സഞ്ജുവിനെ ഇറക്കുമോ എന്ന് സൂര്യകുമാറിനോട് ചോദ്യം; പകരം ആരെ മാറ്റുമെന്ന് മറുപടി

സഞ്ജു സാംസണ്‍, സൂര്യകുമാർ യാദവ്
മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് കടന്നെങ്കിലും ഇന്ത്യൻ ടീമിൽ ആശങ്കകളേറെയുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിൽ നാല് കളിയും ആധികാരികമായാണ് ജയിച്ചത്. എന്നാൽ ബാറ്റർമാരുടെ പോരായ്‌മ നിഴലിച്ചുകണ്ടു. പ്രത്യേകിച്ച് അഭിഷേക് ശർമയുടെ ഫോം ഇല്ലായ്മ. മൂന്ന് കളിയിലും റണ്ണെടുക്കാതെ മടങ്ങുകയായിരുന്നു അഭിഷേക്.
ഇതോടെ, വരും മത്സരങ്ങളിലെങ്കിലും മലയാളി താരം സഞ്ജു സാംസണെ ഇറക്കുമോ ചോദ്യം പലകോണുകളിൽനിന്നും ഉയർന്നു. സഞ്ജു കളിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്. അഭിഷേക് ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോഴാണ് നമീബിയയ്ക്ക് എതിരെ സഞ്ജു കളിച്ചത്. മീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് മലയാളി താരം നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ സ്ഥിരമായി പുറത്തിരുകയും അഭിഷേകിന് തുടർച്ചയായി തെളിയാനുള്ള അവസരം നൽകുകയും ചെയ്യുന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോൾ ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.
സൂപ്പർ എട്ട് മത്സരങ്ങളിൽ സഞ്ജുവിനെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് മറുചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ക്യാപ്റ്റൻ പ്രതികരിച്ചത്. “ അപ്പോൾ അഭിഷേകിന് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്?"- എന്നായിരുന്നു സൂര്യകുമാറിന്റെ ആദ്യമറുപടി. ഓപ്പണറായല്ല, മൂന്നാം നമ്പറിൽ സഞ്ജുവിനെ ഇറക്കാമല്ലോ എന്ന് മാധ്യമപ്രവർത്തകൻ മറുപടി നൽകിയപ്പോൾ, “അപ്പോൾ തിലക് വർമയ്ക്ക് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ?" എന്ന് ചോദിച്ച് സൂര്യകുമാർ ചിരിയോടെ അത് തള്ളി.
“കഴിഞ്ഞ വർഷം അഭിഷേക് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോൾ അവനെ പിന്തുണയ്‌ക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അവനെതിരെ കളിക്കാൻ പോകുന്ന ടീമുകളെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. അവൻ ഇതുവരെ റൺസ് എടുത്തിട്ടില്ല എന്നത് അവർക്കും ഭീതിയുണ്ടാക്കും. അവൻ റൺസ് എടുക്കാൻ തുടങ്ങിയാൽ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾ കണ്ടിട്ടുള്ളതാണ്. ഇതൊരു ടീം ഗെയിമാണ്, ഇത്തരം ഘട്ടങ്ങൾ സ്വാഭാവികമാണ്." - സൂര്യകുമാർ യാദവ് കൂട്ടിചേർത്തു.
വെള്ളിയാഴ്ച നെറ്റ്‌സിൽ സഞ്ജു ദീർഘനേരം പരിശീലനം നടത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഫെബ്രുവരി 22ന് അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് സൂര്യകുമാർ ഉറപ്പിച്ചു പറഞ്ഞു.
ഞായറാഴ്‌ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ കളി. 26ന് സിംബാബ്‌വേയെയും മാർച്ച് ഒന്നിന് വെസ്‌റ്റിൻഡീസിനെയും നേരിടും.










0 comments