ടിനാണ് സാറയുടെ രാജ്യാന്തര അംപയറിങ് കരിയറിന് തുടക്കമായത്. 2024-ലെ വനിതാ ട്വന്റി 20 ലോകകപ്പിലും 2025-ലെ വനിതാ ഏകദിന ലോകകപ്പിലും അംപയറായി സേവനമനുഷ്ഠിച്ചു. 2025-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന വനിതാ ഏകദിന ലോകകപ്പിൽ വനിതകൾ മാത്രമടങ്ങിയ അംപയർ സംഘത്തിന്റെ ഭാഗമായിരുന്നു.
2023-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ-19 വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനലിൽ അംപയറായതോടെ ലോകകപ്പ് ഫൈനലിൽ ഈ പദവിയിലെത്തുന്ന ആദ്യ സിംബാബ്‌വെ വനിതയെന്ന നേട്ടവും അവർ സ്വന്തമാക്കി.
63 സീനിയർ രാജ്യാന്തര മത്സരങ്ങളിൽ സാറ അംപയറിങ് നിർവഹിച്ചു. ഇതിൽ 42 വനിതാ ട്വന്റി 20 മത്സരങ്ങളും 11 വനിതാ ഏകദിനങ്ങളും 10 പുരുഷ ട്വന്റി 20 മത്സരങ്ങളും ഉൾപ്പെടുന്നു. 2009 മുതൽ 2014 വരെ സിംബാബ്‌വെ താരമായും കളിച്ച അവർ 2011-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും പങ്കെടുത്തു. 2022-ൽ ഐസിസിയുടെ അംപയർ വികസന പാനലിൽ ഇടംനേടി.
സാറയുടെ വിയോഗം സിംബാബ്‌വെ ക്രിക്കറ്റിന് വലിയ നഷ്ടമാണെന്ന് ക്രിക്കറ്റ് ബോർഡ് ചെയർമാൻ തവെങ്‌വ മുകുഹ്‌ലാനി അനുസ്മരിച്ചു. അവരുടെ നേട്ടങ്ങൾ ക്രിക്കറ്റിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവ വനിതകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.








0 comments