കീപ്പർ ധോണി തന്നെയോ? ഫീൽഡിങ് പരിശീലനം നടത്തി സഞ്ജു

ചെന്നൈ: സിഎസ്കെ ക്യാമ്പിൽ നിന്നുള്ള സഞ്ജു സാംസണിന്റെ പരിശീലന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് രവിചന്ദ്രൻ അശ്വിൻ നടത്തിയ നിരീക്ഷണം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഔട്ട്ഫീൽഡിൽ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകൾ ഇല്ലാതെ അതീവ ശ്രദ്ധയോടെ ഹൈ ക്യാച്ചുകൾ പരിശീലിക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങളാണ് അശ്വിൻ പങ്കുവെച്ചത്.
ഫീൽഡിംഗ് കോച്ച് ജയിംസ് ഫോസ്റ്ററുടെ കീഴിൽ സഞ്ജു നടത്തുന്ന ഈ പരിശീലനം വെറുമൊരു വാം അപ്പ് മാത്രമല്ലെന്നും, ബൗണ്ടറി ലൈനിന് അരികെ പന്തുകൾ പിടിക്കുന്നതിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അശ്വിൻ കുറിച്ചു. "ഇതൊരു സൂചനയാണോ അതോ പതുക്കെ താളം കണ്ടെത്തുകയാണോ?" എന്ന ചോദ്യത്തോടെ അശ്വിൻ പങ്കുവെച്ച എക്സ് പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി.
രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജുവിന്റെ മാറ്റത്തിന് പിന്നാലെ, എം.എസ് ധോണിയിൽ നിന്ന് അദ്ദേഹം കീപ്പിംഗ് ചുമതലകൾ ഏറ്റെടുക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. 44 വയസ്സുകാരനായ ധോണി തന്റെ കരിയറിലെ അവസാന സീസണിലേക്ക് കടക്കുമ്പോൾ, സഞ്ജു തന്നെയാകും വിക്കറ്റിന് പിന്നിലെ സ്വാഭാവിക പകരക്കാരൻ എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അശ്വിന്റെ പോസ്റ്റ് ശരിയാണെങ്കിൽ, ധോണി തന്നെ വിക്കറ്റ് കീപ്പറായി തുടരാനും സഞ്ജു ഒരു സ്പെഷ്യലിസ്റ്റ് ഔട്ട്ഫീൽഡറായി കളിക്കാനുമാണ് സാധ്യത.
ലോകകപ്പിലെ മിന്നും പ്രകടനവും സഞ്ജുവിന്റെ മാറ്റവും
2026-ലെ ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം നേടിയ ശേഷമാണ് സഞ്ജു ചെന്നൈ ക്യാമ്പിലെത്തുന്നത്. ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണ്ണായകമായ അവസാന മൂന്ന് മത്സരങ്ങളിലും സഞ്ജു തുടർച്ചയായ അർദ്ധ സെഞ്ചുറികൾ നേടിയിരുന്നു. സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇതിനോടകം തെളിയിക്കപ്പെട്ടതാണ്.
മികച്ചൊരു അത്‌ലറ്റായ സഞ്ജു ഫീൽഡിംഗിലും അസാമാന്യ മികവ് പുലർത്തുന്ന താരമാണ്. അതുകൊണ്ട് തന്നെ വിക്കറ്റ് കീപ്പിംഗിന്റെ ഭാരമില്ലാതെ ബാറ്റിംഗിലും ഫീൽഡിംഗിലും സഞ്ജുവിന്റെ പൂർണ്ണ പ്രകടനം പുറത്തെടുക്കാനാകും സി.എസ്.കെ ലക്ഷ്യമിടുന്നത്. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായാണ് സഞ്ജുവിനെ സിഎസ്കെ ടീമിലെത്തിച്ചത് എന്നത് അദ്ദേഹത്തിന് ടീം നൽകുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നു.
മാർച്ച് 30 ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് സഞ്ജുവിന്റെ ചെന്നൈ അരങ്ങേറ്റം. അന്ന് അശ്വിൻ ഉയർത്തിയ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.










0 comments